Sunday, November 24, 2013

നിന്റെ മോനെ വാഴയിലയില്‍ വെട്ടിക്കിടത്തുമെന്ന് അവര്‍ പറഞ്ഞു. ഭീതി വിട്ടൊഴിയാതെ ഈ അമ്മമാര്‍...

മലയാലപ്പുഴ: ആര്‍എസ്എസ് ക്രിമിനലുകള്‍ താണ്ഡവമാടിയ മലയാലപ്പുഴയിലെ വിവിധ പ്രദേശങ്ങള്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകരേയും അടിച്ചു തകര്‍ത്ത വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. കൊടും ക്രിമിനലുകളുടെ ഭീകരതയില്‍ ചകിതരായ സ്ത്രീകളും കുുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം കോടിയേരിയോട് വിശദീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇരുപതോളം വരുന്ന സംഘപരിവാര്‍ ക്രിമിനല്‍ സംഘം മലയാലപ്പുഴയിലെ സിപിഐ എം പ്രവര്‍ത്തകരുടെ എട്ട് വീടുകളും ഒരു കടയും നിരവധി വാഹനങ്ങളുമാണ് അടിച്ചു തകര്‍ത്തത്. ഇപ്പോഴും ഭയം വിട്ടുമാറാത്ത സ്ത്രീകള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ കാളരാത്രിയിലെ കൊടുഭീകരത കോടിയേരിയോട് വിവരിച്ചത്.

വെള്ളിയാഴ്ച പകല്‍ രണ്ടോടെ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ എന്നിവരോടൊപ്പം മലയാലപ്പുഴയിലെത്തിയ കോടിയേരിയെ കാത്ത് അക്രമത്തിന് ഇരയായവരും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം അവിടെയുണ്ടായിരുന്നു. കോടിയേരി ആദ്യം ആര്‍എസ്എസുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച മനോജിനെയും സഹോദരനെയും കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. അക്രമികള്‍ തകര്‍ത്ത മനോജിന്റെ കടയും സന്ദര്‍ശിച്ചു. തുടര്‍ന്ന് ഡിവൈഎഫ്ഐ മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബിജുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ടിവിയും കസേരകളും വീടും അടിച്ചു തകര്‍ത്തിരുന്നു.

ഡിവൈഎഫ്ഐ മുന്‍ പഞ്ചായത്ത് സെക്രട്ടറി അശ്വിനികുമാറിന്റെ വീട്ടിലെത്തുമ്പോള്‍ അശ്വനികുമാറിന്റെ അമ്മയും ഭാര്യയും അവിടെ ഉണ്ടായിരുന്നു. ഇവര്‍ അക്രമികളുടെ കൊടുംഭീകരത വിവരിച്ചു. ഇവിടെ ഉണ്ടായിരുന്ന കാറും ഇരുചക്ര വാഹനവും അടിച്ചു തകര്‍ത്തിരുന്നു. സിപിഐ എം കുഴിക്കാട്ടുപടി ബ്രാഞ്ച് സെക്രട്ടറി എന്‍ എസ് പണിക്കരുടെ മുറ്റത്തുകിടന്ന കാറും ജീപ്പും ബൈക്കും വീട്ടിലെ ഇലക്ട്രിക് മീറ്ററും സംഘം തകര്‍ത്തിരുന്നു. പണിക്കരോടും ഭാര്യയോടും കോടിയേരി ആക്രമണത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. ഡിവൈഎഫ്ഐ പഞ്ചായത്ത് ജോ. സെക്രട്ടറി മിഥുന്‍ ആര്‍ നായരുടെ വീട്ടിലെത്തിയ നേതാവിനെ മിഥുന്റെ അമ്മ കണ്ണീരോടെയാണ് വരവേറ്റത്. അക്രമത്തെ കുറിച്ച് പറയുമ്പോള്‍ ഈ അമ്മയുടെ കണ്ണുകളില്‍ ഭീതി വിട്ടുമാറാതെ നിഴലിച്ചുനിന്നു. അക്രമികള്‍ വാഴയില വെട്ടി മുറ്റത്തുകൊണ്ടിട്ട ശേഷം ആ അമ്മയോട് "നിന്റെ മോനെ വാഴയിലയില്‍ വെട്ടിക്കിടത്തും" എന്നു പറഞ്ഞാണ് മടങ്ങിയത്. വീടും കാറും തകര്‍ത്ത സംഘം മടങ്ങുമ്പോള്‍ ഈ പുരയിടത്തില്‍ തളച്ചിരുന്ന ദേവസ്വം ബോര്‍ഡിന്റെ ആനയേയും വെറുതെ വിട്ടില്ല. ആ മിണ്ടാപ്രാണിയേയും ദയയില്ലാതെയാണ് ക്രൂരന്മാര്‍ എറിഞ്ഞ് പരിക്കേല്‍പ്പിച്ചത്.

സിഐടിയു ജില്ലാ ജോ. സെക്രട്ടറി മലയാലപ്പുഴ മോഹനന്റെ വീട്ടുമുറ്റത്തു കിടന്ന മോഹനന്റെയും മകളുടെയും കാറുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്ത വിവരം അദ്ദേഹം കോടിയേരിയോട് പറഞ്ഞു. തുടര്‍ന്ന് ഇലക്കുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ വീട്ടിലെത്തിയ കോടിയേരിയോട് വിഷ്ണുവിന്റെ അമ്മ വിതുമ്പിക്കൊണ്ടാണ് സംഭവങ്ങള്‍ വിവരിച്ചത്. മകനെ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് വന്ന അക്രമികള്‍ വീട് അടിച്ചു തകര്‍ക്കുമ്പോള്‍ ഈ അമ്മയും മകളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ രഞ്ജുവിന്റെ വീടും നേതാക്കള്‍ സന്ദര്‍ശിച്ചു. തനിക്കും തന്റെ മകനും പ്രാണഭയം കാരണം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രഞ്ജുവിന്റെ അമ്മ കോടിയേരിയോട് പറഞ്ഞു. രഞ്ജുവിനെ കൊല്ലുമെന്ന് ആക്രോശിച്ചു കയറി വന്ന അക്രമികള്‍ വീട്ടിലെ ബള്‍ബും ജനാലകളും നശിപ്പിച്ചതായി അവര്‍ പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മനീഷിന്റെ വീട്ടിലെത്തുമ്പോള്‍ വിധവയായ മാതാവ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദയാരഹിതമായ ഭീകരാക്രമണത്തെ കുറിച്ച് വിശദീകരിച്ചത്.അക്രമികളെത്തുമ്പോള്‍ ഇവര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീടും ഇലക്ട്രിക് മീറ്ററും കുടിവെള്ള ടാങ്കും ടോയ്ലെറ്റിന്റെ പൈപ്പും തകര്‍ത്തു. മനീഷിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തുമെന്ന് ആക്രോശിച്ചാണ് അക്രമികള്‍ മടങ്ങിയത്. ആക്രമണത്തിന് ഇരകളായവരെയെല്ലാം സമാശ്വസിപ്പിച്ചാണ് കോടിയേരിയും മറ്റ് നേതാക്കളും മടങ്ങിയത്. സിപിഐ എം കോന്നി ഏരിയ സെക്രട്ടറി എന്‍ എസ് ഭാസി, റാന്നി ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്‍, വി മുരളീധരന്‍, കെ കെ വാസുദേവന്‍ നായര്‍, മലയാലപ്പുഴ ലോക്കല്‍ സെക്രട്ടറി ഇ കെ ബാഹുലേയന്‍, വി കെ സണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി സുരേഷ്, പഞ്ചായത്തംഗങ്ങളായ ടി പി സതീഷ്കുമാര്‍, തങ്കമണി തങ്കപ്പന്‍, കെ ജി സോമന്‍ എന്നിവരും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.

deshabhimani

No comments:

Post a Comment