Monday, November 25, 2013

രാജീവ്ഗാന്ധി വധക്കേസ്: പേരറിവാളന്റെ വധശിക്ഷ അനീതി: മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍

രാജീവ്ഗാന്ധി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍. പീപ്പിള്‍സ് മൂവ്മെന്റ് എഗൈന്‍സ്റ്റ് ഡെത്ത് പെനാല്‍റ്റി (പിഎംഎഡിപി) നിര്‍മിച്ച ഡോക്കുമെന്ററിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിബിഐ എസ്പിയായിരുന്ന വി ത്യാഗരാജന്റെ വെളിപ്പെടുത്തല്‍.

രാജീവ്ഗാന്ധിയാണ് ലക്ഷ്യമെന്ന് പേരറിവാളന് അറിയില്ലായിരുന്നെന്നും അതുകൊണ്ട് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നത് അനീതിയാകുമെന്നും ത്യാഗരാജന്‍ പറഞ്ഞു. പേരറിവാളന്റെ മൊഴിയെടുക്കുമ്പോള്‍ സിബിഐയുടെ കേരള ശാഖയില്‍ എസ്പിയായിരുന്നു ത്യാഗരാജന്‍. 1991ലാണ് രാജീവ്ഗാന്ധി വധക്കേസിലെ കുറ്റക്കാരുടെ മൊഴിയെടുക്കാന്‍ ത്യാഗരാജന്‍ നിയോഗിക്കപ്പെട്ടത്. ""ബാറ്ററി വാങ്ങാന്‍ അവര്‍ പറഞ്ഞത് എന്തിനുവേണ്ടിയാണെന്ന് അറിഞ്ഞിരുന്നില്ല"" എന്ന്് പേരറിവാളന്‍ പറഞ്ഞിരുന്നതായി ത്യാഗരാജന്‍ വെളിപ്പെടുത്തി. ഇത് കുറ്റസമ്മത പ്രസ്താവനയില്‍ രേഖപ്പെടുത്തിയില്ല. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടമായിരുന്നതിനാലാണ് ഒഴിവാക്കിയത്. പറയുന്ന വാക്കുകള്‍ അതേപടി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍, പലപ്പോഴും അത് ചെയ്യാറില്ല-ത്യാഗരാജന്‍ പറഞ്ഞു.

രാജീവിനെ കൊല്ലാനുള്ള പദ്ധതി അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് ആസൂത്രകനായ ശിവരശന്‍ എല്‍ടിടിഇ ആസ്ഥാനത്തേക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് നളിനിയൊഴികെ, കോടതി കുറ്റക്കാരായി വിധിച്ച മറ്റാരും പദ്ധതി അറിഞ്ഞില്ല. ഇത് ദൃഢവും വ്യക്തവും ചോദ്യംചെയ്യപ്പെടാനാകാത്തതുമായ തെളിവാണ്-ത്യാഗരാജന്‍ പറഞ്ഞു. രാജീവാണ് ലക്ഷ്യമെന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്നതിന് വേറെയും തെളിവുണ്ട്. യഥാര്‍ഥ ലക്ഷ്യമറിയാതെ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ എങ്ങനെയാണ് ഒരാളെ അതിന്റെ ഭാഗമാക്കി ചിത്രീകരിക്കുക. അത് യുക്തിസഹമല്ല. തനിക്ക് ഇത് നേരത്തെ തന്നെ തോന്നിയിരുന്നു. ആ ഘട്ടത്തില്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. പ്രത്യേകിച്ച് പേരറിവാളന്റെ കാര്യത്തില്‍ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലല്ലോ എന്ന കുറ്റബോധം എപ്പോഴും അനുഭവപ്പെട്ടു.

കൊലപാതകത്തെക്കുറിച്ച് പേരറിവാളന് കൃത്യമായി അറിയാമായിരുന്നെന്ന ബോധ്യമാണ് കോടതിക്കുണ്ടായത്. ബാറ്ററി വാങ്ങിയത് രാജീവിനെ ലക്ഷ്യംവച്ചാണെന്ന് പേരറിവാളന്‍ അറിഞ്ഞിരുന്നെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. എന്നാല്‍, ഇതല്ല വാസ്തവം-ത്യാഗരാജന്‍ പറഞ്ഞു. കേസില്‍ വിധി പ്രസ്താവിച്ച സുപ്രീംകോടതി ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് കെ ടി തോമസും പേരറിവാളന് വധശിക്ഷ നല്‍കുന്നതിനോട് വിയോജിച്ചിരുന്നു.

രാജീവിന്റെ പേരില്‍ ഒരാളെയും വധശിക്ഷയ്ക്ക് വിധേയമാക്കരുതെന്ന് പിഎംഎഡിപിക്ക് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട് 22 വര്‍ഷമായി മറ്റു പ്രതികളായ മുരുകന്‍, ശാന്തന്‍ എന്നിവര്‍ക്കൊപ്പം ജയിലില്‍ കഴിയുകയാണ് പേരറിവാളന്‍. ഇവരുടെ ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു.

deshabhimani

No comments:

Post a Comment