Saturday, September 28, 2013

സര്‍ക്കുലറിനെ ന്യായീകരിച്ച് സര്‍ക്കാര്‍ കോടതിയില്‍

ശൈശവവിവാഹ നിരോധനിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍ വിവാഹിതരാകുന്നതുമായി കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടത്തിനു ബന്ധമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. കേരളത്തില്‍ എല്ലാ സമുദായങ്ങളിലും പ്രായപൂര്‍ത്തിയാകാത്തവര്‍ വിവാഹിതരാകുന്നുണ്ട്. ദമ്പതിമാര്‍ക്ക് നിയമാനുസൃതം അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാനാണ് 2013 ജൂണ്‍ 13നുമുമ്പ് നടന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ചെയ്യാന്‍ അനുവദിച്ച് ജൂണ്‍ 27ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ അനുവദിച്ച സര്‍ക്കാര്‍ സര്‍ക്കുലറിനെതിരെ ബാലസംഘം നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. 2013 ജൂണ്‍ 13നു മുമ്പുനടന്ന വിവാഹങ്ങളെല്ലാം രജിസ്റ്റര്‍ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കുലറിനെ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ന്യായീകരിക്കുകയാണ്.

പതിനെട്ടു വയസ്സില്‍ത്താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് ശൈശവവിവാഹ നിരോധനിയമത്തിന്റെ പരിധിയിലാണ് വരുന്നത്. എന്നാല്‍, 2008ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടത്തിന് ഇതുമായി ബന്ധമൊന്നുമില്ല. വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടത് ദമ്പതിമാര്‍ക്ക് നിയമാനുസൃതമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അനിവാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന ആരോപണവും സത്യവാങ്മൂലത്തില്‍ നിഷേധിക്കുന്നു. സര്‍ക്കുലര്‍ ശൈശവവിവാഹം പ്രോത്സാഹിപ്പിക്കാനുള്ള ലൈസന്‍സ് അല്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹമാണെങ്കിലും അവ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുമൂലമുള്ള സാമൂഹ്യവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്തതുകൊണ്ടും ശൈശവവിവാഹ നിരോധനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാകുന്നില്ലെന്നും തദ്ദേശസ്വയംഭരണ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

deshabhimani

No comments:

Post a Comment