Thursday, October 31, 2013

കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

മുഖ്യമന്ത്രിയെ കല്ലെറിയുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനായി പൊലീസും ചാനലുകളും ചേര്‍ന്ന് അവതരിപ്പിച്ച ആള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദിനെയാണ് ടിവി ദൃശ്യങ്ങളില്‍നിന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. കൊളച്ചേരി പഞ്ചായത്തിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുസ്ലിംലീഗ് ഓഫീസ് തീ വച്ചതടക്കം വിവിധ ക്രിമിനല്‍ സംഭവങ്ങളില്‍ പങ്കാളിയുമാണ് കുഞ്ഞിമുഹമ്മദ്.

മുഖ്യമന്ത്രിയുടെ കാറിന് കല്ലെറിഞ്ഞത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് സ്ഥാപിക്കാന്‍ പൊലീസാണ് ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കിയത്. ഏഷ്യാനെറ്റും മനോരമയുമടക്കമുള്ള പ്രധാന ചാനലുകള്‍ നുണക്കഥയേറ്റെടുത്ത് തിങ്കളാഴ്ചമുതല്‍ എല്‍ഡിഎഫിനെതിരെ പച്ചക്കള്ളം പ്രചരിപ്പിച്ചു. പൊലീസ് നല്‍കിയ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണിച്ചു. "ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ കല്ലെറിയുന്നു"വെന്ന അടിക്കുറിപ്പോടെ മനോരമ ഓണ്‍ലൈനില്‍ വന്ന കുഞ്ഞിമുഹമ്മദിന്റെ ചിത്രം യുട്യൂബിലുംഫെയ്സ് ബുക്കിലുമൊക്കെ പ്രചരിക്കുന്നതിനിടെയാണ് നാട്ടുകാര്‍ "യഥാര്‍ഥ പ്രതിയെ" തിരിച്ചറിഞ്ഞത്. കുഞ്ഞിമുഹമ്മദിനൊപ്പം ഡിസിസി അംഗവും നടുവില്‍ പഞ്ചായത്ത് അംഗവുമായ ബേബി ഓടംപള്ളിയെയും കാണാം.

കൈരളി- പീപ്പിള്‍ ചാനലാണ് പ്രമുഖ ചാനലുകളുടെ "ഉമ്മന്‍ചാണ്ടി സേവ" പൊളിച്ച് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത വന്ന് ഒരുമണിക്കുറിനകം കോണ്‍ഗ്രസുകാര്‍ കുഞ്ഞിമുഹമ്മദിനെ ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കല്ലെറിഞ്ഞെന്ന് സമ്മതിച്ച ഇയാള്‍ മുഖ്യമന്ത്രിയെയല്ല, എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് എറിഞ്ഞതെന്നാണ് അവകാശപ്പെട്ടത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സമരത്തില്‍ എന്തിന് നുഴഞ്ഞുകയറിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. വാര്‍ത്ത വന്നയുടന്‍ ഡിസിസി ഓഫീസില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധവും വെളിപ്പെട്ടു. ഗ്രൂപ്പുവഴക്കിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ പി പ്രഭാകരനെ ഗ്രാമസഭയില്‍ വച്ച് മര്‍ദിച്ച കേസിലും കുഞ്ഞിമുഹമ്മദ് പ്രതിയാണ്. ഇയാളുടെ അടുത്തബന്ധു യാഹ്യ കെ സുധാകരന്റെ ഗുണ്ടാസംഘാംഗമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതുപോലെ കോണ്‍ഗ്രസ് ക്രിമിനലുകളും ക്വട്ടേഷന്‍ സംഘാംഗങ്ങളും എല്‍ഡിഎഫ് സമരത്തിലേക്ക് നുഴഞ്ഞുകയറിയെന്നതിന്റെ വ്യക്തമായ തെളിവാണിത്. സമാധാനപരമായ സമരത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതും മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും ആരെന്ന് തെളിയുകയാണ്.

deshabhimani

No comments:

Post a Comment