Thursday, September 26, 2013

തൊഴിലാളി ഐക്യം ഉയര്‍ത്തി മഹാറാലി

രാജ്യത്തെ തൊഴിലാളിശക്തിയെ ജീവിക്കാനനുവദിക്കാത്തവിധം ഞെരിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലി. ഫെബ്രുവരിയില്‍ രാജ്യവ്യാപകമായി നടത്തിയ ദ്വിദിന പണിമുടക്കില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നേറ്റശേഷം വഞ്ചിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു അനന്തപുരിയെ ഇളക്കിമറിച്ച മഹാപ്രകടനം.

പാളയം രക്തസാക്ഷിമണ്ഡപത്തിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ മുഴുവന്‍ തൊഴിലാളിസംഘടനകളും അവരവരുടെ ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്നു. പൊതുസമ്മേളനം നടക്കുന്ന ഇ കെ നായനാര്‍ പാര്‍ക്കില്‍ മുന്‍നിര എത്തിയപ്പോഴും പിന്‍നിര, പ്രകടനം ആരംഭിച്ച പാളയം രക്തസാക്ഷി മണ്ഡപത്തില്‍ തന്നെയായിരുന്നു. രാജ്യത്തെ അതിസമ്പന്നരുടെ താല്‍പ്പര്യങ്ങള്‍മാത്രം സംരക്ഷിക്കുകയും രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ഉന്നയിച്ച ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തോടുള്ള എതിര്‍പ്പ് പ്രകടനത്തിലും തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തിലും അലയടിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികളുടെ ജീവിതസുരക്ഷയടക്കമുള്ള 10 ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പുകൂടിയായി ഐക്യ തൊഴിലാളിശക്തി നടത്തിയ റാലി. നിത്യോപയോഗ സാധന വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുകയും എന്നാല്‍ കൂലി നിന്നേടത്തുതന്നെ എന്നും നിര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും 11 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധം ഇരമ്പി.

പൊതുസമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. ബിഎംഎസ് ദേശീയ സെക്രട്ടറി ദൊരൈരാജന്‍ അധ്യക്ഷനായി. കാനംരാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഹസന്‍, യുടിയുസി നേതാവ് എ എ അസീസ് എംഎല്‍എ, എച്ച്എംഎസ് നേതാവ് ജി സുഗുണന്‍, അഹമ്മദ്കുട്ടി ഉണ്ണിക്കുളം (എസ്ടിയു), കവടിയാര്‍ ധര്‍മന്‍, എം ഉണ്ണികൃഷ്ണന്‍, സി കെ ലൂക്കോസ്, എം കെ തങ്കപ്പന്‍, സ്വീറ്റദാസ്, കുരീപ്പുഴ ഷാനവാസ്, കെ കെ ചന്ദ്രന്‍, ആകാവിള സലീം, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് സിഐടിയു നേതാക്കളായ പി കെ ഗുരുദാസന്‍, കെ എം സുധാകരന്‍, കെ ഒ ഹബീബ്, കെ പി മേരി, എം എം വര്‍ഗീസ്, വി കെ മധു, ഐന്‍ടിയുസി നേതാവ് എം എസ് റാവുത്തര്‍, എഐടിയുസി നേതാക്കളായ കെ പി രാജേന്ദ്രന്‍, ഇ എസ് ബിജിമേള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രണ്ടാംഘട്ടത്തില്‍ രാജ്യമെങ്ങും തൊഴിലാളി പ്രകടനങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയസമീപനങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരം ബുധനാഴ്ച രണ്ടാംഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന തലസ്ഥാനങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ യോജിച്ച് ധര്‍ണയും പ്രകടനങ്ങളും പിക്കറ്റിങ്ങും സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ അണിചേര്‍ന്നു. ഡിസംബര്‍ 12ന് നിശ്ചയിച്ച പാര്‍ലമെന്റ് മാര്‍ച്ചിനുമുന്നോടിയായാണ് സംസ്ഥാന തലസ്ഥാനങ്ങളിലെ പ്രക്ഷോഭം. പല സംസ്ഥാനങ്ങളിലും ഒട്ടനവധി കേന്ദ്രങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ യോജിച്ചുള്ള പ്രകടനങ്ങള്‍ നടന്നു.

ഡല്‍ഹിയില്‍ സിഐടിയു സെക്രട്ടറി സ്വദേശ് ദേബ്റോയി, എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ്ദാസ് ഗുപ്ത, ബിഎംഎസ് ജനറല്‍ സെക്രട്ടറി ബി എന്‍ റോയ് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ അണിനിരന്നു. ഷിംലയില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ഡോ. കശ്മീര്‍സിങ്ങിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. മുംബൈയില്‍ ആയിരങ്ങള്‍ അണിനിരന്ന ധര്‍ണയ്ക്ക് സിഐടിയു നേതാക്കളായ കെ എല്‍ ബജാജും ഡി എല്‍ കരാഡും നേതൃത്വം നല്‍കി. തമിഴ്നാട്ടില്‍ ആറ് കേന്ദ്രങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്തപ്രകടനം നടന്നു. ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, ട്രിച്ചി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ പ്രകടനം നടത്തി.

ജാര്‍ഖണ്ഡില്‍ റാഞ്ചിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ തൊഴിലാളികള്‍ പിക്കറ്റിങ് നടത്തി. സിഐടിയു സെക്രട്ടറി ഡി ഡി രാമാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഛത്തീസ്ഗഢിലെ റായ്പുരില്‍ ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ്, എഐടിയുസി തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും പ്രക്ഷോഭത്തില്‍ അണിനിരന്നു. സിഐടിയു നേതാക്കളായ ബി ബി സന്ന്യാല്‍, ബി എസ് ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചണ്ഡീഗഢില്‍ നിരോധനാജ്ഞ ലംഘിച്ച് പതിനയ്യായിരത്തോളം തൊഴിലാളികള്‍ അണിനിരന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സമരത്തില്‍ അണിനിരന്നു. രഘുനാഥ്സിങ്, വിജയ്മിശ്ര, ഉഷാറാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹരിയാനയിലെ പ്രക്ഷോഭത്തില്‍ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും അണിനിരന്നു. രാജസ്ഥാനിലെ ജയ്പുരിലും ആയിരങ്ങള്‍ സമരത്തില്‍ പങ്കാളികളായി.

deshabhimani

No comments:

Post a Comment