Monday, October 28, 2013

നേരിട്ട് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നേരിട്ടുവാങ്ങല്‍ സംവിധാനം നിര്‍ത്തലാക്കി പഴയ "പൊന്നുംവില" സമ്പ്രദായം തിരികെകൊണ്ടുവരുന്നു. ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആയിരക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കുന്ന തീരുമാനം. ദേശീയപാതകള്‍ വീതികൂട്ടി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നയം മാറ്റുന്നത്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി(ഡിഎല്‍പിസി) മുഖേന നേരിട്ട് എറ്റെടുമ്പോള്‍ കിട്ടുന്നതിന്റെ മൂന്നിലൊന്നു തുകപോലും ഈ സംവിധാനത്തിലൂടെ ഭൂവുടമകള്‍ക്കു ലഭിക്കില്ല. ന്യായ വിലക്കായി കോടതിയെ സമീപിക്കാനുമാവില്ല. ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന നാമമാത്ര തുകയ്ക്ക് ഭൂമി നല്‍കി ആളുകള്‍ പലായനം ചെയ്യേണ്ടിവരും. തിരുവനന്തപുരത്തു ചേര്‍ന്ന ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) മെഗാ പദ്ധതികളുടെ അവലോകനയോഗത്തില്‍ അതോറിറ്റി ചീഫ് ജനറല്‍ മാനേജര്‍ ഐ ജി റെഡ്ഡിയാണ് ഈ മാറ്റം നിര്‍ദേശിച്ചത്. നേരിട്ടുവാങ്ങല്‍ സമ്പ്രദായം 1956ലെ ദേശീയപാത നിയമത്തിനു വിരുദ്ധമാണെന്നും പൊന്നുംവില സമ്പ്രദായത്തിലേ ഭൂമി ഏറ്റെടുക്കാനാവൂ എന്നും അദ്ദേഹം ശഠിച്ചു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങുകയായിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായിരിക്കെ തിടുക്കത്തിലുള്ള നയംമാറ്റം ദുരൂഹമാണ്. ജനം തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ കടുത്ത വെല്ലുവിളിയാണ്. ഇത് പരിഗണിച്ചാണ് ഭൂവുടമകള്‍ക്ക് പരമാവധി വിലപേശാന്‍ അവസരം നല്‍കുന്ന നേരിട്ട് വാങ്ങല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. വിപണിവിലയ്ക്ക് സമാനമായോ അതിനടുത്തോ വില ലഭിക്കുമ്പോള്‍ സ്വാഭാവികമായും ഭൂമി നല്‍കാന്‍ ആളുകള്‍ തയ്യാറാകും. കണ്ണൂര്‍ വിമാനത്താവളത്തിനും കൊച്ചി മെട്രോ പദ്ധതിക്കും ഭൂമി ഏറ്റെടുത്തത് ഇത്തരത്തിലാണ്. പൊന്നുംവില സമ്പ്രദായത്തില്‍ നിശ്ചയിക്കുന്ന വില വിപണി വിലയുടെ അടുത്തുപോലുമെത്തില്ല. സമാനമായ ഭൂമിക്ക് മൂന്നുവര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയാണ് പൊന്നുംവിലയായി നിശ്ചയിക്കുക. ഇതില്‍ ഭൂവുടമയ്ക്ക് റോളില്ല. സാധാരണഗതിയില്‍ യഥാര്‍ഥ വില ആധാരത്തില്‍ കാണിക്കാറില്ലെന്നിരിക്കെ പൊന്നുംവിലയായി എത്ര ഉയര്‍ന്ന തുക നിശ്ചയിച്ചാലും അതിന് വിപണിവിലയുമായി ബന്ധമുണ്ടാകില്ല. കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തില്‍ ഡിഎല്‍പിസിയും ഭൂവുടമകളുമായുള്ള ചര്‍ച്ച കഴിഞ്ഞ ആഴ്ചയായിരുന്നു. സെന്റിന് രണ്ടര ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിട്ടും ഭൂവുടമകള്‍ വഴങ്ങിയില്ല. വില വര്‍ധിപ്പിക്കണമെന്നും പുനരധിവാസ പദ്ധതി വേണമെന്നുമായിരുന്നു ആവശ്യം. പൊന്നുംവില സമ്പദായത്തില്‍ ഇവിടെ സെന്റിനു ലഭിക്കുക ശരാശരി ഒരു ലക്ഷമായിരിക്കും.
(കെ ടി ശശി)

deshabhimani

No comments:

Post a Comment