Tuesday, October 29, 2013

കൃഷിഭവനുകള്‍ക്ക് നല്‍കിയത് നിലവാരമില്ലാത്ത കംപ്യൂട്ടര്‍

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ കൃഷി ഓഫീസുകളില്‍ വിതരണംചെയ്ത കംപ്യൂട്ടറുകള്‍ മാസത്തിനുള്ളില്‍ കേടായി. സ്വകാര്യ കമ്പനി വിതരണംചെയ്ത കംപ്യൂട്ടറുകളാണ് കേടായത്. നന്നാക്കാന്‍ കമ്പനിയെ ബന്ധപ്പെട്ടിട്ടും ആളെത്തുന്നില്ല. ജീവനക്കാരുടെ പരാതിയുടെ പശ്ചാത്തലത്തില്‍ കംപ്യൂട്ടര്‍ നല്‍കിയ എച്ച്പി കമ്പനി അധികൃതരുമായി ചൊവ്വാഴ്ച കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. കംപ്യൂട്ടറുകള്‍ക്ക് അഞ്ചുവര്‍ഷത്തെ വാറണ്ടിയുണ്ടായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഇജിപി (നാഷണല്‍ ഇ ഗവേണന്‍സ് പ്ലാന്‍) പദ്ധതി പ്രകാരമാണ് തെരഞ്ഞെടുത്ത കൃഷിഭവനുകളില്‍ കംപ്യൂട്ടറുകള്‍ നല്‍കിയത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും സംസ്ഥാന കൃഷി ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പലയിടത്തും കംപ്യൂട്ടര്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായി. കൃഷി ഓഫീസുകളുടെ പ്രവര്‍ത്തനത്തെഇത് പ്രതികൂലമായി ബാധിച്ചു. കൃഷിസംബന്ധമായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനും ഓഫീസ് പ്രവര്‍ത്തനം വേഗത്തിലാക്കാനുമാണ് കംപ്യൂട്ടര്‍ നല്‍കിയത്. എന്നാല്‍ മിക്കയിടത്തും പദ്ധതി വിപരീതഫലമാണുണ്ടാക്കിയത്. കംപ്യൂട്ടര്‍ സ്ഥാപിച്ചപ്പോള്‍ എച്ച്പിയുടെ എന്‍ജിനീയര്‍ കൃഷിഭവനുകളിലെത്തി കൃഷി ഓഫീസറുടെ സാക്ഷ്യപ്പെടുത്തലും (അക്സപ്റ്റന്‍സ് ടെസ്റ്റ് പെര്‍ഫോമന്‍സ്) എഴുതി വാങ്ങിച്ചിരുന്നു. ഇതിനുശേഷം ഇവര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. കംപ്യൂട്ടര്‍ വിതരണത്തിന് സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയതില്‍ നേരത്തേ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. പരാതി സംബന്ധിച്ച് ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച നടത്തുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
(പി സി പ്രശോഭ്)

deshabhimani

No comments:

Post a Comment