Monday, October 28, 2013

യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തണം; സമരവുമായി മുന്നോട്ട്:പിണറായി

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച യഥാര്‍ത്ഥപ്രതിയെ കണ്ടെത്തണമെന്നും എന്നാല്‍ അതിന്റെ പേരില്‍ സിപിഐ എംകാരെ വേട്ടയാടാമെന്ന് കരുതേണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പരിക്കേറ്റത് ഗൗരവമായ കാര്യമാണ്. എന്നാല്‍ അതില്‍ എല്‍ഡിഎഫിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയതാണ്. ഈ സന്ദര്‍ഭത്തില്‍ ഇത്തരം ഒരു ആക്രമണം ആരെയാണ് സഹായിക്കുക. അത് മുഖ്യമന്ത്രിയെ തന്നെയാണ്. തട്ടിപ്പുകളടെ പേരില്‍ സംസ്ഥാനത്ത്് ഇത്രയേറെ ഒറ്റപ്പെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ദിവസംതോറും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ തെളിവുകള്‍ പുറത്തുവരികയാണ്.അടുത്തിടെ പിടിയിലായ കവിത ഇനി എന്തെല്ലാമാണ് പറയാനുള്ളത് എന്നേ ഇനി നോക്കാനുള്ളൂ. അങ്ങിനെയുള്ള മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായ സമരമാണ് എല്‍ഡിഎഫ് നടത്തുന്നത്. ലക്ഷത്തിലേറെ പേരെ അണിനിരത്തി സെക്രട്ടറിയറ്റ് ഉപരോധിച്ചിട്ടും ഒരു പ്രകോപനവും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ലോകം മുഴുവന്‍ അത് കണ്ടതാണല്ലോ. അത്കൊണ്ട്തന്നെ എല്‍ഡിഎഫിെന്‍റ പ്രവര്‍ത്തകര്‍ നിയന്ത്രണവിധേയരാണ്. അതിനാല്‍ ഇതിന്റെ പേരിലുള്ള എത് അന്വേഷണത്തേയും എല്‍ഡിഎഫ് സ്വാഗതം ചെയ്യും.

എന്നാല്‍ ഈ സമരത്തിന്റെ ഇടയില്‍ ഒറ്റപ്പെട്ടുപോയ മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാന്‍ ആരെങ്കിലും ആസുത്രണം ചെയത പദ്ധതിയാകും ഇന്നലെ നടപ്പാക്കിയത്. എല്‍ഡിഎഫിന്റെ സമരത്തിനിടയില്‍ നുഴഞ്ഞ് കയറി ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ ഇടയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നല്ലോ. എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷനേതാവും മറ്റ് എംഎല്‍എമാരും ഇരിക്കുന്നിടത്തേക്ക് ഗ്രനേഡെറിഞ്ഞ പൊലീസാണ് ഇവിടെയുള്ളത്. സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ സമരം പിന്‍വലിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി വാക്ക് മാറി.അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയോ ഓഫീസോ ഇല്ല. സിറ്റിങ് ജഡ്ജിയുമില്ല. ഇതോടെയാണ് സമരം ശക്തമാക്കാനും മുഖ്യമന്ത്രി പോകുന്ന എല്ലാ പരിപാടികളിലും കരിങ്കൊടി കാണിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചത്. അത് സമാധാനപരമായാണ് നടത്തുന്നത്.

കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിന്നിരുന്നിടത്തല്ല ആക്രമണമുണ്ടായത്.എന്നാല്‍ സംഭവം കഴിഞ്ഞ് സിപിഐ എം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നതുവരെ ഒറ്റ പ്രവര്‍ത്തകനേയും പൊലീസ് പിടിച്ചിരുന്നില്ല. എന്നാല്‍ പീന്നീട് വീട്ടില്‍ ഉറങ്ങി കിടന്നിരുന്നവരെ വരെ വാതില്‍ ചവുട്ടിപൊളിച്ച് പൊലീസ് കൊണ്ടുപോയി. ഇവരില്‍ പലരും കരിങ്കൊടി കാണിക്കാന്‍പോലും വന്നവരല്ല.. നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ പേരില്‍ സിപിഐ എമ്മിനെ തല്ലിയൊതുക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ സിപിഐഎം നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് സംഘര്‍ഷമുണ്ടാക്കിയേക്കുമെന്നും അതിനാല്‍ ഒഴിവാക്കമെന്നും ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം പാലിച്ചാണ് ആശുപത്രിയില്‍ പോകാതിരിക്കുന്നതെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സത്യം പുറത്തുവരണം: പിണറായി

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച യഥാര്‍ഥ പ്രതികളെയും അതിനുപിന്നിലെ ആസൂത്രകരെയും വെളിച്ചത്ത് കൊണ്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിനുശേഷം രണ്ടു പരിപാടികളില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രിക്ക് പരിക്കേറ്റതിനെ ഗൗരവമായി കാണുന്നു. മുഖ്യമന്ത്രിക്ക് നേരിയ പോറലേല്‍ക്കുന്നതുപോലും ഉല്‍ക്കണ്ഠാജനകമാണ്. ആക്രമണം നടത്തിയത് എല്‍ഡിഎഫ് പ്രവര്‍ത്തകരല്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കുക എന്നത് എല്‍ഡിഎഫ് അജന്‍ഡയിലില്ല.

ഇത്തരം ആക്രമണത്തിന്റെ ഗുണഫലം ഏറ്റവും കൂടുതല്‍ ലഭിക്കുക സമൂഹത്തിലേറ്റവും കൂടുതല്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രിക്കാണ്. തട്ടിപ്പുകേസുകളിലെ പങ്കാളിത്തത്താല്‍ സംസ്ഥാനത്ത്് ഇത്രയേറെ ഒറ്റപ്പെട്ട മുഖ്യമന്ത്രി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ദിവസംതോറും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ തെളിവുകള്‍ പുറത്തുവരുന്നു. സോളാര്‍ തട്ടിപ്പിനുപിന്നാലെ സലിംരാജ്, ഫയാസ് ഇങ്ങനെ നാട്ടില്‍ എന്തെല്ലാം തട്ടിപ്പുണ്ടോ അതിന്റെയെല്ലാം സംരക്ഷണകേന്ദ്രമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മാറി. ഇപ്പോള്‍ പിടിയിലായ കവിതാപിള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാന്‍ പോകുകയാണ്. ഇങ്ങനെയുള്ള അവസ്ഥ മറ്റൊരു പൊതുപ്രവര്‍ത്തകനാണ് നേരിട്ടതെങ്കില്‍ ഇതിനുമുമ്പേ രാജിവച്ചേനെ. അതിന് തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ രാജിക്കായി സമാധാനപരമായ സമരമാണ് കഴിഞ്ഞ ജൂണ്‍മുതല്‍ എല്‍ഡിഎഫ് നടത്തുന്നത്.

ലക്ഷത്തിലേറെപ്പേരെ അണിനിരത്തി സെക്രട്ടറിയറ്റ് ഉപരോധിച്ചിട്ടും ഒരു പ്രകോപനവുമുണ്ടായിട്ടില്ല. ഞങ്ങള്‍ നടത്തിയ സമരം ഒരിടത്തും അക്രമാസക്തമായിട്ടില്ല. സമരത്തിന്റെ ഫലമായിമാത്രമല്ല, കോടതിയുടെയും ബഹുജനങ്ങളുടെയും വിശ്വാസംകൂടി നഷ്ടപ്പെട്ട് ഒറ്റപ്പെട്ട മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ആരെങ്കിലും ആസൂത്രണംചെയ്ത പദ്ധതിയാകും കണ്ണൂരില്‍ നടപ്പാക്കിയത്.

എല്‍ഡിഎഫിന്റെ സമരത്തിനിടയില്‍ നുഴഞ്ഞുകയറി ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ ഇടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടും എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷനേതാവും മറ്റ് എംഎല്‍എമാരും ഇരിക്കുന്നിടത്തേക്ക് ഗ്രനേഡെറിഞ്ഞ പൊലീസാണ് ഇവിടെയുള്ളത്. സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, സമരം പിന്‍വലിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി വാക്കുമാറ്റി. അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയോ ഓഫീസോ ഇല്ല. സിറ്റിങ് ജഡ്ജിയുമില്ല. ഇതോടെയാണ് സമരം ശക്തമാക്കാനും മുഖ്യമന്ത്രി പോകുന്ന എല്ലാ പരിപാടികളിലും കരിങ്കൊടി കാണിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചത്. അത് സമാധാനപരമായാണ് നടത്തുന്നത്.

കണ്ണൂരില്‍ കരിങ്കൊടി കാട്ടാന്‍ എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിന്നിരുന്നിടത്ത് കല്ലേറോ മറ്റ് അക്രമസംഭവങ്ങളോ ഉണ്ടായില്ല. സംഭവം കഴിഞ്ഞ്, സിപിഐ എം പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്ന് ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നതുവരെ ഒറ്റ പ്രവര്‍ത്തകനെയും പൊലീസ് പിടിച്ചിരുന്നില്ല. പിന്നീട് വീട്ടില്‍ ഉറങ്ങിക്കിടന്നവരെവരെ വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ് കൊണ്ടുപോയി. ഇവരില്‍ പലരും സമരകേന്ദ്രത്തില്‍ വന്നവരല്ല. നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ പേരില്‍ സിപിഐ എം- എല്‍ഡിഎഫ് വേട്ട വിലപ്പോകില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ആസൂത്രണംചെയ്തതാണോ ആക്രമണമെന്നും അതിലെ യഥാര്‍ഥ പ്രതികള്‍ ആരെന്നതുമാണ് അറിയേണ്ടത്. അതിനുള്ള ഏതുതരത്തിലെ അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറായാല്‍ അതിനെ സ്വാഗതംചെയ്യുമെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

deshabhimani

No comments:

Post a Comment