Tuesday, October 29, 2013

പുരോഗമന കലാസാഹിത്യസംഘം സമ്മേളനം മല്ലിക സാരാഭായ് ഉദ്ഘാടനംചെയ്യും

പുരോഗമന കലാസാഹിത്യസംഘം പത്താം സംസ്ഥാന സമ്മേളനം നവംബര്‍ 1, 2, 3 തീയതികളില്‍ പാലക്കാട്ട് നടക്കും. പി ഗോവിന്ദപ്പിള്ള നഗറില്‍ (പാലക്കാട് നഗരസഭാ ടൗണ്‍ഹാള്‍) നര്‍ത്തകി ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്യും. ബംഗാളി എഴുത്തുകാരി തിലോത്തമ മജുംദാര്‍, യു എ ഖാദര്‍ എന്നിവര്‍ സംസാരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നു ദിവസത്തെ സമ്മേളനത്തില്‍ സാംസ്കാരികമേഖലയിലെ പ്രവണതകളും പ്രശ്നങ്ങളും പ്രതിസന്ധിയും ചര്‍ച്ചയാകും. ഭാവിപ്രവര്‍ത്തന നയരേഖക്ക് സമ്മേളനം രൂപം നല്‍കും. മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും. 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സെമിനാര്‍, കല-സാംസ്കാരിക പ്രവര്‍ത്തകരെ ആദരിക്കല്‍, പുസ്തകപ്രകാശനം എന്നിവയുമുണ്ടാകും. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നാള്‍വഴികള്‍ ഓര്‍മപ്പെടുത്തുന്ന പ്രദര്‍ശനത്തോടെയാണ് സമ്മേളനം തുടങ്ങുക. സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനം 31ന് വൈകിട്ട് അഞ്ചിന് ടൗണ്‍ഹാള്‍ പരിസരത്ത് എം ചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഒന്നിന് വൈകിട്ട് 4.30ന് "അധികാരവും മാധ്യമങ്ങളും" എന്ന സെമിനാറില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എ കെ ബാലന്‍ എംഎല്‍എ, മാധ്യമപ്രവര്‍ത്തകരായ സെബാസ്റ്റ്യന്‍പോള്‍, കെ കെ ഷാഹിന, റൂബിന്‍ ഡിക്രൂസ് എന്നിവര്‍ പങ്കെടുക്കും.

രണ്ടാം ദിവസം പകല്‍ 2.30ന് "ഭാഷയും ജനാധിപത്യവും" എന്ന വിഷയത്തിലും മൂന്നിന് പകല്‍ 11ന് "സ്ത്രീ സാഹിത്യത്തിലും സമൂഹത്തിലും" എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. എസ് രമേശന്‍, ഡോ. എസ് രാജശേഖരന്‍, പ്രൊഫ. കെ പി ശങ്കരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എ ജി ഒലീന, സുജ സൂസന്‍ ജോര്‍ജ്, ടി എന്‍ സീമ, ഖദീജ മുംതാസ്, കെ ആര്‍ മീര, മലര്‍വതി, പി എസ് ശ്രീകല എന്നിവര്‍ വിവിധ സെമിനാറുകളില്‍ പങ്കെടുക്കും. രണ്ടിന് നടക്കുന്ന കലാസാഹിത്യസംഗമത്തില്‍ സി എന്‍ കരുണാകരന്‍, ലെനിന്‍ രാജേന്ദ്രന്‍, പ്രിയനന്ദനന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, നീന പ്രസാദ്, മണ്ണൂര്‍ രാജകുമാരനുണ്ണി, സുകുമാരി നരേന്ദ്രമേനോന്‍ എന്നിവര്‍ പങ്കെടുക്കും. അശോകന്‍ ചെരുവിലിന്റെ "എഴുത്തിന്റെ വെയിലും നിലാവും", കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ "ഹ്യൂഗോ ഷാവേസ് ഒരു ഓര്‍മപ്പുസ്തകം", "പുരോഗമന സാഹിത്യപ്രസ്ഥാനം- ചരിത്രവും വര്‍ത്തമാനവും", ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടിയുടെ "ഇപ്പോള്‍ ചിരിക്കുന്നതാര്", എം എസ് കുമാറിന്റെ "കുഞ്ഞാര്യ", കെ രാജഗോപാലിന്റെ "ചുവന്ന റോസ്" തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവുമുണ്ടാകും.

ഒന്നിന് വൈകിട്ട് പാലക്കാട് ഫോര്‍ട്ട് കലാവേദി അവതരിപ്പിക്കുന്ന "മത്തായിയെ റഫറി പുറത്താക്കി" നാടകം, രണ്ടിന് കവിതാലാപനം, അഞ്ജലി സുധാകരന്റെ നൃത്തം, "തൊഴില്‍കേന്ദ്രത്തിലേക്ക്" എന്ന ഹ്രസ്വചിത്രപ്രദര്‍ശനം എന്നിവയുമുണ്ടാകും. സംഘാടകസമിതി ചെയര്‍മാന്‍ എം ബി രാജേഷ് എംപി, ജനറല്‍കണ്‍വീനര്‍ എ കെ ചന്ദ്രന്‍കുട്ടി, ടി ആര്‍ അജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment