Wednesday, July 17, 2013

ആശ്രയ ട്രസ്റ്റിന് പണം ലഭിച്ചതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കോടിയേരി

തട്ടിപ്പുകമ്പനിയായ ടീം സോളാറില്‍നിന്ന് ആശ്രയ ട്രസ്റ്റിന് പണം ലഭിച്ചതെന്തിനെന്ന് ട്രസ്റ്റ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സോളാര്‍ കമ്പനിക്ക് ഒരു സഹായവും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. എന്നാല്‍, പുതുപ്പള്ളിയിലെ ആശ്രയ ട്രസ്റ്റിന് ടീം സോളാര്‍ കമ്പനി പണം നല്‍കിയതിന്റെ വിവരം പുറത്തുവന്നു. ഈ പണം എന്തിനുവേണ്ടി ലഭിച്ചെന്ന് വിവരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിക്കൂട്ടിലായ ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തട്ടിപ്പിന്റെ പങ്ക് പറ്റിയ ആള്‍ മുഖ്യമന്ത്രിയായി തുടരുന്നത് അപമാനമാണ്. തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന്് ജോപ്പനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍, ഇതേ കുറ്റംചെയ്ത മുഖ്യമന്ത്രിയെ കേസില്‍ പ്രതിയാക്കുന്നില്ല. ചോദ്യം ചെയ്യുന്നില്ല. തട്ടിപ്പ് തെളിയിക്കാനാണ് താന്‍ കസേരയില്‍ തുടരുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അവകാശം. എന്നാല്‍, സത്യം മൂടിവച്ച് അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി കസേര ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജിക്കായി കേരളമാകെ പ്രക്ഷോഭത്തിലാണ്. പൊലീസിനെയും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെയും ഉപയോഗിച്ച് പ്രക്ഷോഭം തകര്‍ക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്.

പുതുപ്പള്ളിയില്‍നിന്ന് ഗുണ്ടകളെ തലസ്ഥാനത്തെത്തിക്കുന്നു. വനിതകളെയും വെറുതെ വിടുന്നില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെ തെരഞ്ഞുപിടിച്ച് തിരിച്ചടിക്കാനുള്ള ശേഷി പ്രസ്ഥാനത്തിനുണ്ട്. അത്തരമൊരു സ്ഥിതിയിലേക്ക് എല്‍ഡിഎഫിനെ വലിച്ചിഴയ്ക്കുന്നത് ആപല്‍ക്കരമായിരിക്കും. ഗ്രനേഡും ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിയുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ യുവജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു. റിമാന്‍ഡില്‍ കഴിയുന്ന തട്ടിപ്പുകാരി സരിതയ്ക്ക് കസ്റ്റഡിയിലും ഫോണ്‍ചെയ്യാന്‍ അവസരമൊരുക്കുകയാണ്. പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിനെ രക്ഷപ്പെടുത്തുന്നതും പൊലീസാണ്. എന്നാല്‍, തട്ടിപ്പു സംഘത്തിനെതിരെ പ്രതിഷേധിക്കുന്ന യുവജന പ്രവര്‍ത്തകരെ കോടതിയിലും വിലങ്ങണിയിച്ച് ഹാജരാക്കുന്നത് ഇതേ പൊലീസാണ്. രണ്ട് തരത്തിലുള്ള നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. നിയമം വിട്ട് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം പിന്നീട് മറുപടി പറയേണ്ടിവന്ന കാര്യം മറക്കരുതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

deshabhimani

No comments:

Post a Comment