Friday, September 27, 2013

ഭൂരഹിതരില്ലാത്ത കേരളം :സോണിയ ഉദ്ഘാടനം ചെയ്യരുത്- വി എസ്

"ഭൂരഹിതരില്ലാത്ത കേരളം" പദ്ധതിയുടെ ഉദ്ഘാടനത്തിന് സോണിയാഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് മാത്രമായ സോണിയാഗാന്ധിയെ കേരളത്തിന്റെ പൊതുഖജനാവില്‍ നിന്നുളള പണം ചെലഴിച്ചു നടത്തുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി കൊണ്ടുവരുന്നത് ഗവണ്‍മെന്റ് നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനവും ധൂര്‍ത്തുമാണെന്നും വി.എസ്. പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നകാലം മുതല്‍ നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തണ്ടനങ്ങളുടെ ഭാഗമാണിത്.

പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിമാര്‍ക്കും മേലെ സോണിയാഗാന്ധിയുടെ പടംവെച്ച് സര്‍ക്കാര്‍ പരിപാടികള്‍ നടത്തുകയും അതിന്റെ പേരില്‍ ജനങ്ങളുടെ പണം കൊളളയടിക്കുകയും ചെയ്യുകയാണ്. ഇത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാത്ത കോണ്‍ഗ്രസ് അധ്യക്ഷയെ മുഖ്യമന്ത്രിക്കും മേലെ പ്രതിഷ്ഠിച്ച് സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത സോണിയാഗാന്ധിക്ക് വേണ്ടി സര്‍ക്കാര്‍ പരിപാടിയെ സത്യത്തില്‍ ദുരുപയോഗം ചെയ്യുകയാണ്. പ്രധാനമന്ത്രിയോ, കേന്ദ്രത്തില്‍ നിന്നുളള മറ്റ് മന്ത്രിമാര്‍ ആരെങ്കിലുമോ ഇതിനായി വരുന്നത് മനസ്സിലാക്കാം. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഔദ്യോഗിക പ്രോട്ടോകോള്‍ അനുസരിച്ച് എം.പി. യെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് താഴെ മാത്രം പദവിയുള്ള സോണിയാഗാന്ധിയെ ഉദ്ഘാടകയായി ക്ഷണിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രചാരണത്തിനായി കോടികളുടെ സാമ്പത്തികബാധ്യതയാണ് ഇതിലൂടെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്. സോണിയാഗാന്ധിയുടെ വരവിനും പോക്കിനുമുള്ള ചാര്‍ട്ടര്‍ ചെയ്ത വിമാന യാത്രാച്ചെലവ്, സുരക്ഷാച്ചെലവ്, പരസ്യപ്രചാരണച്ചെലവ് എന്നീ ഇനങ്ങളില്‍ എത്ര കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്.

പബ്ലിസിറ്റിക്കുവേണ്ടി മാത്രം ദശലക്ഷണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. രണ്ടുലക്ഷം ഫോള്‍ഡറുകള്‍, ഓരോ ജില്ലയിലും 25 വീതം കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍, ദുരദര്‍ശന്‍, ആകാശവാണി പരസ്യങ്ങള്‍ തുടങ്ങിയവയാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. സോണിയാഗാന്ധിയുടെ പടം അടക്കം വെച്ചാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ പരിപാടിയാക്കി ഇത് മാറ്റിയിരിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം എന്ന നിലയിലാണ് ഈ പരിപാടി കോണ്‍ഗ്രസ് അധ്യക്ഷയെ മുഖ്യാതിഥിയാക്കി സംഘടിപ്പിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും തയ്യാറാകണം. ജനങ്ങളുടെ പൊതുപണം ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രചാരണം നടത്താനുളള നീക്കത്തിനെതിരെ ജനങ്ങള്‍ രംഗത്തുവരണമെന്നും വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment