Monday, November 25, 2013

തിരുവനന്തപുരത്ത് കയര്‍ബോര്‍ഡിന്റെ ഊര്‍ജനിലയം വരുന്നു

ചകിരിച്ചോറില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള രാജ്യത്തെതന്നെ ആദ്യനിലയം തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ കയര്‍ബോര്‍ഡ് പദ്ധതി. 10 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്ക് 50 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. താഴ്ന്ന സ്ഥലങ്ങള്‍ നികത്താന്‍മാത്രം ഉപയോഗിച്ചിരുന്ന ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന കണ്ടെത്തല്‍, മാലിന്യമായി കുമിഞ്ഞുകൂടുന്ന കയറിന്റെ ഈ ഉപോല്‍പ്പന്നത്തിന് ശാപമോക്ഷം നല്‍കും.

ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുന്ന 10 മെഗാവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാന്‍ മുംബൈ ആസ്ഥാനമായ സ്ഥാപനവുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍ പറഞ്ഞു. ഈര്‍പ്പം നീക്കംചെയ്തശേഷമാണ് വൈദ്യുതോല്‍പ്പാദനത്തിനായി ചകിരിച്ചോറ് ഉപയോഗിക്കുക. ഇതിനുള്ള പ്രത്യേക ഡ്രൈയറിന് പേറ്റന്റുള്ളത് മുംബൈ കമ്പനിക്കാണ്. കയര്‍ബോര്‍ഡിന്റെ ഗവേഷണവികസന വിഭാഗമാണ് ചകിരിച്ചോറില്‍നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ചകിരിച്ചോറിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ തൊണ്ട് ശേഖരിക്കുന്നതിനുള്ള പരിപാടിക്ക് കയര്‍ബോര്‍ഡ് രൂപംനല്‍കും. കയര്‍ഫാക്ടറികളാണ് കയര്‍ ഉല്‍പ്പാദനത്തിനുശേഷം ചകിരിച്ചോറ് പുറന്തള്ളുന്നത്. തൊണ്ടിന്റെ 30 ശതമാനം മാത്രമാണ് കയറാക്കി മാറ്റാനാകുന്നത്. കയര്‍ബോര്‍ഡിന്റെ ട്രാക്ടറുകള്‍ തെങ്ങുകൃഷിയുള്ള വീട്ടുപരിസരങ്ങളിലൂടെയും തോട്ടങ്ങളിലൂടെയും സഞ്ചരിച്ച് തൊണ്ട് ശേഖരിക്കുമെന്ന് പ്രൊഫ. ബാലചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ കയര്‍മേഖലയ്ക്ക് നല്ലൊരു ഉണര്‍വുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. കയര്‍മേഖലയ്ക്ക് ആവശ്യമായ തൊണ്ട് കണ്ടെത്താന്‍പോലും തമിഴ്നാടിനെയാണ് കേരളം ആശ്രയിക്കുന്നത്. കയര്‍നാരുകളെ മറ്റ് സ്വാഭാവികനാരുകളായ സില്‍ക്ക്, ചണം തുടങ്ങിയവയുമായി ചേര്‍ത്ത് പ്രത്യേകയിനം തുണി ഉണ്ടാക്കുന്നതിന് സില്‍ക്ക് ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കയര്‍ബോര്‍ഡ് പുതിയ കണ്ടെത്തലുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഈ തുണി ഉപയോഗിച്ച് കര്‍ട്ടനുകളും മറ്റ് ഫര്‍ണിഷിങ് വസ്തുക്കളും ഉണ്ടാക്കാനാണ് പദ്ധതി.

deshabhimani

No comments:

Post a Comment