Saturday, August 31, 2013

എസ്എഫ്ഐ ഡല്‍ഹി മാര്‍ച്ച് സെപ്തംബര്‍ 10ന്

വിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റ്വല്‍ക്കരിക്കുന്ന യുപിഎ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 10ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയെ പൂര്‍ണമായും കോര്‍പറേറ്റ് ശക്തികള്‍ക്ക് അടിയറ വയ്ക്കുകയാണ്. ജിഡിപിയുടെ ആറ് ശതമാനവും മൊത്തം ബജറ്റിന്റെ കുറഞ്ഞത് 10 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവയ്ക്കണം. വിദ്യാര്‍ഥികള്‍ തന്നെ അവരുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കണമെന്ന സമീപനം ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാകില്ല. കോര്‍പറേറ്റുകള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും കൊള്ളലാഭം കൊയ്യാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്നു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ മൂലധന നിക്ഷേപത്തിന് അവസരമൊരുക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. അക്കാദമിക് സമൂഹത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് യുജിസി, സിഎസ്ഐആര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് പണം പല നിലയില്‍ സ്വകാര്യസംരഭകര്‍ കൈയടക്കുകയാണെന്നും ശിവദാസന്‍ പറഞ്ഞു. എസ്എഫ്ഐയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ ആയുധങ്ങളുമായി നേരിടുകയാണ് ബിജെപിയും ആര്‍എസ്എസും. തിരുവനന്തപുരത്ത് എസ്എഫ്ഐ അമരവിള ലോക്കല്‍ പ്രസിഡന്റ് സജിന്‍, ഏരിയ കമ്മിറ്റി അംഗം സുബാഷ് എന്നിവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്്. ഇത്തരം ആക്രമണങ്ങളെ ജനാധിപത്യശക്തികളുടെ പിന്തുണയോടെ ചെറുത്തുതോല്‍പ്പിക്കുമെന്നും ശിവദാസന്‍ പറഞ്ഞു.

ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് പറഞ്ഞു. ഓര്‍മ പരീക്ഷ വീണ്ടും കൊണ്ടുവരുന്നത് ദേശീയ സംസ്ഥാന പാഠ്യപദ്ധതികളുടെ ലംഘനമാണ്. ഓണമടുത്തിട്ടും സ്കൂള്‍ പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഓണത്തിന് അഞ്ച് കിലോ അരി നല്‍കുന്നതും നിലയ്ക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്തംബര്‍ രണ്ടിന് സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സെപ്തംബര്‍ മൂന്നിന് കേരളത്തിലെ കലാലയങ്ങളില്‍ "കലാലയ സംരക്ഷണ കൂട്ടായ്മ" സംഘടിപ്പിക്കുമെന്നും ബിനീഷ് പറഞ്ഞു. എ എം അന്‍സാരി, പ്രസിഡന്റ് എം ആര്‍ സിബി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment