Monday, July 15, 2013

പെട്രോള്‍ വില വീണ്ടും കൂട്ടി

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. ലിറ്ററിന് 1.55 രൂപയാണ് കൂട്ടിയത്. നികുതിയും മറ്റും ചേരുമ്പോള്‍ വര്‍ധന രണ്ടുരൂപയിലേറെ വരും. പുതിയ നിരക്ക് ഞായറാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഒന്നരമാസത്തിനിടെ നാലാംതവണയാണ് വിലവര്‍ധന. ഡീസല്‍ വിലയിലും ഉടന്‍ വര്‍ധനയുണ്ടാകുമെന്ന് എണ്ണകമ്പനികള്‍ സൂചിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 73 രൂപയായി. ജൂണ്‍ ഒന്നിന് 75 പൈസയും 16ന് രണ്ടു രൂപയും 29ന് 1.82 രൂപയും കൂട്ടി. ഒന്നരമാസത്തിനിടെ ലിറ്ററിന് 5.87 രൂപയുടെ വര്‍ധന. രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍ വില പുനഃപരിശോധിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ചയാണ് വിലയില്‍ മാറ്റം വരുത്തേണ്ടിയിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പേ നിരക്കുവര്‍ധന ഈടാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു. പെട്രോളിയം വകുപ്പ് അനുമതിയും നല്‍കി.

രൂപയുടെ വിലയിടിവും അന്താരാഷ്ട്രവിപണിയിലെ ക്രൂഡോയില്‍ വിലവര്‍ധനയുമാണ് പെട്രോള്‍ വില വീണ്ടും കൂട്ടാന്‍ കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം. ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില്‍പ്പന വഴി വന്‍നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വാദം. നടപ്പുസാമ്പത്തികവര്‍ഷം നഷ്ടം 1.18 ലക്ഷം കോടിയാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. ജൂണ്‍ ഒന്നിന് ഡീസല്‍ വില 50 പൈസ കൂട്ടിയിരുന്നു. ഉടന്‍ മറ്റൊരു വര്‍ധന കൂടി ഉണ്ടാകുമെന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ ലിറ്ററിന് ഒരു രൂപയോളം വര്‍ധിച്ചേക്കും. ഇതുവരെ അഞ്ചുവട്ടമാണ് ഡീസല്‍ വില കൂട്ടിയത്. ഡീസലിന്റെ ഇറക്കുമതി വിലയും ആഭ്യന്തര വില്‍പ്പന വിലയുമായുള്ള അന്തരമാണ് എണ്ണക്കമ്പനികള്‍ നഷ്ടമായി അവതരിപ്പിക്കുന്നത്. മണ്ണെണ്ണ വില്‍പ്പനയില്‍ ലിറ്ററിന് 30.53 രൂപയും എല്‍പിജി വില്‍പ്പനയില്‍ സിലിണ്ടറിന് 368.50 രൂപയുടെ നഷ്ടവും എണ്ണകമ്പനികള്‍ അവകാശപ്പെടുന്നു. പെട്രോള്‍ വിലവര്‍ധനയ്ക്ക് പിന്നാലെ ഡീസല്‍ വിലവര്‍ധന കൂടിയാകുമ്പോള്‍ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ചരക്ക്- യാത്രാനിരക്കുകളും കൂടും. കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പെട്രോളിയം വിപണിയിലെ വിലമാറ്റങ്ങള്‍ കടുത്ത ആഘാതമുണ്ടാക്കും.

deshabhimani

No comments:

Post a Comment