Tuesday, October 29, 2013

റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടി

റിപ്പോ,റിവേഴ്സ് റിപ്പോ നിരക്ക് കാല്‍ശതമാനം കൂട്ടി റിസര്‍വ് ബാങ്ക് ധനവായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ ഭവന,വാഹന,വ്യക്തിഗത വായ്പാപലിശ നിരക്കില്‍ വര്‍ധനവുണ്ടാകും. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. റിസര്‍വ്വ ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് ഉയര്‍ത്തിയത്.ബാങ്കുകളുടെ കൈവശം അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.5 ശതമാനമാക്കിയിട്ടുണ്ട്.

പണപ്പെരുപ്പം ഒമ്പത് ശതമാനമായി തുടരുമെന്നും ഇത് ആശങ്കാജനകമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. ബാങ്കുകളുടെ മൊത്തം നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധന അനുപാതത്തില്‍(നാല് ശതമാനം) മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ ബാങ്കുകള്‍ക്ക് പണലഭ്യത ഉയര്‍ത്തുന്നതിനുള്ള മാര്‍ജിന്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) കാല്‍ശതമാനം കുറച്ചു. നിലവിലുള്ള 9 ശതമാനത്തില്‍നിന്ന് 8.75 ആക്കിയാണ് കുറച്ചത്.

സെപ്തംബറിലും റിസര്‍വ് ബാങ്ക് വായ്പാനിരക്ക് ഉയര്‍ത്തിയിരുന്നു. രഘുരാം രാജന്‍ ഗവര്‍ണഞായശേഷം നടക്കുന്ന രണ്ടാമത്തെ പണാവലോകനയോഗമാണിത്.

deshabhimani

No comments:

Post a Comment