Sunday, November 24, 2013

ബാങ്കിങ് നയപരിഷ്കരണം: നേട്ടം വിദേശ ബാങ്കുകള്‍ക്ക്

വിദേശബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ ആധിപത്യം നേടാവുന്ന രീതിയില്‍ കേന്ദ്രം നയങ്ങള്‍ പരിഷ്കരിക്കുന്നു. റിസര്‍വ്ബാങ്ക് മുന്നോട്ടുവച്ച രണ്ട് പ്രധാന നയസമീപനങ്ങള്‍ ഇതാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ബാങ്കുകള്‍ക്ക് വിദേശത്ത് ശാഖകള്‍ തുറക്കാന്‍ അനുവദിക്കുന്നതിന് പകരമായി വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുക, രാജ്യത്തെ എല്ലാത്തരം ബാങ്കുകളുടെയും പ്രവര്‍ത്തനരീതി ഒരേ വിതാനത്തിലാക്കുക എന്നിവയാണ് റിസര്‍വ്ബാങ്ക് നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍.

വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി കിട്ടുന്നതോടെ ഇന്ത്യന്‍ നിയമപ്രകാരമുള്ള കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാം. വിദേശഉടമസ്ഥതയില്‍ ഇന്ത്യന്‍കമ്പനികളെന്ന് ചുരുക്കം. അവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ശാഖകള്‍ തുറക്കാം. അവരുടെ മൂലധനശേഷിക്കുമുന്നില്‍ ഗ്രാമീണ, സഹകരണബാങ്കുകളും പൊതുമേഖലാ വാണിജ്യബാങ്കുകളും നിഷ്പ്രഭമാകും. ഇന്ത്യന്‍ സാമ്പത്തികസാഹചര്യത്തിന് യോജിച്ച രീതിയിലുള്ള ബാങ്കിങ് സേവനം നല്‍കാന്‍ വിദേശബാങ്കുകള്‍ക്ക് സാധിക്കുകയുമില്ല. വിദേശത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ ബാങ്കുകള്‍ക്ക് നിശ്ചിതതോതിലുള്ള മൂലധനശേഷി ആവശ്യമാണ്. രാജ്യത്തെ വാണിജ്യബാങ്കുകള്‍ക്ക് ഇതിനാവശ്യമായ തോതിലുള്ള മൂലധനം കൊടുത്തിട്ടില്ല. ഇവയുടെ നിലവിലെ മൂലധനംതന്നെ കിട്ടാക്കടംമൂലം ശോഷിക്കുകയാണ്. 14 വര്‍ഷത്തിനുള്ളില്‍ 2.4 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത്. യഥാര്‍ഥത്തില്‍ ഇതിലേറെയാണ് കിട്ടാക്കടം. മൂലധനശോഷണം നേരിടുന്ന ഇന്ത്യന്‍ബാങ്കുകള്‍ക്ക് വിദേശത്ത് ശാഖകള്‍ തുറക്കുക ദുഷ്ക്കരമാവും. എന്നാല്‍, മൂലധനശേഷി ശക്തമായ വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ യഥേഷ്ടം ശാഖകള്‍ തുറക്കാനാകും.

ഇന്ത്യന്‍ബാങ്കുകള്‍ക്ക് ആവശ്യമായ മൂലധനം സര്‍ക്കാര്‍ നല്‍കില്ലെന്നിരിക്കെ അവയോട് സ്വകാര്യമൂലധനം സമാഹരിക്കാന്‍ നിര്‍ദേശിക്കാനും സാധ്യതയുണ്ട്. ഇതിലൂടെ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനാകും. രാജ്യത്ത് നിലവിലുള്ള വാണിജ്യ, ഗ്രാമീണ, സഹകരണ, വിദേശബാങ്കുകളെ ഒരേ വിതാനത്തില്‍ കൊണ്ടുവരാനും റിസര്‍വ്ബാങ്ക് ആവശ്യപ്പെടുന്നു. സഹകരണബാങ്കുകളുടെ മൂലധനം സഹകാരികളായ ഓഹരിഉടമകളില്‍നിന്ന് സമാഹരിച്ചതാണ്. വാണിജ്യബാങ്കുകളെപ്പോലെ ഇവയ്ക്ക് പ്രവര്‍ത്തിക്കാനാകില്ല. വാണിജ്യബാങ്കുകളുടേതിന് സമാനമായ മൂലധനപര്യാപ്തത നേടാന്‍ സാധിക്കാത്തപക്ഷം, സഹകരണബാങ്കുകള്‍ക്ക് പാര്‍ലമെന്റ് പാസാക്കിയ ബാങ്കിങ്നിയമ ഭേദഗതിപ്രകാരം പ്രാഥമികസഹകരണസംഘങ്ങളായി മാത്രമേ തുടരാനാകൂ. സഹകരണമേഖലയെ തകര്‍ക്കുന്നതിന് തുല്യമാണ് ഈ നടപടി.
(സാജന്‍ എവുജിന്‍)

deshabhimani

No comments:

Post a Comment