Monday, September 23, 2013

മെട്രോ: ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്

കൊച്ചി മെട്രോ നിര്‍മാണം ആരംഭിക്കുന്നതിനുമുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ക്കേണ്ട ജോലികളെപ്പറ്റി തീരുമാനമെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി ആവശ്യപ്പെട്ടു. ഏകപക്ഷീയമായി മെട്രോ നിര്‍മാണം നടത്തിയാല്‍ കൊച്ചിക്ക് ഭാവിയില്‍ ദുരിതമാകുമെന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. തേവര പേരണ്ടൂര്‍ കനാലില്‍ കലൂര്‍ പിവിഎസ് ആശുപത്രിക്കു സമീപമുള്ള ഇടുങ്ങിയ കല്‍വര്‍ട്ട് പൊളിച്ചുമാറ്റണം. തുടര്‍ന്ന് കനാലിന്റെ മുഴുവന്‍ വീതിയിലും ആഴത്തിലുമുള്ള പുതിയ പാലം നിര്‍മിക്കണം. അല്ലാതെ മെട്രോ നിര്‍മാണം ആരംഭിച്ചാല്‍ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുകയില്ല. ഒരുഘട്ടത്തില്‍ പിഡബ്ല്യുഡി ടെന്‍ഡര്‍വരെ പൂര്‍ത്തീകരിച്ച പദ്ധതിയാണിത്. സൗത്ത് റെയില്‍വേ മേല്‍പ്പാലം വീതികൂട്ടി നിര്‍മിക്കേണ്ടത് അനിവാര്യമാണ്. ഡിഎംആര്‍സിതന്നെ ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. 22 മീറ്റര്‍ വീതിയിലുള്ള എസ്എ റോഡില്‍ ഏഴു മീറ്റര്‍ വീതിയുള്ള പാലമാണുള്ളത്. നോര്‍ത്ത് പാലം നിര്‍മിച്ച മാതൃകയില്‍ 22 മീറ്റര്‍ വീതിയില്‍ സൗത്ത് മേല്‍പ്പാലം അടിയന്തരമായി വികസിപ്പിക്കണം. അല്ലെങ്കില്‍ എസ്എ റോഡ് ഗതാഗതക്കുരുക്കിലാകും. കലൂര്‍ പേരണ്ടൂര്‍ കനാലിനുകുറുകെ പാലം നിര്‍മിക്കുന്നതിനും സൗത്ത് മേല്‍പ്പാലം വീതികൂട്ടുന്നതിനും ഡിഎംആര്‍സിയെ ചുമതലപ്പെടുത്തണം. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാകണം. നിലവിലുള്ള റോഡുകളുടെ മധ്യത്തില്‍ എട്ടുമീറ്റര്‍ വീതിയില്‍ ബാരിക്കേഡ് കെട്ടി മെട്രോ റെയില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ നഗരഗതാഗതം താറുമാറാകും. വ്യാപാരികളെയും യാത്രക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും.

മെട്രോ കടന്നുപോകുന്ന റോഡുകളിലെ വൈദ്യുതിപോസ്റ്റുകളും കേബിളുകളും മാറ്റി സ്ഥാപിക്കാനും കാനയും നടപ്പാതകളും പുനര്‍നിര്‍മിക്കാനും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വാഹനങ്ങള്‍ തിരിച്ചുവിടേണ്ട ഇടറോഡുകളിലും ഇത് ബാധകമാണ്. തമ്മനം-പുല്ലേപ്പടി റോഡില്‍ ഇതിനകം ഫ്രീ സറണ്ടറായി വിട്ടു കിട്ടിയ ഭാഗത്ത് പോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ച് റോഡ് നിര്‍മിക്കുക, സമാന്തരമായി സ്ഥലം ഏറ്റെടുത്ത് റോഡ്നിര്‍മാണം പൂര്‍ത്തീകരിക്കുക എന്നിവ മെട്രോ നിര്‍മാണത്തിനുമുമ്പ് വേണമെന്ന് മുന്‍ധാരണയുള്ളതാണ്. അറ്റ്ലാന്റിസ്, പച്ചാളം മേല്‍പ്പാലങ്ങള്‍ മെട്രോ നിര്‍മാണത്തിനുമുമ്പേ പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് ഭരണത്തില്‍ നഗരസഭ തീരുമാനിച്ചിരുന്നു. കൊച്ചി നഗരവാസികളുടെയും വ്യാപാരികളുടെയും യാത്രക്കാരുടെയും താല്‍പ്പര്യം കണക്കിലെടുക്കാതെ മെട്രോ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സി എം ദിനേശ്മണി പറഞ്ഞു. നഗരത്തിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വ്യാപാര വ്യവസായ സംഘടനകളുടെയും പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിര്‍മാണജോലികളില്‍ നാട്ടുകാരെ ഒഴിവാക്കാന്‍ ശ്രമം

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍നിന്ന് തദ്ദേശീയരായ തൊഴിലാളികളെ ഒഴിവാക്കാന്‍ സംഘടിത ശ്രമം. വിവിധ റീച്ചുകളിലെ നിര്‍മാണത്തിന് കരാര്‍ എടുത്തിട്ടുള്ള സ്ഥാപനങ്ങളാണ് ഇതിന് ശ്രമം നടത്തുന്നത്. തൊഴിലാളിസംഘടനകള്‍ പ്രശ്നമുണ്ടാക്കുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ നേരത്തേമുതല്‍ നീക്കമുണ്ടായിരുന്നു. തദ്ദേശീയരായ തൊഴിലാളികള്‍ക്ക് മെട്രോ നിര്‍മാണത്തിന് ആവശ്യമായ തൊഴില്‍ വൈദഗ്ധ്യമില്ലെന്നായിരുന്നു പ്രചാരണം. എന്നാല്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ പ്രചാരണം വിലപ്പോകാതെ വന്നപ്പോഴാണ് തൊഴിലാളികളെ ഒഴിവാക്കാന്‍ നീക്കം തുടങ്ങിയത്.

മെട്രോയുടെ മൂന്നാം റീച്ചില്‍ തൊഴിലാളി യൂണിയനുകള്‍ നിര്‍മാണപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതായി വ്യാജ പ്രചാരണമുണ്ടായിരുന്നു. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും തൊഴിലാളി യൂണിയനുകളും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍പോലും മറച്ചുവച്ചായിരുന്നു ഇത്. അസോസിയേഷനും തൊഴിലാളി യൂണിയനുകളും തമ്മില്‍ ഉണ്ടാക്കിയ ജില്ലാതല കരാര്‍ അനുസരിച്ച് 230 കിലോ കമ്പിയുടെ ജോലിയാണ് ഒരു തൊഴിലാളി പ്രതിദിനം ചെയ്യേണ്ടത്. എന്നാല്‍ ഇതിന്റെ പതിന്മടങ്ങാണ് ജോലി ഭാരം. എങ്കിലും കേരളത്തിന്റെ സ്വപ്നപദ്ധതിയായ മെട്രോയ്ക്കുവേണ്ടി പരമാവധി സഹകരണത്തിന് തൊഴിലാളികള്‍ തയ്യാറായി. എന്നാല്‍ ഇത് കണക്കിലെടുക്കാതെ തദ്ദേശീയരായ തൊഴിലാളികള്‍ വേണ്ട എന്ന നിലപാടിലാണ് കരാറുകാര്‍. ഇങ്ങനെ തൊഴിലാളികളെ ഒഴിവാക്കിയാല്‍ മറ്റ് വന്‍കിട നിര്‍മാണപദ്ധതികളിലും ഇത് തുടരാനിടവരും. ഇതോടെ ഇവിടുത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സ്ഥിതി വന്നുചേരും.

ഒന്നും രണ്ടും റീച്ചുകളുടെ നിര്‍മാണച്ചുമതലയുള്ള എല്‍ ആന്‍ഡ് ടിയും തദ്ദേശീയരായ തൊഴിലാളികളെ വിലക്കുകയാണ്. ശനിയാഴ്ച പുതിയ റിഗ്ഗില്‍ ജോലിചെയ്യാന്‍ എത്തിയ തൊഴിലാളികളോട് ജോലിക്കു കയറേണ്ടെന്നാണ് എല്‍ ആന്‍ഡ് ടി അധികൃതര്‍ പറഞ്ഞത്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ജോലി തുടര്‍ന്നു. മന്ത്രിമാരായ കെ വി തോമസ്, ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബിജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ തൊഴിലാളി യൂണിയനുകളുമായും കരാറെടുത്ത സ്ഥാപനങ്ങളുമായും 17ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ധാരണയാണ് എല്‍ ആന്‍ഡ് ടി പരസ്യമായി ലംഘിച്ചത്. തൊഴില്‍പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണപോലും ലംഘിക്കുന്ന കരാറുകാരുടെ പ്രവണത ശരിയല്ലെന്ന് സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് പറഞ്ഞു. തൊഴിലാളികളെ വേര്‍തിരിച്ച് വിഭാഗീയത സൃഷ്ടിക്കാനും ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. തൊഴില്‍ത്തര്‍ക്കംമൂലം ഒരുദിവസംപോലും മെട്രോയുടെ ജോലികള്‍ മുടങ്ങിയിട്ടില്ല. പ്രശ്നങ്ങള്‍ ഉണ്ടാകാതെ മെട്രോ നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കെഎംആര്‍എലും തൊഴില്‍വകുപ്പും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.

deshabhimani

No comments:

Post a Comment