Tuesday, October 29, 2013

ഗണ്‍മാന്റെ സ്ഥാനത്ത് സിദ്ദിഖിനെ ഇരുത്തിയത് ഗുരുതരവീഴ്ച

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ മുന്‍സീറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെ ഇരുത്തിയത് ഗുരുതര സുരക്ഷാപാളിച്ചയെന്ന് പൊലീസ്. പൊതുവില്‍ ഗണ്‍മാനാണ് ഈ ഭാഗത്ത് ഇരിക്കാറ്. അതിക്രമങ്ങളുണ്ടായാല്‍ ഗണ്‍മാന്‍ തോക്കുമായി ചാടിയിറങ്ങി തടയണമെന്നാണ് വ്യവസ്ഥ. സംഘര്‍ഷ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് വിഐപികള്‍ എത്തുന്നതെങ്കില്‍ ഗണ്‍മാന്‍ നിര്‍ബന്ധമായും വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കണം. മറ്റുള്ളവരെ വാഹനത്തില്‍ കയറ്റാനും പാടില്ല. ഏറ്റവും പിന്നിലെ സീറ്റിലാണ് ഗണ്‍മാന്‍ രവീന്ദ്രന്‍നായര്‍ ഇരുന്നത്.

ഇന്നോവയില്‍ ടി സിദ്ദിഖിനെ കൂടാതെ മന്ത്രി കെ സി ജോസഫും ഉണ്ടായിരുന്നു. ഗണ്‍മാനെ പിന്നിലേക്ക് മാറ്റിയതാണ് മുഖ്യമന്ത്രിയുടെ നേരിയ പരിക്കിന് വഴിയൊരുക്കിയതെന്നാണ് കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗം വിലയിരുത്തിയത്. സുരക്ഷാപിഴവുകളെച്ചൊല്ലി പ്രതിക്കൂട്ടിലായ പൊലീസിന്റെ ഈ നിഗമനം ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിമര്‍ശനമാണ്. അന്തരിച്ച സംഗീതസംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ തലശേരിയിലെ വീട്ടിലെത്തിയശേഷമാണ് മുഖ്യമന്ത്രിയും സംഘവും കണ്ണൂരിലേക്ക് തിരിച്ചത്. ഇവിടെനിന്നാണ് സിദ്ദിഖ് ഡ്രൈവര്‍ക്കൊപ്പം മുന്നിലിരുന്നത്. സിദ്ദിഖിന്റെ കൈക്ക് ചെറിയ പരിക്കുണ്ട്. ഈ കൈയും പൊക്കിപ്പിടിച്ചാണ് സിദ്ദിഖ് പിന്നീട് പ്രസംഗിച്ചത്. അതിനിടെ, ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍റെഡ്ഡിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച കണ്ണൂരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേര്‍ന്നു.

പൊലീസിന്റെ സ്വന്തം പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റത് ആഭ്യന്തരവകുപ്പിന്റെ പിഴവായാണ് വിലയിരുത്തപ്പെടുന്നത്. പൊലീസ് അത്ലറ്റിക് മീറ്റ് നടന്ന ഗെയിംസ് വില്ലേജിനോട് അടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ സഞ്ചരിച്ച പൊലീസ് ബസ് നിന്നതാണ് മറ്റുവാഹനങ്ങളും നിര്‍ത്താനിടയാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ പിന്നിലുള്ള ക്വിക് റെസ്പോണ്‍സ് ടീം വിഐപിയുടെ വാഹനത്തിന് വലയം തീര്‍ത്ത് സംരക്ഷിക്കണം. അതും ഉണ്ടായില്ല. സംഘര്‍ഷങ്ങള്‍ നേരിടുന്നതില്‍ പരിചയമുള്ള എആര്‍ ക്യാമ്പിലെ പ്രഗത്ഭരായ പൊലീസുകാരെ ഗ്രൗണ്ട് ഡ്യൂട്ടിക്കാണ് നിയോഗിച്ചത്. എംഎസ്പി ടീമില്‍ ഭൂരിഭാഗവും ബാരക്കിലായിരുന്നു. മുന്‍വശത്തെ പ്രധാന കവാടത്തില്‍ സ്ഥലപരിചയമില്ലാത്ത പാലക്കാട് കെഎപിയിലെ ഡപ്യൂട്ടി കമാന്‍ഡന്റിനെ നിയോഗിച്ചതും പാളിച്ചയായി. യോഗത്തില്‍ റേഞ്ച് ഐജി സുരേഷ് രാജ് പുരോഹിത്, ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ എന്നിവരും പങ്കെടുത്തു.

deshabhimani

No comments:

Post a Comment