Wednesday, September 25, 2013

സ്വര്‍ണക്കടത്ത് കേസ്; നിയമം നിയമത്തിന്റെ വഴിക്കെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കുറ്റം ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കുറ്റം ചെയ്യാത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. പാമൊലിന്‍ കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ 2007ല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല. പാമൊലിന്‍ കേസില്‍ യുഡിഎഫ് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ കത്തിന് മറുപടി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാനപനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഏഷ്യന്‍ സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡലുകള്‍ നേടിയവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വെള്ളി നേടിയവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും വെങ്കലം നേടിയവര്‍ക്ക് മുപ്പതിനായിരം രൂപ വീതവും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ കേരള താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി ജെയിംസ് വര്‍ഗീസിനെയും കെഎസ്ഐഡിസി എംഡിയായി പി എച്ച് കുര്യനെയും പൊതുഭരണ സെക്രട്ടറിയായി ടോം ജോസിനെയും നിയമിച്ചു.

നാല് ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായും ഫയാസിന് ബന്ധം

സ്വര്‍ണ്ണക്കടത്ത്കേസില്‍ പിടിയിലായ മുഖ്യപ്രതി ഫയാസിന് സംസ്ഥാനത്തെ നാല് കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം. പെണ്‍വാണിഭ സംഘങ്ങളുമായും അടുത്ത ബന്ധമുള്ള ഫയാസ് നേതാക്കള്‍ക്ക് വേണ്ടി വിദേശത്ത് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതായും പറയുന്നു. പല കേസുകളില്‍നിന്നും ഫയാസിനെ രക്ഷിച്ചിട്ടുള്ളത് കോണ്‍ഗ്രസ് നേതാക്കളാണ് എന്നും പറയുന്നു. മിസ് സൗത്ത് ഇന്ത്യ ശ്രാവ്യ സുധാകരുമായും ഫയാസിന് അടുത്ത ബന്ധമുണ്ട്. ഫയാസ് തന്റെ ഫോണില്‍നിന്ന് ശ്രാവ്യയെ നിരവധി തവണ വിളിച്ചതിന്റെ രേഖകള്‍ കസ്റ്റംസിന് ലഭിച്ചു.

സ്വര്‍ണ്ണക്കടത്തില്‍ ഫയാസിന്റെ കൂട്ടാളി അഷറഫിന്റെ കണ്ണൂര്‍ തലശ്ശേരിയിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. അഷറഫാണ് കള്ളക്കടത്തിനുള്ള പണം മുടക്കിയതെന്ന് കരുതുന്നു. ജിഎം സ്വിച്ചസിന്റെ കേരളത്തിലെ തവിതരണക്കാരനായ അഷ്റഫിന്റെ തലശ്ശേരി കൊടുവള്ളി കുയ്യാലിയിലെ എം സി എന്‍ക്ലേവിലെ ഫ്ളാറ്റിലും അഷറഫിന്റെ പാനൂരിലെ ഭാര്യവീട്ടിലും കസ്റ്റംസ് ബുനാഴ്ച റെയ്ഡ് നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്കും ഹവാല റാക്കറ്റുമായും ഫയാസുമായി അടുത്ത ബന്ധമുണ്ടെന്നത് ചൊവ്വാഴ്ചതന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം 30 കിലോ സ്വര്‍ണം ഫയാസ് കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്.അറസ്റ്റിലാകും മുമ്പ് ഫയാസ് വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെയാണെന്നും പറയുന്നു.

ഫയാസിലെ ബുധനാഴ്ച പത്തരയോടെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കി. ഒക്ടോബർ ഒന്നുവരെ കോടതി റിമാണ്ട് നീട്ടി. തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദ്ദിചെന്ന പരാതി പരിശോധിക്കാൻ ആലുവയിലെ സെക്കണ്ട് ക്ലാസ്  മജിസ്ട്രേട്ട് കോടതിക്കു നിർദേശം നല്കി. കഴിഞ്ഞ മാസം ചെന്നൈയിൽ സ്വര്‍ണ്ണക്കടത്ത് കേസിൽ പിടിയിലായ ഹബീബ് റഹ്മാനുമായും ഫയാസിനു ബന്ധമുള്ളതായി കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്.

. അതേ സമയം കേസുമായി ബന്ധപ്പെട്ട രണ്ട് കസ്റ്റംസ് ഓഫിസര്‍മാരെ സ്ഥലം മാറ്റി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡപ്യൂട്ടി കമ്മീഷണറായിരുന്ന സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരേയുമാണ് സ്ഥലം മാറ്റിയത്.

ഒദ്യോഗിക യൂണിഫോമില്‍ ഫയാസിന്റെ ആഡംബര ബൈക്കില്‍ കയറിയിരുന്ന സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ് പി സുനില്‍ജേക്കബിനെതിരെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. എന്നാല്‍ മുന്‍പ് ഒരു കേസില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ഫയാസിന്റെ ബൈക്കില്‍ കൗതുകം തോന്നിയാണ് കയറിയിരുന്നതെന്ന് സുനില്‍ജേക്കബ് പറയുന്നു.

deshabhimani

No comments:

Post a Comment