Thursday, September 26, 2013

കല്‍ക്കരിഖനികള്‍ ലേലത്തില്‍ നല്‍കാന്‍ നയം

രാജ്യത്തെ കല്‍ക്കരിഖനികള്‍ സ്വകാര്യകമ്പനികള്‍ക്ക് ലേലത്തില്‍ കൈമാറാന്‍ അനുമതി നല്‍കിയുള്ള പുതിയ കല്‍ക്കരിനയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയാണ് പുതിയ നയത്തിന് അംഗീകാരം നല്‍കിയത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍നയം നിലവിലില്ലായിരുന്നു. ഊര്‍ജോല്‍പ്പാദനത്തിന് കല്‍ക്കരി ആവശ്യമായ സ്വകാര്യകമ്പനികള്‍ക്കാണ് ഇതുവരെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചിരുന്നത്.

സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുക വഴി ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലായിരുന്നു സിഎജി നടത്തിയത്. സിബിഐ അന്വേഷിക്കുന്ന കല്‍ക്കരിക്കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കാണാതായ സംഭവം കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ വലിയ ബഹളത്തിന് വഴിയൊരുക്കിയിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈകാര്യം ചെയ്ത 2006-09 കാലയളവിലാണ് ഖജനാവിന് നഷ്ടം വരുത്തിയ കല്‍ക്കരി ഇടപാടുകള്‍ നടന്നതെന്ന വസ്തുത സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

സ്വകാര്യകമ്പനികള്‍ക്ക് എന്തടിസ്ഥാനത്തിലാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്ന ചോദ്യത്തിന് സുപ്രീംകോടതിയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ കൈമാറാന്‍ കേന്ദ്രത്തിന് നിയമപരമായ അധികാരമുണ്ടോയെന്ന ചോദ്യമായിരുന്നു കോടതി മുന്നോട്ടുവച്ചത്. കല്‍ക്കരിക്കേസ് കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രിസഭ പുതിയ നയത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്. പുതിയ നയപ്രകാരം ലേലപ്രക്രിയയിലൂടെ കല്‍ക്കരിപ്പാടങ്ങളില്‍ ഖനനത്തിന് അനുമതി ലഭിക്കുന്ന കമ്പനികള്‍ കല്‍ക്കരിപ്പാടത്തിന്റെ ആകെ മൂല്യത്തിന്റെ പത്ത് ശതമാനം മുന്‍കൂറായി അടയ്ക്കണം. ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തിയായിരിക്കും തുടര്‍ന്നുള്ള പണം അടവ്. കല്‍ക്കരിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരിവില കണക്കാക്കിയാകും കമ്പനികളില്‍നിന്ന് പണം ഈടാക്കുക.

സോളാര്‍ മേഖലയും സിഎജി പരിശോധിക്കും

സൗരോര്‍ജം ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ രാജ്യത്തിന്റെ പ്രകടനം സിഎജി പരിശോധിക്കുന്നു. പാരമ്പര്യേതര ഊര്‍ജ മേഖലയുടെ വളര്‍ച്ചസാധ്യത കണക്കിലെടുത്താണ് പ്രകടന വിലയിരുത്തലിന് ഒരുങ്ങുന്നതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ പറഞ്ഞു. വമ്പിച്ച വളര്‍ച്ചസാധ്യതയാണ് പാരമ്പര്യേതര ഊര്‍ജ മേഖലയ്ക്കുള്ളത്. സമ്പദ്വ്യവസ്ഥയില്‍ പാരമ്പര്യേതര ഊര്‍ജ മേഖലയുടെ പ്രാധാന്യം വര്‍ധിക്കുകയുമാണ്. ഇതെല്ലാം കണക്കിലെടുത്ത് പാരമ്പര്യേതര ഊര്‍ജമേഖലയെക്കുറിച്ച് അഖിലേന്ത്യാ തലത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ സിഎജി ആലോചിക്കുകയാണ്. അടുത്തുതന്നെ ഓഡിറ്റിങ് നടത്തും- ഡല്‍ഹിയില്‍ പാരമ്പര്യേതര ഊര്‍ജ മേഖലയിലെ സാധ്യതകള്‍ വിലയിരുത്തിയുള്ള സെമിനാറില്‍ സിഎജി ശശികാന്ത് ശര്‍മ പറഞ്ഞു.

പാരമ്പര്യേതര ഊര്‍ജ മന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിറ്റിങ് നടത്തുമെന്ന സിഎജിയുടെ പ്രഖ്യാപനം. കേരളത്തിലെ സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി നേരത്തെതന്നെ സിഎജിയുടെ ശ്രദ്ധയില്‍ വന്നിരുന്നു. കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിച്ചതിനെത്തുടര്‍ന്ന് ദേശീയ മാധ്യമങ്ങളിലും സോളാര്‍ തട്ടിപ്പ് വലിയ വാര്‍ത്തയായി. കേരളത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനംചെയ്തുള്ള വമ്പന്‍ തട്ടിപ്പ് സിഎജി പരിശോധനാവിധേയമാക്കണമെന്ന് പി രാജീവും കെ എന്‍ ബാലഗോപാലും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കേന്ദ്ര സബ്സിഡി കിട്ടുമെന്നും മറ്റും പ്രലോഭിപ്പിച്ചായിരുന്നു ഒട്ടനവധി പേരെ ടീം സോളാര്‍സംഘം കബളിപ്പിച്ചത്. പാരമ്പര്യേതര ഊര്‍ജ മേഖലയ്ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്ന പ്രോത്സാഹനത്തിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തിന് സമാനമായി മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന പരിശോധനയും സിഎജി നടത്തണം- രാജീവും ബാലഗോപാലും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment