Monday, October 28, 2013

തടസ്സം മതവിശ്വാസമെന്നത് തെറ്റ്: കാരാട്ട്

മുസ്ലിങ്ങളുടെ സാമൂഹ്യ ഉന്നമനത്തിന് തടസ്സം അമിത മതവിശ്വാസമാണെന്ന പ്രചാരണം തെറ്റാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കര്‍ണാടകയിലെ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ എം മംഗളൂരുവില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതം മുറുകെപ്പിടിക്കുന്നതിനാലാണ് സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ മുസ്ലിങ്ങള്‍ പിന്നോക്കം നില്‍ക്കുന്നതെന്ന ഹിന്ദുത്വവാദികളുടെ പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബംഗ്ലാദേശ്. സ്ത്രീ സാക്ഷരത, തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തം എന്നിവയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ് ബംഗ്ലാദേശ്. ഇന്ത്യയെ അപേക്ഷിച്ച് ബംഗ്ലാദേശില്‍ ശിശുമരണനിരക്കും കുറവാണ്. മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പുറത്തുകൊണ്ടുവന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ ന്യൂനപക്ഷ സംവരണം ശുപാര്‍ശ ചെയ്ത രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ടും യുപിഎ സര്‍ക്കാര്‍ നടപ്പാക്കാത്തത് സംഘപരിവാറിനെ ഭയന്നാണ്. ദേശീയ ആസൂത്രണ പദ്ധതിയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കെന്നപോലെ ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പദ്ധതിവിഹിതം അനുവദിക്കണമെന്ന സിപിഐ എമ്മിന്റെ ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. അതേസമയം, ഇടതുപക്ഷം ഭരിച്ച കേരളത്തിലും പശ്ചിമബംഗാളിലും മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗത്തിന്റെ സംവരണ ശതമാനം ഉയര്‍ത്താനായി. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്ന ആസൂത്രിത നീക്കമാണ് ഹിന്ദുത്വശക്തികളുടേത്. ഇതിനെതിരെ മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മ ഉയരണം. മംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലെ സദാചാര പൊലീസ് അക്രമങ്ങള്‍ ഹിന്ദുത്വശക്തികളുടെ വര്‍ഗീയതയ്ക്ക് തെളിവാണ്. മിക്ക കലാപങ്ങളുടെയും ഇരകള്‍ മുസ്ലിങ്ങളാണ്. ധ്രുവീകരണം ലക്ഷ്യമിടുന്ന കലാപങ്ങളുടെ ഇരകള്‍ക്ക് നഷ്ടപരിഹാരവും അവരുടെ പുനരധിവാസവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ ചുമതലയാണ്- അദ്ദേഹം പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി ബി മാധവ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാംറെഡ്ഡി, എഴുത്തുകാരി സാറാ അബൂബക്കര്‍, ടി സി എം ഷെരീഫ്, കെ എന്‍ ഉമേഷ്, സയ്യിദ് മുജീബ്, മുനീര്‍ കാട്ടിപ്പള്ള, വസന്താചാരി, യാദവഷെട്ടി എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment