Monday, September 23, 2013

ചൂഷണത്തിനെതിരെ പൊരുതാന്‍ കുഞ്ഞന്മാര്‍

വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയിട്ടും ജീവിതത്തിന് നിറം പകരാനാകാത്ത ഇത്തിരി കുഞ്ഞന്മാര്‍ ചൂഷണത്തിനും കബളിപ്പിക്കലിനുമെതിരെ ഒന്നിക്കുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ച പത്തോളം പൊക്കംകുറഞ്ഞവരാണ് പുതിയ സംഘടന എന്ന ലക്ഷ്യവുമായി ഞായറാഴ്ച രാവിലെ ആലപ്പുഴ ബീച്ചില്‍ ഒത്തുചേര്‍ന്നത്. സിനിമാ വ്യവസായത്തില്‍ കുറഞ്ഞ വേതനം ഉറപ്പാക്കാനും പ്രോഗ്രാമുകളില്‍ പങ്കെടുപ്പിച്ചശേഷം വെറുംകൈയോടെ മടക്കി അയക്കുന്ന പ്രവണതയ്ക്കുമെതിരെ പ്രതികരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിക്കുന്നത്. സ്മോള്‍ മെന്‍സ് അസോസിയേഷന്‍ എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നല്‍കിയത്. ഇതിനകം സിനിമകളിലും സ്റ്റേജ് ഷോകളിലും അടക്കം പങ്കെടുത്ത് മികവ് തെളിയിച്ച ഛോട്ടാ വിപിന്‍, പ്രദീപ് അഞ്ചല്‍, പ്രേം തിരുവനന്തപുരം, വിപിന്‍ ജോര്‍ജ് ആലപ്പുഴ, രതീഷ് ആലപ്പുഴ, വേണു കരുനാഗപ്പള്ളി, മനു ചേര്‍ത്തല, അരവിന്ദ് തിരുവനന്തപുരം, വിനോദ് അമ്പലപ്പുഴ, വിഷ്ണു തിരുവനന്തപുരം എന്നിവരാണ് ഒത്തുചേര്‍ന്നത്.

ഓള്‍ കേരള സ്മോള്‍ മെന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ 2006ല്‍ സംഘടന രൂപീകരിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനം നടക്കാത്തതിനാലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് എസ്എംഎ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഛോട്ടാ വിപിന്‍ പറഞ്ഞു. സിനിമയിലും സ്റ്റേജ് ഷോയിലും കോമഡി പ്രോഗ്രാം, പരസ്യ ചിത്രങ്ങള്‍, വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചശേഷം ബസ് കൂലി പോലും നല്‍കാതെയാണ് മടക്കി അയക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ത്രിഡി സിനിമയിലും ഈയിടെ പ്രവര്‍ത്തനം ആരംഭിച്ച വന്‍ വ്യവസായ സ്ഥാപനത്തിന്റെ പരിപാടിയിലും പത്ത് ദിവസത്തോളം പ്രവര്‍ത്തിച്ചിട്ടും പ്രതിഫലം നല്‍കിയില്ല. ഷൂട്ടിങ്ങ് തീര്‍ന്ന ദിവസം ഭക്ഷണം പോലും നല്‍കാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment