Saturday, November 30, 2013

വിദ്യാഭ്യാസമേഖലയില്‍ 4000 കോടി വെട്ടിക്കുറച്ചു

 ധനക്കമ്മി നേരിടുന്നതിന് വിദ്യാഭ്യാസമേഖലയുടെ പദ്ധതിവിഹിതം കേന്ദ്രസര്‍ക്കാര്‍ 4000 കോടി വെട്ടിക്കുറച്ചു. സ്കൂള്‍ വിദ്യാഭ്യാസമേഖലയുടെ വിഹിതത്തില്‍ 2500 കോടി രൂപയാണ് വെട്ടിച്ചുരുക്കിയത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ 1500 കോടി രൂപ കുറയ്ക്കും. ഒട്ടേറെ വിദ്യാഭ്യാസപദ്ധതികളെയും പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം. ധനമന്ത്രാലയത്തില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി മാനവവിഭവശേഷി മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ബജറ്റില്‍ ഉന്നതവിദ്യാഭ്യാസത്തിന് 16,210 കോടിയും പ്രാഥമിക വിദ്യാഭ്യാസമേഖലയ്ക്ക് 49,659 കോടിയുമാണ് പ്രഖ്യാപിച്ചത്. ഇതില്‍ യഥാക്രമം ഒന്‍പതും അഞ്ചും ശതമാനം വീതമാണ് കുറയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 13 ശതമാനം കുറച്ചിരുന്നു. കഴിഞ്ഞതവണ ബജറ്റ് വിഹിതം കുറച്ചപ്പോള്‍ മാനവവിഭവശേഷി മന്ത്രാലയം ധനമന്ത്രാലയത്തെ പരാതി അറിയിച്ചിരുന്നു. ഇത്തവണ പരാതിപ്പെടുകയില്ലെന്നും രാജ്യത്തിന്റെ ധനസ്ഥിതി മോശമാണെന്നും മാനവവിഭവശേഷി മന്ത്രി പള്ളം രാജു പറഞ്ഞു.

മോഡല്‍ സ്കൂള്‍, ഐഐടികള്‍ക്കും ഐഐഎമ്മുകള്‍ക്കുമുള്ള ധനസഹായം, യുജിസി ഫണ്ട്, വിവരവിനിമയ-വാര്‍ത്താവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദേശീയ വിദ്യാഭ്യാസ ദൗത്യം എന്നിവയെ ദുര്‍ബലമാക്കുന്നതാണ് തീരുമാനമെന്ന് മാനവവിഭവശേഷി മന്ത്രാലയം പറയുന്നു. പിന്നോക്കമേഖലകളില്‍ സെക്കന്‍ഡറി തലത്തില്‍ 6000 മോഡല്‍ സ്കൂള്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന് ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ പണം വേണമെന്നിരിക്കെയാണ് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചത്. ഏഴ് പുതിയ ഐഐടിയും ആറ് പുതിയ ഐഎംഎമ്മും അടുത്തവര്‍ഷം സ്ഥിരം ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കയാണ്്. ധനമന്ത്രാലയത്തിന്റെ തീരുമാനം ഇവയെ ബാധിക്കും. മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പതിവുസമയത്ത് അടുത്ത സമ്പൂര്‍ണ ബജറ്റ് ഉണ്ടാകില്ല. പുതിയ സര്‍ക്കാര്‍ വന്നശേഷമേ പൂര്‍ണ ബജറ്റും പദ്ധതികളും ഉണ്ടാകൂ. അതുവരെ ഈ സ്ഥാപനങ്ങള്‍ക്ക് മതിയായ ഫണ്ട് ലഭിക്കില്ല. ഈ സാമ്പത്തികവര്‍ഷം ധനക്കമ്മി 4.8 ശതമാനമായി ചുരുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ചാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്നത്.

deshabhimani

No comments:

Post a Comment