Saturday, September 28, 2013

സോണിയയുടെ ചെലവ് കോണ്‍ഗ്രസ് വഹിക്കണം: വി എസ്

സോണിയാഗാന്ധിയുടെ സന്ദര്‍ശനത്തിന് ചെലവാകുന്ന തുക മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന "ഭൂരഹിതരില്ലാത്ത കേരളം", "ആരോഗ്യ കിരണ്‍" എന്നീ പരിപാടികളുടെ ഉദ്ഘാടനത്തിനായാണ് സോണിയാഗാന്ധി തിരുവനന്തപുരത്ത് എത്തുന്നത്. ഈ പരിപാടികളുടെ ഉദ്ഘാടകയാകാനുള്ള ഔദ്യോഗിക പദവികളൊന്നും സോണിയാഗാന്ധിക്ക് ഇല്ല. മാത്രമല്ല, ഈ രണ്ടു പരിപാടികളും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടികളാണുതാനും.

ഇതില്‍ ആരോഗ്യകിരണ്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചതുമാണ്. അങ്ങനെ ഒരു തരത്തിലും സോണിയാഗാന്ധിക്ക് വരാന്‍ യോഗ്യതയില്ലാത്ത പരിപാടികള്‍ക്കായി അവരുടെ വിമാനയാത്ര, സുരക്ഷാ സംവിധാനം, കൂറ്റന്‍ പന്തലുകള്‍, പ്രചാരണ ബോര്‍ഡുകള്‍ തുടങ്ങിയ ഇനങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്.

ജനങ്ങളുടെ പൊതുപണം ഇങ്ങനെ ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനവും പ്രോട്ടോക്കോള്‍ ലംഘനവുമാണ്. ഇത്തരം പ്രോട്ടോക്കോളും ചട്ടങ്ങളും പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താന്‍ ബാധ്യതയുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇതു പരിശോധിക്കണ മെന്നും, ചെലവാക്കപ്പെടുന്ന പണം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്ന് ഈടാക്കാന്‍ നടപടിയെടുക്കണമെന്നും വി. എസ്. ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment