Friday, September 27, 2013

വേണ്ടത് സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്ക്കാരം: സിപിഐ എം

സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളാണ് ഇന്ത്യക്കാവശ്യമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ സുപ്രീംകോടതിവിധിയില്‍ പറഞ്ഞതുപോലെ ബാലറ്റില്‍ നിഷേധവോട്ടിനുള്ള അവസരം ഈ പരിഷ്ക്കാരങ്ങളില്‍ നിസ്സാരമായ ഒന്നാണ്. സിപിഐ എം സമഗ്രമായി തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ ആവശ്യപ്പെട്ട് വരികയാണ്. എന്നാല്‍ ഗൗരവതരമായ ഇത്തരം വിഷയങ്ങള്‍ പാര്‍ലമെണ്ടിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആനുപാതിക പ്രാതിനിധ്യം, പണത്തിന്റെയും പേശിബലത്തിന്റെയും സ്വാധീനം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിഷ്ക്കാരങ്ങളാണ് വേണ്ടത്. അവ പാര്‍ലമെണ്ടില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമാണ് വേണം. അല്ലാതെ ഇപ്പോള്‍ ഉണ്ടായതുപോലെ ജുഡീഷ്യറി ഇവയൊക്കെ കഷണം കഷണമായി തീരുമാനിക്കുകയല്ല വേണ്ടത്- പി ബി പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ നിഷേധവോട്ടാകാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ നിഷേധവോട്ടിന് ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. സ്ഥാനാര്‍ഥികളെ എതിര്‍ത്ത് വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അവകാശം കണക്കിലെടുത്ത് നിഷേധവോട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. പൊതുതെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന്‍ വോട്ടിങ്ങ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പേരുകളും രേഖപ്പെടുത്തിയ ശേഷം വോട്ടിങ്ങ് യന്ത്രത്തില്‍ ഇതൊന്നുമല്ല എന്ന ഒരു ബട്ടന്‍ കൂടി ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി നിയമഭേദഗതി വരുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിഷേധവോട്ടുകള്‍ ജനാധിപത്യപ്രക്രിയയെ ശുദ്ധീകരിക്കുമെന്ന അഭിപ്രായത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസ് പി സദാശിവം ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

തെരഞ്ഞെടുപ്പ് കമ്മീഷനും ഹര്‍ജിക്കാരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. ഇതിനായി നിയമഭേദഗതി വരുത്താന്‍ 2009ല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഇതിനു തയാറായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരം കാര്യങ്ങളിൽ സുപ്രീം കോടതി എകപക്ഷീയമായി തീരുമാനിക്കേണ്ടതല്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.പാർലമെണ്ടിനെ മറികടക്കുന്ന തീരുമാനമാണിത്. ഇക്കാര്യം പാർലമെണ്ട് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

facebook post by sunilkrishnan

No comments:

Post a Comment