Wednesday, September 25, 2013

യുഎസിന് യുഎന്നില്‍ ദില്‍മയുടെ പ്രഹരം

ഐക്യരാഷ്ട്രകേന്ദ്രം: "സിറിയ"യിലും "ഇറാനി"ലും ഊന്നിയുള്ള ചര്‍ച്ചകള്‍ മേല്‍ക്കൈ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ആദ്യദിനം ശ്രദ്ധാകേന്ദ്രമായത് ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസേഫ്. അമേരിക്കയുടെ ആഗോള ചാരപ്പണിക്കെതിരെ ആഞ്ഞടിച്ച റൂസേഫ് ഈ വിഷയം സമ്മേളനത്തിന്റെ മുഖ്യചര്‍ച്ചയിലേക്ക് എടുത്തിട്ടു. സിറിയയിലെ രക്തച്ചൊരിച്ചിലിന് ഇന്ധനം പകരുന്നത് മറ്റ് രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണിന്റെ പരാമര്‍ശവും അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കും കടുത്ത പ്രഹരമായി. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ജി20 ഉച്ചകോടിയില്‍ സിറിയാ അധിനിവേശനീക്കത്തിനെതിരെ റഷ്യയുടെ നേതൃത്വത്തില്‍ രാഷ്ട്രത്തലവന്മാര്‍ ഉയര്‍ത്തിയ വിമര്‍ശം യുഎന്‍ സമ്മേളനത്തിലും ആവര്‍ത്തിക്കുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകും. ദില്‍മയുടെ അഭിവാദ്യപ്രസംഗത്തോടെ മറ്റ് രാജ്യങ്ങളുടെ സ്വകാര്യതയിലും പരമാധികാരത്തിലും കടന്നുകയറുന്ന അമേരിക്കയുടെ ചാരപ്പണി യുഎന്‍ വേദിയില്‍ വിചാരണചെയ്യപ്പെടുമെന്ന് ഉറപ്പായി.

തങ്ങളുടെ ആശയവിനിമയ മാര്‍ഗങ്ങളില്‍ അനധികൃതമായി മറ്റുള്ളവര്‍ ഇടപെടുന്നത് തടയാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും നിയമം കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. "മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇത്തരത്തില്‍ ഇടപെടുന്നത് അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണ്. മറ്റ് രാജ്യങ്ങളെ ബഹുമാനിക്കണമെന്ന തത്വത്തോടുള്ള അവമതിപ്പാണിത്"- ദില്‍മ റൂസേഫ് ചൂണ്ടിക്കാട്ടി. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ബ്രസീലിനൊപ്പം കടുത്ത വിമര്‍ശം ഉയര്‍ത്തും. തങ്ങള്‍ക്ക് അര്‍ഹിക്കുന്ന മാന്യത നല്‍കിയില്ലെങ്കില്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വെനസ്വേല യുഎന്നിനെ അറിയിച്ചിട്ടുണ്ട്. സിറിയയിലെ സ്ഥിതിഗതിയും ഭാവിനടപടികളും യുഎന്‍ സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാകും. യുഎന്‍ രക്ഷാസമിതിയില്‍ ഇതുസംബന്ധിച്ച പ്രമേയം ഈയാഴ്ചതന്നെ പാസാക്കാന്‍ കഴിയുമെന്ന് റഷ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, സൈനിക ആക്രമണത്തിന് വ്യക്തമായ നിര്‍ദേശം വേണമെന്ന വാദത്തില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉറച്ചുനില്‍ക്കുകയാണ്. ഉടമ്പടി പൂര്‍ണമായും വേഗത്തിലും മാനിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബാണ്‍ കി മൂണ്‍ ഉദ്ഘാടനപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment