Thursday, September 26, 2013

മുസ്ലിം ലീഗ് ശൈശവവിവാഹത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി: എസ്എഫ്ഐ

കൊച്ചി: കേരളത്തില്‍ ശൈശവവിവാഹത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മുസ്ലിം ലീഗ് അധഃപതിച്ചുവെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സ്വാതിയും സെക്രട്ടറി എം എ മുഹമ്മദ് ഫസലും പ്രസ്താവനയില്‍ പറഞ്ഞു.

പരമാധികാര-ജനാധിപത്യ-മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആണ്. ഇതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗിന്റെ ഒത്താശയോടെ അരങ്ങേറുന്നത്. ശൈശവവിവാഹം നിയമംമൂലം നിരോധിക്കപ്പെട്ട ഇന്ത്യയില്‍ മതവികാരം ഇളക്കിവിട്ട് പെണ്‍കുട്ടികളുടെ ഭാവി തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. പതിനെട്ടിനു മുമ്പുള്ള വിവാഹം പറഞ്ഞുറപ്പിച്ച മാംസക്കച്ചവടമാണ്. ശൈശവവിവാഹങ്ങള്‍ക്ക് അംഗീകാരം കൊടുക്കാന്‍പാകത്തില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹവിഷയത്തില്‍ അറുപിന്തിരിപ്പന്‍ നിലപാടുമായുള്ള ചിലരുടെ രംഗപ്രവേശം. പെണ്‍കുട്ടികളുടെ ശരീരഘടന, മാനസികവ്യവഹാരങ്ങള്‍ ആരോഗ്യസ്ഥിതി തുടങ്ങിയവയെല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചെറിയപ്രായത്തിലെ വിവാഹവും ഗര്‍ഭധാരണവും പെണ്‍കുട്ടികളുടെ ജീവിതത്തെയും വളര്‍ച്ചയെയും ഗുരുതരമായി ബാധിക്കും. ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ഇതിനുവേണ്ടി തെളിവുകള്‍ നിരത്തിക്കഴിഞ്ഞു. വിദ്യാഭ്യാസം ലംഘിക്കപ്പെടുക എന്നു പറഞ്ഞാല്‍ ഭരണഘടനാപരമായ മൗലികാവകാശം ലംഘിക്കപ്പെടുക എന്നാണ് അര്‍ഥം. ശരീരത്തിന്റെ ജൈവപരമായ ഘടന വ്യത്യസ്ത മതത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വെവ്വേറെയാണ് എന്ന് കല്‍പ്പിക്കാന്‍ സ്ഥിരബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. അതിനാല്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന വാദം മനുഷ്യത്വവിരുദ്ധമാണ്- ഭാരവാഹികള്‍ പറഞ്ഞു.

ശൈശവവിവാഹത്തെ പിന്തുണയ്ക്കുന്നവര്‍ നാടിനാപത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച ജില്ലയില്‍ പ്രതിഷേധ കൂട്ടായ്മയും വായ്മൂടിക്കെട്ടി പ്രകടനവും സംഘടിപ്പിച്ചു. ജില്ലാതല പരിപാടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അനീഷ് എം മാത്യു ഉദ്ഘാടനംചെയ്തു. എസ് സ്വാതി അധ്യക്ഷയായി. മുഹമ്മദ് ഫസല്‍, മുഹമ്മദ് റഫ്നാസ്, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ അരവിന്ദ്, റിബിന്‍, സുര്‍ജിത്ത്, അമ്പിളി, ജാഫര്‍, മീനു, സാനിഫ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് 16 വയസ്സിലെ വിവാഹത്തെ ന്യായീകരിച്ചു. ഇതില്‍നിന്ന് മുസ്ലിം ലീഗിന്റെ രഹസ്യമായ പിന്തുണ വ്യക്തമായിരിക്കുകയാണ്. തീരുമാനത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസമന്ത്രിക്ക് എസ്എഫ്ഐ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പ്രസിഡന്റ് എസ് സ്വാതിയും സെക്രട്ടറി മുഹമ്മദ് ഫസലും അറിയിച്ചു.

വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ യുവതീപ്രതിഷേധം

തൃശൂര്‍: ശൈശവ വിവാഹങ്ങള്‍ക്ക് കളമൊരുക്കാനുള്ള ചില മതസംഘടനകളുടെയും വര്‍ഗീയ സംഘടനകളുടെയും മതഭ്രാന്തന്മാരുടെയും സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും ഇത്തരം ഹീന നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം അണിനിരക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ യുവതീ സബ് കമ്മിറ്റി ചൊവ്വാഴ്ച തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. യുവതികളുടെ നേതൃത്വത്തില്‍ ടൗണില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഗ്രീഷ്മ അജയ്,ഘാഷ്, ജില്ലാകമ്മിറ്റിയംഗങ്ങളായ മൃഥുല ഗിരീഷ്, നളിനി ബാലകൃഷ്ണന്‍, പി എസ് ഷൈനി, എന്‍ ബി ഷിജി എന്നിവര്‍ സംസാരിച്ചു.

വിവാഹപ്രായം യുവതികള്‍ പോസ്റ്റര്‍ പ്രചാരണം നടത്തി

പാലക്കാട്: മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാവനിതാ സബ്കമ്മിറ്റി നേതൃത്വത്തില്‍ നഗരത്തില്‍ പോസ്റ്റര്‍പ്രചാരണം നടത്തി. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്പരിസരത്ത് നടത്തിയ പ്രചാരണപരിപാടി ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം കെ സുലോചന ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗങ്ങളായ രജിത, ശാലിനി, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ പ്രേംകുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം ജിഞ്ചുജോസ് എന്നിവര്‍ നേതൃത്വം നല്‍കി. എസ്എഫ്ഐ പ്രതിഷേധ കൂട്ടായ്മ പാലക്കാട്: മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ ക്യാമ്പസുകളില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. അട്ടപ്പാടി ഗവ. കോളേജില്‍ സജീഷ്, സനീഷ്, ഹിമ എന്നിവര്‍ സംസാരിച്ചു. അകത്തേത്തറ എന്‍എസ്എസ് എന്‍ജിനിയറിങ് കോളേജില്‍ വിഷ്ണു, സൂരജ്, വിപുല്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment