Tuesday, October 29, 2013

സലിം രാജിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിക്കരുത്: ഹൈക്കോടതി

ഭൂമിതട്ടിപ്പു കേസില്‍ സലിം രാജിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ നശിപ്പിക്കരുതെന്ന് ഹൈക്കോടതി. 2011 മുതലുള്ള ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ സൂക്ഷിക്കാനാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നാലു മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബിഎസ്എന്‍എല്‍, വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനികള്‍ക്കാണ് കോടതിനിര്‍ദേശം. സിബിഐ അന്വേഷണത്തിന് കോള്‍ വിശദാംശങ്ങള്‍ ഉപകരിക്കുമെന്നും കോടതി നിരീക്ഷിച്ചു. കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ആരോപണ വിധേയരായവര്‍ തമ്മിലുള്ള ബന്ധം പുറത്തുവരുമെന്നും സലിം രാജിന്റെ പങ്ക് വ്യക്തമാവുമെന്നും ഹര്‍ജിഭാഗം ബോധിപ്പിച്ചു. കളമശേരി പത്തടിപ്പാലത്തെ ഭൂമിതട്ടിപ്പു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. അന്വേഷണത്തിനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ മൂന്ന് ആഴ്ചയ്ക്കകം പുറപ്പെടുവിക്കണം. അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കളമശേരി കേസില്‍ സലിം രാജ് പ്രതിയാണോയെന്ന് കേസ് വാദത്തിനിടെ കോടതി ആരാഞ്ഞു.

സലിം രാജും സംഘവും വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെന്നതുസംബന്ധിച്ച് 2013 ജൂലൈ ഒന്നിന് എറണാകുളം റേഞ്ച് ഐജിക്കു പരാതി ലഭിച്ചിട്ടും ആഗസ്ത് 17നു മാത്രമാണ് കേസെടുത്തത്. ഐജി എന്തുകൊണ്ട് യഥാസമയം നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ അതീവ ഗൗരവകരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. അഴിമതി നിരോധ നിയമപ്രകാരം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും ഇതുവരെ തുടര്‍നടപടി ഉണ്ടാകാത്തതിനാലാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. സലിം രാജ് ഉള്‍പ്പെട്ട തിരുവനന്തപുരം കടകംപള്ളി ഭൂമിതട്ടിപ്പു കേസിന്റെ വാദത്തിനിടെ, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. ജനങ്ങളുടെ കൈയടി നേടാന്‍ കോടതിയെ കരുവാക്കരുതെന്നും ഇതിന് വേറെ മാര്‍ഗം നോക്കണമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു. കോടതിക്ക് ഭൂമിയില്‍ ആരോടും വിധേയത്വമോ ആരെയും ഭയമോ ഇല്ല. നിയമം അറിയില്ലെങ്കില്‍ തന്നെ സമീപിച്ചാല്‍ പറഞ്ഞു നല്‍കാമെന്നും ജസ്റ്റിസ് റഷീദ് പറഞ്ഞു. വയസ്സായെന്നു പറഞ്ഞിട്ടു കാര്യമില്ല. കാര്യങ്ങള്‍ പഠിക്കണമെന്നും കോടതിക്കെതിരായ പ്രസ്താവനകള്‍ ശരിയല്ലെന്നും കോടതി പറഞ്ഞു. സലിം രാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഭൂമി തട്ടിപ്പുകേസ് പരിഗണിക്കവേയാണ് വി എസിന്റെ കടകംപള്ളി സന്ദര്‍ശനവും കോടതിക്കെതിരായ പ്രസ്താവനയും ചര്‍ച്ചയായത്. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കേസിലെ ഹര്‍ജിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. മുന്‍ മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയതെന്നും ഹര്‍ജിക്കാരുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം സ്ഥലത്തെത്തിയതെന്നും എതിര്‍കക്ഷികള്‍ വിശദീകരിച്ചു. തുടര്‍ന്നാണ് വി എസിന്റെ പ്രസ്തവനയ്ക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. വി എസ് നിയമം പഠിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും വി എസ് അടക്കമുള്ളവര്‍ കാര്യങ്ങള്‍ പഠിച്ചാവണം കോടതിക്കെതിരെ പരാമര്‍ശം നടത്താനെന്നും കോടതി പറഞ്ഞു. തങ്ങള്‍ പ്രതിപക്ഷ നേതാവു മുഖേന സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെങ്കിലും അക്കാര്യം സര്‍ക്കാര്‍ കോടതിയില്‍നിന്നു മറച്ചുവച്ചതായി കളമശേരി ഭൂമിതട്ടിപ്പിന് ഇരയായവര്‍ കോടതിയെ അറിയിച്ചു.

deshabhimani

No comments:

Post a Comment