Sunday, October 27, 2013

എന്‍ട്രന്‍സിന് മുന്നേ എംബിബിഎസ് സീറ്റിലേക്കുള്ള ബുക്കിംങ് ആരംഭിച്ചു

എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞില്ല, അതിനുമുമ്പേ സ്വാശ്രയ കോളജുകള്‍ അടുത്ത അധ്യായനവര്‍ഷത്തിലെ എം ബി ബി എസ് സീറ്റിലേക്കുള്ള ബുക്കിംങ് ആരംഭിച്ചു. സംസ്ഥാനത്തെ ഒരു പ്രധാന ഡെന്റല്‍ കോളജിലും എം ബി ബി എസ് സീറ്റിനുള്ള ബുക്കിംങ് ആരംഭിച്ചു.

അടുത്ത വര്‍ഷം എം ബി ബി എസിനുള്ള അനുമതി ലഭിക്കുമെന്ന് പറഞ്ഞാണ് കോളജ് അധികൃതര്‍ ബുക്കിംങ് ആരംഭിച്ചിരിക്കുന്നത്.വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഡെന്റല്‍ കോളജ് ഇത് സംബന്ധിച്ച് പത്രപരസ്യവും നല്‍കിക്കഴിഞ്ഞു. അടുത്ത വര്‍ഷത്തെ എം ബി ബി എസ്, ബി ഡി എസ്, എം ഡി എസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള സീറ്റ് നേരത്തെ ബുക്ക് ചെയ്യാമെന്ന പരസ്യമാണ് ഈ സ്ഥാപനം നല്‍കിയിരിക്കുന്നത്.

ഡെന്റല്‍ കോളജില്‍ എം ബി ബി എസ് എങ്ങനെ പഠിപ്പിക്കുമെന്ന് ചോദിക്കുന്നവരോട് അടുത്തവര്‍ഷത്തേക്ക് ഈ സീറ്റ് കോളജിന് ലഭിക്കുമെന്ന് ഉറപ്പുപറയുകയാണ് അധികൃതര്‍. എന്നാല്‍ ഇതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും അനുമതി ആവശ്യമുണ്ട്. അത് ഇതുവരെ കോളജിന് ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ അവസാനിക്കും മുന്‍പെ തന്നെ അടുത്ത വര്‍ഷത്തെ സീറ്റുകള്‍ കച്ചവടം ചെയ്യാനുള്ള വലിയ ഒരു നീക്കമാണ് ഇതിലൂടെ പുറത്ത് വരുന്നത്. എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്ക് എത്ര പുറകിലാണെങ്കിലും പണം നല്‍കിയാല്‍ സീറ്റ് ലഭിക്കുമെന്ന വ്യക്തമായ സൂചനകളും ഈ പരസ്യം നല്‍കുന്നുണ്ട്.

janayugom

No comments:

Post a Comment