Monday, September 30, 2013

യു എസ് നാവികാഭ്യാസപ്രകടനങ്ങളില്‍ ഇന്ത്യ പങ്കെടുക്കും

യു എസുമായി പൂര്‍ണതോതിലുള്ള സൈനിക സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി 'റിമ്പാക്' എന്നറിയപ്പെടുന്ന നാവികാഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിന് ഇന്ത്യ സമ്മതിച്ചു. യു എസ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാവികാഭ്യാസപ്രകടനങ്ങളില്‍ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പടെ രണ്ട് ഡസനില്‍പ്പരം രാഷ്ട്രങ്ങള്‍ പങ്കെടുക്കും.
യു എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ 'റിമ്പാക്' നാവികാഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചതായി പരാമര്‍ശമുണ്ടായിരുന്നു. യു എസുമായി മലബാര്‍, റെഡ് ഫഌഗ്, യുദ്ധ് അഭ്യാസ് എന്നിങ്ങനെ അറിയപ്പെടുന്ന സംയുക്ത സൈനികാഭ്യാസപ്രകടനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യ പങ്കെടുക്കുന്നുണ്ട്. റിമ്പാക് നാവികാഭ്യാസപ്രകടനങ്ങളില്‍ ഇന്ത്യ മുമ്പ് നിരീക്ഷകരെ അയച്ചുകൊണ്ടിരുന്നു. എന്നാല്‍ നേരിട്ടു പങ്കെടുത്തുകൊണ്ട് സൈനിക സഖ്യം ശക്തിപ്പെടുത്തണമെന്ന യു എസ് നിര്‍ദ്ദേശത്തിന് ഇന്ത്യവഴങ്ങുകയായിരുന്നു.

അത്യാധുനികമായ സൈനിക സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് സൈനികസഖ്യത്തിനായി യു എസ് ഇന്ത്യയെ പ്രലോഭിപ്പിച്ചത്. ഇന്ത്യയുമായി ചേര്‍ന്ന് പുതിയതരം സൈനികോല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും നിര്‍മ്മിക്കുന്നതിനും അന്താരാഷ്ട്രതലത്തില്‍ വിപണനം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ യു എസ് സന്ദര്‍ശനത്തിന് മുമ്പ് സെപ്തംബര്‍ 18 ന് ഇന്ത്യയിലെത്തിയ യു എസ് ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി ആഷ്ടന്‍ ബി കാര്‍ട്ടര്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് മിസ്സൈല്‍ പദ്ധതിയുടെ മാതൃകയില്‍ ജാവലിന്‍ മിസ്സൈല്‍വേധസമ്പ്രദായം സംയുക്തമായി നിര്‍മ്മിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.

ഇരുരാജ്യങ്ങളിലും ബ്യൂറോക്രസിതലത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിബന്ധങ്ങളെ ഇല്ലാതാക്കി വളരെ വേഗതയില്‍ത്തന്നെ സൈനികസഖ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇന്ത്യക്കും യു എസിനും പൊതുവായ സുരക്ഷാ താല്‍പ്പര്യങ്ങളുള്ളതിനാല്‍ ഉറ്റ പങ്കാളികളായി മാറണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ബ്രസില്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യകൂടി ഉള്‍പ്പെട്ട അഞ്ചംഗ ബ്രിക്‌സ് ഗ്രൂപ്പ് കൂടുതല്‍ സജീവമായി വരുന്ന വേളയില്‍ത്തന്നെയാണ് സൈനികസഖ്യം രൂപപ്പെടുത്തുന്നതിലൂടെ ഇന്ത്യയെ യു എസിന്റെ ചേരിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

janayugom

No comments:

Post a Comment