Monday, October 28, 2013

അടൂര്‍ പ്രകാശും തിരുവഞ്ചൂരും ഏറ്റവും പിന്നില്‍; മുഖ്യമന്ത്രിയും താഴെ

സംസ്ഥാനത്ത് എംഎല്‍എ ഫണ്ട് ചെലവഴിച്ചതില്‍ മന്ത്രിമാരായ അടൂര്‍ പ്രകാശും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏറ്റവും പിന്നില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. പിന്നില്‍നിന്ന് നാലാമതാണ് മുഖ്യമന്ത്രിയുടെ സ്ഥാനം. വിവരാവകാശ നിയമപ്രകാരം കലക്ടര്‍മാര്‍ നല്‍കിയ മറുപടിയിലാണ് 2011 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് 31 വരെയുള്ള രണ്ടുവര്‍ഷത്തെ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് വ്യക്തമാകുന്നത്. മന്ത്രിമാര്‍, ചീഫ് വിപ്പ്, സ്പീക്കര്‍ എന്നിവരുടെ ഫണ്ട് വിനിയോഗമാണ് ശേഖരിച്ചത്.

കോന്നി നിയമസഭാംഗമായ അടൂര്‍പ്രകാശ് 2011-12, 2012-13 വര്‍ഷങ്ങളിലായി ചെലവഴിച്ചത് 51.91 രൂപ മാത്രമാണ്. രണ്ടുവര്‍ഷങ്ങളിലായി രണ്ടുകോടി രൂപയാണ് ഇദ്ദേഹത്തിന് അനുവദിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെലവഴിച്ചത് 56.30 രൂപയും. തിരുവഞ്ചൂരിന് 2011-12 വര്‍ഷം ഒരുകോടി രൂപയും പിറ്റേ വര്‍ഷം 75 ലക്ഷം രൂപയും എംഎല്‍എ ഫണ്ടായി ലഭിച്ചു. എന്നാല്‍ 46.61 ലക്ഷം രൂപ, 9.69 ലക്ഷം രൂപ എന്നീ ക്രമത്തിലാണ് ഫണ്ട് ചെലവഴിച്ചത്. നാലാംസ്ഥാനത്തുള്ള മുഖ്യമന്ത്രി 2011-12 വര്‍ഷം ഒരുകോടി രൂപയില്‍ 50,30,353 രൂപയാണ് വിനിയോഗിച്ചത്. അടുത്തവര്‍ഷം 75 ലക്ഷം രൂപ കിട്ടിയപ്പോള്‍ വിനിയോഗം 9.64 ലക്ഷം രൂപ മാത്രമാണ്. മൂന്നാമതുള്ള മന്ത്രി എം കെ മുനീര്‍ 2011-12ല്‍ ഒരുകോടിയില്‍നിന്ന് 42.97 ലക്ഷം രൂപയും പിറ്റേവര്‍ഷം ഒരുകോടിയില്‍ 13.77 ലക്ഷം രൂപയും ചെലവഴിച്ചു. മൊത്തം ഫണ്ട് വിനിയോഗം 56.74 രൂപയാണ്.

 പിന്നില്‍നിന്ന് അഞ്ചാമതുള്ള വണ്ടൂര്‍ നിയമസഭാംഗം മന്ത്രി എ പി അനില്‍കുമാര്‍ ചെലവഴിച്ചത് 65.60 ലക്ഷം രൂപയാണ്. ആദിവാസികളുടെ കണ്ണീരൊപ്പാനെന്ന പേരില്‍ അധികാരത്തിലേറിയ മാനന്തവാടി നിയമസഭാംഗമായ മന്ത്രി പി കെ ജയലക്ഷ്മിയാണ് തൊട്ടടുത്ത്. രണ്ടുകോടി ലഭിച്ചിട്ടും 68.77 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ഇവര്‍ക്ക് മുന്നിലുള്ള മന്ത്രി കെ സി ജോസഫ് രണ്ട് കോടിയില്‍ 69.88 ലക്ഷം രൂപയും മന്ത്രി കെ പി മോഹനന്‍ 70.82 ലക്ഷം രൂപയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി 74.18 ലക്ഷം രൂപയും വിനിയോഗിച്ചു. മന്ത്രി വി എസ് ശിവകുമാറാണ് ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍. 2.24 കോടിരൂപയാണ് വിനിയോഗം. രണ്ടുകോടിയില്‍പ്പരം ചെലവഴിച്ച മന്ത്രി ഇബ്രാഹിംകുഞ്ഞ്, 1.95 കോടി ചെലവഴിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവരാണ് തൊട്ടടുത്ത്. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഫണ്ട് വിനിയോഗം ഒരുകോടി 23ലക്ഷം രൂപയാണെന്നും വിവരാവകാശരേഖ തെളിയിക്കുന്നു. കോട്ടയം നഗരസഭാവികസനസമിതി പ്രസിഡന്റ് അഡ്വ. അനില്‍ ഐക്കരക്കാണ് വിവരാവകാശരേഖ ലഭിച്ചത്.

deshabhimani

No comments:

Post a Comment