Wednesday, November 27, 2013

സര്‍വേക്ക് അനുമതി നല്‍കിയത് ഈ വര്‍ഷം മാര്‍ച്ചില്‍

കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തില്‍ ഇരുമ്പയിര് ഖനനത്തിന് എംഎസ്പിഎല്‍ കമ്പനിയ്ക്ക് സര്‍വേ നടത്താന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ക്യാബിനില്‍ ചേര്‍ന്ന വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണെന്ന് ആക്ഷന്‍ കമ്മിറ്റി. ഖനനത്തിന് എല്ലാ വകുപ്പുകളുടെയും അനുമതി ലഭിച്ചത് 2013 മാര്‍ച്ചിലാണ്. വനം വന്യജീവി വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവരുടെ അനുമതിയാണ് ലഭിച്ചത്. ഇതിനു ശേഷമാണ് എംഎസ്പിഎല്‍ എന്ന സ്വകാര്യ കമ്പനി അവിടെ സര്‍വേ ആരംഭിച്ചത്. ഈ സര്‍വേ ഒക്ടോബര്‍ 25ന് സിപിഐ എം നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി തടഞ്ഞിരുന്നു.

തുടര്‍ന്ന് നവംബര്‍ രണ്ടിന് ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പേരാമ്പ്ര എംഎല്‍എ കെ കുഞ്ഞമ്മദ്, കൊയിലാണ്ടി തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, എംഎസ്പിഎല്‍ എജിഎം വി സുകുമാരന്‍ നായര്‍, എംഡി എസ് മുരളീകൃഷ്ണന്‍ എന്നിവരും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ക്യാബിനില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം സര്‍വേക്ക് അംഗീകാരം നല്‍കിയെന്ന് ഇതു സംബന്ധിച്ച രേഖ യോഗത്തില്‍ സമര്‍പ്പിച്ച് എംഎസ്പിഎല്‍ കമ്പനി അവകാശപ്പെട്ടു. ഖനനവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്ന് യോഗത്തില്‍ കലക്ടര്‍ക്കു വേണ്ടി തഹസിദാര്‍ ആവശ്യപ്പട്ടു. എന്നാല്‍, ആക്ഷന്‍ കമ്മിറ്റി ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഖനന നടപടി നിര്‍ത്തി വയ്ക്കാന്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. പിന്നീട് ആക്ഷന്‍ കമ്മിറ്റിയാണ് മാധ്യമങ്ങള്‍ക്ക് രേഖകള്‍ കൈമാറിയത്.

2009ല്‍ കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് മൈന്‍സ് ആണ് അനുവാദം നല്‍കിയത്. 30 വര്‍ഷത്തേക്കുള്ള പാട്ടത്തിനാണ് 406 ഹെക്ടര്‍ ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയില്‍ മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് അനുമതി നല്‍കിയത്. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ സുനില്‍, കണ്‍വീനര്‍ പി സി സുരാജന്‍, രക്ഷാധികാരി എന്‍ വി ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment