Thursday, September 26, 2013

ആധാറുമായി എണ്ണക്കമ്പനികള്‍ മുന്നോട്ട്

ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും പാചകവാതക സബ്സിഡി ബാങ്കുകള്‍ വഴിയാക്കുന്ന നടപടികളുമായി എണ്ണക്കമ്പനികള്‍ മുന്നോട്ട്. ആധാര്‍കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ചെയ്യുന്ന നടപടി രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ അറിയിച്ചു. ആധാര്‍കാര്‍ഡ് മുഴുവന്‍പേര്‍ക്കും കിട്ടാത്തതിനാല്‍ ഈ നടപടിമൂലം ആയിരങ്ങള്‍ സബ്സിഡി പട്ടികയില്‍നിന്ന് പുറത്താകും. ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും എണ്ണക്കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് തിങ്കളാഴ്ചയാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതേക്കുറിച്ച് മാധ്യമങ്ങളിലൂടെയല്ലാതെയുള്ള അറിവില്ലെന്നാണ് എണ്ണക്കമ്പനി അധികൃതരും ഗ്യാസ് ഏജന്‍സി ഉടമകളും വിശദീകരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്ത രേഖകള്‍ ഹാജരാക്കത്തവര്‍ക്ക് പാചകവാതക സബ്സിഡി ലഭിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയും ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ബാങ്കുവഴി ലിങ്ക് ചെയ്തവര്‍ 982 രൂപയാണ് ഗ്യാസിന്് നല്‍കുന്നത്. സബ്സിഡി 500 രൂപയോളം പിന്നീട് അക്കൗണ്ടിലെത്തും. ഇതില്‍ 100 രൂപ നികുതി ഈടാക്കുന്നതായും പരാതിയുണ്ട്. സബ്സിഡി തുക സ്ഥിരമായി അക്കൗണ്ടില്‍ ലഭിക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ല. സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും എണ്ണക്കമ്പനികളും ഗ്യാസ് ഏജന്‍സികളും അതവഗണിക്കുന്നത് പാചകവാതകസബ്സിഡിതന്നെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
(ടി വി വിനോദ്)

deshabhimani

No comments:

Post a Comment