Sunday, September 29, 2013

സാക്ഷിയുടെ ആര്‍എംപി ബന്ധം: രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം സാക്ഷി ടി പി രമേശന്റെ ആര്‍എംപി ബന്ധം തെളിയിക്കാന്‍ പോളിങ് ബൂത്തിലെ രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അഡിഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി കലക്ടര്‍ക്കും ചോറോട് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര ലോകസഭാ മണ്ഡലത്തില്‍പ്പെട്ട വള്ളിക്കാട് വരിശക്കുനി എല്‍പി സ്കൂളിലെ പോളിങ് ബൂത്തിലെ തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോള്‍ രമേശന്‍ ബൂത്ത് ഏജന്റ് ആയിരുന്നുവെന്ന് തെളിയിക്കാനാണ് പ്രതിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ടാം സാക്ഷിയായി വിസ്തരിച്ച ടി പി രമേശന്‍, ചന്ദ്രശേഖരന്റെ ബൂത്ത് ഏജന്റും ആര്‍എംപിക്കാരനുമാണെന്നാണ് പ്രതിഭാഗം വാദം. സാക്ഷി വിസ്താരത്തില്‍ ആര്‍എംപിയുമായി ബന്ധമില്ലെന്നും ബൂത്ത് ഏജന്റല്ലെന്നും ടി പി രമേശന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചോറോട് പഞ്ചായത്ത് നാലാം വാര്‍ഡ് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ സദാശിവന്റെ ബൂത്ത് ഏജന്റായിരുന്നു രമേശന്‍ എന്ന് തെളിയിക്കാനും പോളിങ് ബൂത്തിലെ രേഖകള്‍ ഹാജരാക്കാന്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചോറോട് പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പോളിങ് ബൂത്തിലെ റിട്ടേണിങ് ഓഫീസറെ വിസ്തരിക്കുന്നത് അടുത്തമാസം അഞ്ചിലേക്ക് മാറ്റി. ഏറാമല പഞ്ചായത്ത് സെക്രട്ടറി വത്സന്‍, തലശേരി തിരുവങ്ങാട് ശ്രീരാസ്വാമി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ മനോഹരന്‍ എന്നിവരെ 30ന് കോടതി വിസ്തരിക്കും. ഓര്‍ക്കാട്ടേരിയില്‍ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയ്ക്ക് നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഏറാമല പഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഓര്‍ക്കാട്ടേരി താഴെകുനി വീട്ടില്‍ ഇ കെ ഷിജില്‍ ആര്‍എംപി യൂത്ത് വിങ് പ്രസിഡന്റ് എന്ന് കാണിച്ചിരുന്നുവെന്നും എന്നാല്‍ കോടതിയില്‍ 11-ാം സാക്ഷിയായി വിസ്തരിച്ചപ്പോള്‍ ആര്‍എംപി പ്രവര്‍ത്തകന്‍ എന്ന കാര്യം മറച്ചുവെച്ചുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഏറാമല പഞ്ചായത്ത് സെക്രട്ടറിയെ വിസ്തരിക്കാന്‍ അപേക്ഷ നല്‍കിയത്. സന്താനഗോപാലം പൂജക്കായി തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് കെ സി രാമചന്ദ്രന്‍ കുഞ്ഞനന്തന്റെ വീട്ടിലേക്ക് വരുന്നത് കണ്ടുവെന്ന് 19-ാം സാക്ഷിയായ ഇ ബാബു മൊഴി നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ സന്താനഗോപാലം പൂജ ഇല്ലെന്ന് തെളിയിക്കുന്നതിനാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത്.

deshabhimani

No comments:

Post a Comment