Tuesday, November 12, 2013

കെപിസിസി അംഗമടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം

കയര്‍ തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ റിമോട്ട് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും കെപിസിസി അംഗവുമായ രാജേന്ദ്രപ്രസാദ് അടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം നല്‍കി. പ്രതികളില്‍ അഞ്ചുപേര്‍ കയര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരാണ്.

വായ്പ തിരിച്ചടയ്ക്കേണ്ടെന്ന് ഉറപ്പുനല്‍കി തറികള്‍ സ്ഥാപിച്ചെന്ന് രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇതിനായി രാജേന്ദ്രപ്രസാദ് ഇല്ലാത്ത കമ്പനിയുടെ രേഖകളും ഉണ്ടാക്കിയതായി സിബിഐ കണ്ടെത്തി. തറികള്‍ സ്ഥാപിക്കാതെ 188 പേര്‍ക്ക് 86,33,705 രൂപയാണ് അനധികൃതമായി വായ്പ നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കയര്‍ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ആന്റോനെല്‍ വാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി ബാബു, എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഓഫീസര്‍ കെ വി മോഹനന്‍, കയര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ കെ ജി രാഘവന്‍, കണ്ണൂര്‍ റീജണല്‍ ഓഫീസര്‍ ടി രവീന്ദ്രന്‍, കാട്ടൂര്‍ രശ്മി വുഡ് വര്‍ക്സ് ഉടമ സോമന്റെ ഭാര്യ ടി എ സലിലമ്മ, ആലപ്പുഴ അവലൂകുന്ന് എസ് എന്‍ജിനിയേഴ്സ് ഉടമകളായ സി വി രാജേഷ്, പി ബാബു, ഹൈനസ് എന്‍ജിനിയറിങ് വര്‍ക്സ് ഉടമ ടി എന്‍ സത്യവാന്‍, മരുത്തോര്‍വട്ടം രാഹുല്‍ എന്‍ജിനിയറിങ് വര്‍ക്സ് ഉടമ പി കെ കുഞ്ഞുമോന്‍ എന്നിവരാണ് മറ്റു പ്രതികള്‍. അഴിമതി നിരോധന നിയമം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ കയര്‍ ബോര്‍ഡ്വഴി നടപ്പാക്കിയ റീജുവനൈസേഷന്‍, മോഡേണൈസേഷന്‍ ആന്‍ഡ് ടെക്നോളജിക്കല്‍ അപ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍ഡസ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് സാമ്പത്തികവെട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് 2126 റാട്ട് യൂണിറ്റുകളും 1678 തറി യൂണിറ്റുകളും നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബാങ്ക്മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ചശേഷം രണ്ടുലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. കയര്‍ ബോര്‍ഡ് തെരഞ്ഞെടുത്ത ഏജന്‍സിവഴി തറിയന്ത്രം സ്ഥാപിക്കുകയും വായ്പ ഈ ഏജന്‍സിയുടെ പേരില്‍ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി ഇല്ലാത്ത കമ്പനിയുടെ പേരില്‍ ക്വട്ടേഷന്‍ നല്‍കുകയും വായ്പ തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതിയായ സലിലമ്മയുടെ പേരിലുള്ള തടിവ്യവസായസ്ഥാപനം പരിശോധിച്ച് തറിക്ക് വായ്പ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും പറയുന്നു. വായ്പയുടെ മുഴുവന്‍ തുകയും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും വായ്പയുടെ നിശ്ചിത ശതമാനം ഉദ്യോഗസ്ഥര്‍തന്നെ കൈക്കലാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ സി ജോസ് കയര്‍ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് ആരംഭിച്ച പദ്ധതിയില്‍ വി എസ് വിജയരാഘവന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് വ്യാപകമായ തട്ടിപ്പു നടന്നത്.

deshabhimani

No comments:

Post a Comment