Sunday, November 24, 2013

രാജാക്കന്മാരും റാണിമാരും കുബേരന്മാരും നിറഞ്ഞാടുന്ന തെരഞ്ഞെടുപ്പ്

രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാംഘട്ടത്തോടെ ഛത്തീസ്ഗഡ് അസംബ്ലിയിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാവും. അടുത്തവര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള മിനി പൊതുതെരഞ്ഞെടുപ്പായാണ് ജനങ്ങള്‍ ഇതിനെ വീക്ഷിക്കുന്നത്. ആ അര്‍ഥത്തില്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെപ്പറ്റി വ്യക്തമായ സൂചനയാണ് ഇപ്പോള്‍ നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ കര്‍ഷകര്‍, തൊഴിലാളികള്‍, അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കോ അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ തുല്യതയുടെ അടിസ്ഥാനത്തില്‍ മത്സരിക്കാവുന്ന ഒരു യഥാര്‍ഥ ജനാധിപത്യ പ്രക്രിയ ആയിരിക്കില്ല ഈ തെരഞ്ഞെടുപ്പും വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും എന്നാണ് വസ്തുതകള്‍ വെളിവാക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അളവറ്റ ധനശക്തിയും സ്ഥാനാര്‍ഥികള്‍ പരമ്പരാഗതമായോ അല്ലാതെയോ ആര്‍ജിച്ച കുലമഹിമയും അനുബന്ധമായ കായികശേഷിയും തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് മുമ്പ് ഒരിക്കലുമില്ലാത്ത ആധിപത്യമാണ് പുലര്‍ത്തുന്നത്. മേല്‍സൂചിപ്പിച്ച ഘടകങ്ങള്‍ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും പാര്‍ലമെന്ററി പ്രാതിനിധ്യത്തിലും മേല്‍ക്കൈ നേടുന്നത് കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പിലും അസന്നിഗ്ധമായി വെളിപ്പെട്ടിരുന്നു. അതിന്റെ ഏറ്റവും മികച്ച തെളിവാണ് ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പതിനഞ്ചാം ലോക്‌സഭ. അതുസംബന്ധിച്ച കണക്കുകള്‍ ആവര്‍ത്തനവിരസത പരിഗണിച്ച് ഒഴിവാക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകളില്‍ ആധിപത്യം പുലര്‍ത്തുന്നത് മുന്‍രാജാക്കന്മാരും രാജാത്തിമാരും അവരുടെ കുടുംബ പരമ്പരകളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വര്‍ണശബളിമയാണ്. പട്ടിണിയുടെയും വിലക്കയറ്റത്തിന്റെയും തൊഴില്‍ രാഹിത്യത്തിന്റെയും അളവറ്റ ജീവിത ക്ലേശത്തിന്റെയും അഗാധതകളിലേയ്ക്ക് മുങ്ങിത്താഴുന്ന ജനകോടികള്‍ അത്തരം വാര്‍ത്തകളില്‍ തീര്‍ത്തും അപ്രസക്തമാകുന്നു.

സ്വതന്ത്ര ഇന്ത്യ രാജത്വത്തിന്റെ എല്ലാ അവകാശ അധികാരങ്ങളും പൂര്‍ണമായി റദ്ദാക്കിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും ഉള്‍പ്പെടുന്ന മേഖലയില്‍ ഇന്നും ഭരണം കയ്യാളുന്നത് മുന്‍ രാജകുടുംബാംഗങ്ങള്‍ തന്നെ. ഇവിടെ ഭരണകക്ഷിയുടെയും മുഖ്യപ്രതിപക്ഷത്തിന്റെയും സ്ഥാനാര്‍ഥികളില്‍ ഒരു ഡസനിലേറെപ്പേര്‍ മുന്‍ രാജാകുമാരന്മാരും രാജകുമാരിമാരുമാണ്. അവര്‍ കേവലം സ്ഥാനാര്‍ഥികള്‍ മാത്രമായിരിക്കില്ല, തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ശക്തികളാവും. തൊട്ടടുത്ത ഛത്തീസ്ഗഡില്‍ മുന്‍ രാജകുമാരന്മാരും രാജകുമാരിമാരുമായ സ്ഥാനാര്‍ഥികളെ തിരയുന്നവര്‍ക്ക് കുണ്ഠിതപ്പെടേണ്ടിവരില്ല. കാരണം, മുന്‍മധ്യപ്രദേശ് സംസ്ഥാനത്തെയും അതിനെ വിഭജിച്ച് രൂപംകൊണ്ട ഛത്തീസ്ഗഡ് സംസ്ഥാനത്തെയും സുസ്ഥാപിത രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നും ഡസന്‍ കണക്കിന് നവരാജകുമാരന്മാരെയും രാജകുമാരിമാരെയും അവിടെ സ്ഥാനാര്‍ഥി വേഷത്തില്‍ കണ്ട് അത്തരം അന്വേഷകര്‍ക്ക് സായൂജ്യമടയാം. ധനശേഷിയുടെയും കുലമഹിമയുടെയും ഈ ആധിപത്യം പരമ്പരാഗത മുതലാളിത്ത പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മാത്രം സ്വഭാവവിശേഷമല്ലെന്നാണ് വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ദളിത് ജനതയുടെ വിമോചനത്തിനുവേണ്ടി അവതരിച്ച ബഹന്‍ജി മായവതിയുടെ ആസ്തികളെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ നമുക്ക് മുന്നില്‍ സാക്ഷ്യമായി നിലനില്‍ക്കുന്നു. 2003 ല്‍ ഒരു കോടിരൂപയുടെ ആസ്തി പ്രഖ്യാപിച്ച അവരുടെ 2012 ലെ ആസ്തി 112 കോടിയില്‍ എത്തി നില്‍ക്കുന്നു! അത്ഭുതകരമായ ഈ സാമ്പത്തിക വളര്‍ച്ചയുടെ ശാസ്ത്രം ഇന്ത്യയിലെ രാഷ്ട്രീയത്തിനൊഴികെ ഒരു ലോക സാമ്പത്തിക സിദ്ധാന്തത്തിനും വ്യാഖ്യാനിക്കാനാവില്ല.

അഴിമതിക്കെതിരായ നവ ഇന്ത്യന്‍ അവതാരമായ അരവിന്ദ് കേജ്‌രിവാളിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെയും ആസ്തിബാധ്യതകള്‍ സംബന്ധിച്ച് നാമനിര്‍ദ്ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം ആം ആദ്മി പാര്‍ട്ടിയിലെ അവരുടെ സഹപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ആ പാര്‍ട്ടിയുടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക 'ആം ആദ്മി പാര്‍ട്ടി' എന്ന പേരിനെതന്നെ പരിഹസിക്കുന്നു. വന്‍ ബിസിനസുകാര്‍, കോടിപതികള്‍, അതിസമ്പന്ന കര്‍ഷകര്‍ എന്നിവരൊഴികെ സാമാന്യ ജനങ്ങളുടെ പ്രതിനിധികള്‍ എന്ന് ചൂണ്ടിക്കാട്ടാവുന്നവര്‍ ഏറെയൊന്നും ആ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഡല്‍ഹിയിലെ ആയിരക്കണക്കായ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ഒരാള്‍പോലും ആ പട്ടികയില്‍ ഇടം കണ്ടില്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ധനശേഷിയും കുലമഹിമയും കായികശക്തിയും സ്ഥാനാര്‍ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആധിപത്യം പുലര്‍ത്തുന്ന മാനദണ്ഡങ്ങളാക്കി മാറ്റിയിരിക്കുന്നു. ഇത് പട്ടിണി പാവങ്ങളായ ഒരു മഹാജനസഞ്ചയത്തെ അപ്പാടെ അവഗണിച്ച് നമ്മുടെ ജനാധിപത്യത്തെ അപഹാസ്യവും അര്‍ഥശൂന്യവുമാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സമഗ്രമായ തെരഞ്ഞെടുപ്പു പരിഷ്‌ക്കാരങ്ങള്‍ കൂടിയേതീരു എന്നാണ് ഈ സ്ഥിതിവിശേഷം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളും, വിശേഷിച്ച് രാജ്യം കണ്ട എക്കാലത്തെയും മികച്ച പാര്‍ലമെന്റേറിയന്‍ സി പി ഐ നേതാവ് ഇന്ദ്രജിത് ഗുപ്തയും, മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അത്യന്തം പ്രസക്തമായി മാറിയിരിക്കുന്നു. രാജാക്കന്മാരും റാണിമാരും കുബേരന്മാരും നിറഞ്ഞാടുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിനും ജനങ്ങള്‍ക്കുതന്നെയും അപമാനമാണ്.

janayugom editorial

No comments:

Post a Comment