Tuesday, September 24, 2013

വിവാഹപ്രായം: പ്രക്ഷോഭവുമായി മഹിളാ അസോസിയേഷന്‍

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന മതസംഘടനാ നേതാക്കളുടെ ആവശ്യത്തിനെതിരെ വിപുലമായ പ്രചാരണപരിപാടി സംഘടിപ്പിക്കാന്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വിവാഹപ്രായം 18 വയസ്സില്‍നിന്ന് കുറയ്ക്കുന്നത് കുട്ടികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. മുസ്ലിംലീഗിന്റെ ഉന്നതനേതാക്കളടക്കം ചേര്‍ന്നാണ് ഈ സാമൂഹ്യതിന്മയെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനെതിരെ എല്ലാ ഏരിയയിലും സെമിനാറുകള്‍ സംഘടിപ്പിച്ച് ആശയപ്രചാരണം നടത്താനും എല്ലാ പ്രദേശങ്ങളില്‍നിന്നും ഒപ്പ് ശേഖരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചുകൊടുക്കുന്നതിനും തീരുമാനിച്ചു. ഈ വിഷയത്തില്‍ വിപുലമായ പ്രക്ഷോഭ പ്രചാരണപരിപാടി സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് ടി എന്‍ സീമയും സെക്രട്ടറി കെ കെ ശൈലജയും അറിയിച്ചു.

വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കം ചെറുക്കുക: കെ കെ ശൈലജ

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറയ്ക്കാനുള്ള നീക്കത്തെ ജനാധിപത്യവിശ്വാസികളും മനുഷ്യസ്നേഹികളും ഇടപെട്ട് തടയണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വ്യക്തിത്വവികസനം, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് വിവാഹപ്രായം പതിനെട്ടാക്കിയത്. ഇത് എല്ലാ സമുദായത്തിനും ബാധകമാണ്. കേരളത്തിലെ സംസ്കാരസമ്പന്നരായ ജനങ്ങളെല്ലാം വിവാഹപ്രായം പതിനെട്ടാക്കുന്നതിനാണ് താല്‍പ്പര്യപ്പെടുന്നത്. പെണ്‍കുട്ടികളുടെ സമൂഹത്തിലെ സ്ഥാനത്തെക്കുറിച്ചും പദവിയെക്കുറിച്ചും ബോധമില്ലാത്തവരാണ് വിവാഹപ്രായം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നത്. രാജ്യത്ത് ശൈശവവിവാഹനിരോധന നിയമമുണ്ടായിട്ടും ശൈശവവിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഇത് കുറ്റകൃത്യമാണ്. കേരളത്തിലും അടുത്തകാലത്തായി ബാലവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. വിവാഹപ്രായം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ചില സമുദായസംഘടനകള്‍ ഇപ്പോള്‍ നടത്തുന്ന ജനവിരുദ്ധനീക്കത്തില്‍ മഹിളാ അസോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. വിവാഹപ്രായം കുറയ്ക്കാനുള്ള ഏതു നീക്കത്തെയും കേരളത്തിലെ സംസ്കാര സമ്പന്നമായ ജനത ചെറുത്തുതോല്‍പ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സമുദായസംഘടനകളുടെ നീക്കം അപകടകരം: ഡിവൈഎഫ്ഐ

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചില മുസ്ലിം സംഘടനകളും ലീഗും സ്വീകരിക്കുന്ന നിലപാട് അപകടകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീസമത്വത്തിന്റെയും വനിതകളുടെ വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ പുരോഗമനപരമായ നിലപാടുകളാണ് സമൂഹത്തില്‍ ഉണ്ടാകേണ്ടത്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി, ഒരു പരിഷ്കൃതസമൂഹത്തിന് ഭൂഷണമല്ലാത്ത നീക്കമാണ് ചില മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നത്. സമുദായക്ഷേമവും പുരോഗതിയും പ്രസംഗിക്കുന്ന മുസ്ലിംലീഗ് സ്വീകരിക്കുന്ന ഈ സമീപനം അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. താലിബാനിസ്റ്റുകളുടെ നിലപാടാണ് ഇവരും ആവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കുന്നതിനുപകരം ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

വിവാഹപ്രായം കേരളത്തോടുള്ള വെല്ലുവിളി: ബാലസംഘം

മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള സാമുദായിക സംഘടനകളുടെ നീക്കം പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളിയാണെന്ന് ബാലസംഘം സംസ്ഥാനകമ്മിറ്റി പ്രസ്താവയില്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയിലും സമൂഹ്യമുന്നേറ്റത്തിലും അസന്തുഷ്ടരായ ചില സാമുദായികനേതാക്കളുടെ ഇത്തരം ജല്‍പ്പനങ്ങള്‍ വിശ്വാസികള്‍ അവജ്ഞയോടെ തള്ളിക്കളയണം. ബാലവിവാഹവും അറബിക്കല്യാണവും പോലുള്ള കെടുതികളെ പ്രോത്സാഹിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ സഹായകരമാകൂ. ജൂണ്‍ 14ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ നിയമവിരുദ്ധ സര്‍ക്കുലര്‍ തങ്ങളുടെ അറിവോടെയല്ല പുറത്തുവന്നതെന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെയും വകുപ്പ്മന്ത്രിയുടെയും വാദത്തിന്റെ മുനയൊടിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. മുസ്ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നിയമവിരുദ്ധമായ സര്‍ക്കുലര്‍ അന്ന് പുറത്തിറങ്ങിയത്. പ്രബുദ്ധമായ കേരളത്തിന്റെ സമൂഹ്യക്ഷേമവകുപ്പും വിദ്യാഭ്യാസവകുപ്പും കൈകാര്യം ചെയ്യുന്ന ഒരു കക്ഷി ഇത്തരം താലിബാനിസ്റ്റ് നയങ്ങളുടെ പ്രചാരകരായി മാറുന്നുവെന്നത് കേരളത്തിന് അപമാനകരമാണ്.

ബാലവിവാഹങ്ങള്‍ക്കും ബാലപീഡനങ്ങള്‍ക്കുമെതിരെ പൊതുസമൂഹം ഉണരണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 12ന് വൈകിട്ട് നാലിന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത എഴുപതോളം കേന്ദ്രങ്ങളില്‍ ബാലസംഘം സ്നേഹശൃംഖല തീര്‍ക്കും. രാജ്യത്തെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ബാലവിവാഹങ്ങള്‍ നടപ്പാക്കാനുള്ള ഈ ആഹ്വാനത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ വിശ്വാസസമൂഹവും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ബാലസംഘം സംസ്ഥാന സെക്രട്ടറി പി ജെ അഭിജിത്തും പ്രസിഡന്റ് ജി എല്‍ അരുണ്‍ഗോപിയും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment