Wednesday, October 30, 2013

പശ്ചിമബംഗാളില്‍ ജനാധിപത്യ ധ്വംസനം; പഞ്ചായത്ത് ഭരണം തട്ടിയെടുക്കുന്നു

ബംഗാളില്‍ പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന പഞ്ചായത്തുകളുടെ ഭരണം തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിയിലൂടെയും പ്രലോഭനത്തിലൂടെയും പിടിച്ചെടുക്കുന്നു. ജൂലൈയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ഹല്‍ദിബാഡി, ദല്‍കോല, ഖരക്പുര്‍, ദുബ്രാജ്പുര്‍, ബരാംപുര്‍, ബീര്‍നഗര്‍, എഗ്ര, ദുലിയാന്‍, കൃഷ്ണനഗര്‍ എന്നീ മുനിസിപ്പാലിറ്റികളുടെയും ഇടതുമുന്നണി ഭരണത്തിലുള്ള ഹാള്‍ദിയ മുനിസിപ്പാലിറ്റിയുടെയും ഭരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

ഇടതുമന്നണിയുടെ മൂന്നു കൗണ്‍സിലര്‍മാരെ വധഭീഷണിയിലൂടെ കൂറുമാറ്റിയാണ് ഹല്‍ദിയയില്‍ ഭരണം അട്ടിമറിച്ചത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കൃഷ്ണനഗര്‍ മുനിസിപ്പാലിറ്റിയില്‍ അടുത്ത മാസം കാലാവധി പൂര്‍ത്തിയായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അട്ടിമറി. ഇടതുമുന്നണിക്ക് ഓരോ അംഗങ്ങളുടെ ഭൂരിപക്ഷംമാത്രമുള്ള പഞ്ചായത്തുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പഞ്ചായത്തുകളില്‍ അംഗങ്ങളെ വകവരുത്തിയശേഷമാണ് ഭരണം തൃണമൂല്‍ തട്ടിയെടുത്തത്. തൃണമൂലില്‍നിന്ന് സിപിഐ എം ഭരണം പിടിച്ചെടുത്തതിന്റെ പകപോക്കാന്‍ ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ ഹസനാബാദ് പഞ്ചായത്ത് സമിതി ചെയര്‍മാന്‍ ജഹാംഗീര്‍ അലാമിനെ കൊലപ്പെടുത്തി. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ മതല, മെരിഗഞ്ച്, മൂര്‍ഷിദാബാദ് ജില്ലയിലെ ഫറൂക്കാ, നാദിയ ജില്ലയിലെ നാരായണ്‍പുര്‍ എന്നീ പഞ്ചായത്തുകളിലാണ്് ഇടതുമുന്നണി അംഗങ്ങളെ കൊലപ്പെടുത്തിയത്. ഇടതുമുന്നണി,കോണ്‍ഗ്രസ് അംഗങ്ങളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിയശേഷമായിരുന്നു സിലിഗുരി ഉപജില്ലാ പരിഷത്ത് ഭരണം അട്ടിമറിച്ചത്.
(ഗോപി)

deshabhimani

No comments:

Post a Comment