Monday, September 30, 2013

സഖാവ് മണ്ടോടി കണ്ണന്‍ നാളെ അരങ്ങില്‍

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അടിയാളര്‍ക്കും വേണ്ടി അവസാന ശ്വാസംവരെ പോരാടിയ കരുത്തുറ്റ സമരപോരാളി ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ജീവിതം അരങ്ങില്‍. ചോരകൊണ്ടെഴുതിയ മണ്ടോടിയുടെ സമരജീവിതം ചൊവ്വാഴ്ച അരങ്ങിലെത്തും. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പാണ് "സഖാവ് മണ്ടോടി കണ്ണന്‍" നാടകം അരങ്ങിലെത്തിക്കുന്നത്. ഒന്നിന് വൈകിട്ട് അഞ്ചിന് ശ്രീനാരായണ സെന്റിനറി ഹാളില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അവതരണ ഉദ്ഘാടനം നിര്‍വഹിക്കും. ഒരു തലമുറയുടെ പ്രതീകമായാണ് മണ്ടോടി കണ്ണനെ നാടകത്തില്‍ അവതരിപ്പിക്കുന്നത്.

ഭീകരമര്‍ദനങ്ങളെ അതിജീവിച്ച് മറ്റുള്ളവര്‍ക്കു വേണ്ടി മരിക്കുന്നതാണ് ജീവിതം എന്ന സന്ദേശം പുതിയ തലമുറയ്ക്ക് നാടകം പകര്‍ന്നു നല്‍കുന്നു. ഒഞ്ചിയത്തെ മണ്ണിനെയും മനുഷ്യനെയും ചുവപ്പിച്ച രക്തപങ്കിലമായ പോരാട്ട ചരിത്രമാണ് നാടകം. ഭരണകൂട ഭീകരതക്കെതിരായ അമര്‍ഷത്തില്‍ നിന്നുമാണ് മണ്ടോടി കണ്ണന്റെ ജനനം എന്ന് നാടകം പറയുന്നു. മണ്ടോടി കണ്ണന്റെ ജനനം, മരണം, വിപ്ലവകരമായ ജീവിതം എന്നിവയിലൂടെയുള്ള സംഭവവികാസങ്ങളാണ് ചിത്രീകരിക്കുന്നത്. മണ്ടോടി കണ്ണന്റെ കുടുംബം, ജയിലില്‍ ആയിരിക്കുമ്പോഴുള്ള മകളുടെ മരണം, അമ്മയോടുള്ള അടുപ്പം എന്നിവയിലൂടെ പോരാട്ടവും ജീവിതവും സമരസപ്പെടുത്തിയാണ് അവതരണം. അത്താഴവുമായി മകനെ കാത്തിരിക്കുന്ന അമ്മയിലാണ് നാടകം അവസാനിക്കുന്നത്.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ ഉഷ ചന്ദ്രബാബു, ജയന്‍ തിരുമന, മനോജ് നാരായണന്‍ എന്നിവരാണ് നാടകാവിഷ്ക്കാരത്തിനു പിന്നില്‍. മനോജ് നാരായണന്‍, ജയന്‍ തിരുമന എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വഹിക്കുന്നത്. സംഗീതം ആലപ്പി ഋഷികേശ്, വെളിച്ചം, രചന ജയന്‍ തിരുമന. രണ്ടര മണിക്കൂര്‍ നീണ്ട നാടകത്തില്‍ ഇരുപത്തിമൂന്നോളം കഥാപാത്രങ്ങളുണ്ട്. ഉഷാചന്ദ്രബാബു, ലക്ഷ്മി കോടിയേരി, ഇന്ദു ചെറുവണ്ണൂര്‍, ചെമ്പറ ശിവദാസന്‍, ബിജു രാജഗിരി, ശിവദാസ് പടിഞ്ഞാറേത്തറ, ആണ്ടൂര്‍ ബാലകൃഷ്ണന്‍, രാമന്‍ മട്ടന്നൂര്‍, ശശി ഓലശ്ശേരി, ചന്ദ്രബാബു തൂവക്കാട് തുടങ്ങിയ അഭിനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പിന്റെ ആദ്യ നാടകമാണിത്.

deshabhimani

No comments:

Post a Comment