Wednesday, September 25, 2013

ആണവബാധ്യത ഒഴിവാക്കി ; അമേരിക്കന്‍ കമ്പനിയുമായി നാളെ കരാറാകും

പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ നിയമം കാറ്റില്‍പ്പറത്തി അമേരിക്കന്‍ കമ്പനിയെ സഹായിക്കാനുള്ള കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തീരുമാനിച്ചു. അമേരിക്കന്‍ ആണവ കമ്പനിയായ വെസ്റ്റിങ്ഹൗസുമായി ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷന്‍ വെള്ളിയാഴ്ച ഒപ്പിടുന്ന കരാര്‍, ആണവദുരന്തമുണ്ടായാല്‍ വഹിക്കേണ്ട സാമ്പത്തിക ബാധ്യതയില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിക്കൊടുക്കും.

ആണവബാധ്യതാ നിയമത്തില്‍ ഇതനുസരിച്ച് മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അമേരിക്കയിലേക്ക് യാത്രതിരിക്കുംമുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. ഗുജറാത്തില്‍ വെസ്റ്റിങ്ഹൗസ് കമ്പനിയുടെ സഹായത്തോടെ സ്ഥാപിക്കുന്ന ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് അമേരിക്കന്‍ കമ്പനി നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ടത്. അതിനായി അമേരിക്കന്‍ ഭരണകൂടവും മന്‍മോഹന്‍സിങ്ങിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ആണവബാധ്യതാ നിയമത്തിലെ പതിനേഴാം വകുപ്പിലാണ് ആണവ ദുരന്തമുണ്ടായാല്‍ ആണവ ഉപകരണങ്ങളും ആണവവസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്ന വ്യവസ്ഥയുള്ളത്.

ആണവനിലയം നടത്തുന്ന സ്ഥാപനത്തിന് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ആണവ വിതരണ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാല്‍ മതിയാകും എന്ന മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നത്. ഇന്ത്യയിലെ ആണവനിലയങ്ങളുടെ നടത്തിപ്പു ചുമതല ആണവോര്‍ജ കോര്‍പ്പറേഷനാണ്. അമേരിക്കയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കൂടിക്കാഴ്ച നടത്തുന്ന വെള്ളിയാഴ്ച തന്നെ കരാറൊപ്പിടും. ഇതിനുള്ള തയ്യാറെടുപ്പോടെയാണ് ഉദ്യോഗസ്ഥസംഘം പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. നിയമ ഭേദഗതി കൊണ്ടുവന്ന് അമേരിക്കന്‍ കമ്പനികളെ രക്ഷപ്പെടുത്താനുള്ള നിയമോപദേശം നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായിരുന്നു അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം. വെസ്റ്റിങ്ഹൗസിനു ശേഷം അമേരിക്കയിലെ മറ്റ് ആണവ വിതരണ കമ്പനികളുമായി ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ വെവ്വേറെ കരാറുകളില്‍ ഒപ്പിടും. ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയും ഇന്ത്യയില്‍ ആണവനിലയങ്ങള്‍ക്ക് ആണവവസ്തുക്കള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷമാണ് അമേരിക്കയുമായുള്ള ആണവ കരാര്‍ നടപ്പാക്കണമെങ്കില്‍ ആണവബാധ്യതാ നിയമം നിര്‍ബ്ബന്ധമായി കൊണ്ടുവരണമെന്ന് കര്‍ശന നിലപാടെടുത്തത്. ഇതേത്തുടര്‍ന്ന് 2010ല്‍ പാര്‍ലമെന്റ് ആണവബാധ്യതാ നിയമം അംഗീകരിച്ചു. തന്റെ കൂടി സാന്നിധ്യത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അട്ടിമറിച്ച് കരാറിലൊപ്പിടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ അമേരിക്കയിലേക്ക് പോയിരിക്കയാണ്. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലുള്ള മിതിവിര്‍ധിയിലാണ് 6600 മെഗാവാട്ട് ശേഷിയുള്ള ആണവനിലയം സ്ഥാപിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും കരാറില്‍ ഒപ്പിട്ടത്. നിലയത്തിനുള്ള ഉപകരണങ്ങളും ആണവ വസ്തുക്കളുമാണ് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസ് നല്‍കുക.
(വി ജയിന്)

deshabhimani

No comments:

Post a Comment