Wednesday, November 13, 2013

ഫാസില്‍ വധം മൂന്നു പേര്‍ കൂടി അറസ്റ്റില്‍

ദേശാഭിമാനി 131113

ഫാസില്‍ വധം: 3 പേര്‍കൂടി അറസ്റ്റില്‍

ഗുരുവായൂര്‍: ബ്രഹ്മകുളത്ത് സിപിഐ എം പ്രവര്‍ത്തകന്‍ കുന്നംകോരത്ത് ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍കൂടി പൊലീസ് പിടിയില്‍. സിപിഐ എം പ്രവര്‍ത്തകനായ അജയനെ കൊലപ്പെടുത്താനും സംഘം ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. നെന്മിനി കടവള്ളി പട്ടിക്കാട്ട് വിഷ്ണു(20), കരുവള്ളി പറമ്പില്‍ പ്രദീപ് (19), ബ്രഹ്മകുളം പുതുമനശേരി ശാന്തീപ്(21) എന്നിവരെയാണ് ചൊവ്വാഴ്ച ഗുരുവായൂര്‍ സി ഐ കെ സുദര്‍ശന്‍ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ പങ്കാളികളാവുകയും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായവര്‍. ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികളും ആര്‍എസ്എസ് നേതാക്കളുമായ ബഹ്മകുളം കിറാമന്‍മുക്ക് ചെറാടി സുമേഷ്(32), നെന്മിനി കടവള്ളി വടക്കേതരകത്ത് ആനന്ദ് (24), ചക്കണ്ട ശിവദാസന്‍(25), ബ്രഹ്മകുളം പുതുമനശ്ശേരി ബിനോയ്(32) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എട്ട് പ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ വിഷ്ണുവിന്റെയും ശിവദാസന്റെ സഹോദരന്‍ ശ്രീകുമാറിന്റെയും ബൈക്കുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. വിഷ്ണുവിനേയും പ്രദീപിനേയും പാലക്കാട്ടുനിന്നും ബിനോയിയെ കണ്ണൂരില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ശാന്തീപ് ആര്‍എസ്എസ് ബ്രഹ്മകുളം ശാഖയിലേയും പ്രദീപ് പാല ബസാര്‍ ശാഖയിലേയും മുഖ്യ ശിക്ഷകരാണ്. അറസ്റ്റിലായ ബിനോയിയുടെ സഹോദരനാണ് ശാന്തീപ്. നവംബര്‍ നാലിനാണ് ഫാസിലിനെ ആര്‍എസ്എസ് ക്രിമിനലുകള്‍ അരുംകൊല ചെയ്തത്. ഏഴാംപ്രതി വിപിന്‍ദാസിന്റെ കരുവാന്‍പടിക്കടുത്തുള്ള ഒഴിഞ്ഞ വീട്ടിലും ഒന്നാം പ്രതി സുമേഷിന്റെ വീടിനടുത്തുള്ള "കുരുക്ഷേത്ര" എന്ന് പേരിട്ട ഷെഡിലുമായാണ് ഗൂഢാലോചന നടന്നത്. കൊല നടത്താനുള്ള വാളും പൈപ്പുകളും ഇവിടെയാണെത്തിച്ചത്. അജയന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനേയും കൊലയാളിസംഘം ലക്ഷ്യംവച്ചിരുന്നു. അജയനെ വീടെത്തുന്നതിനുമുമ്പ് ആക്രമിക്കാനായിരുന്നു തീരുമാനം. പേരാമംഗലം സിഐ പി സി ബിജുകുമാര്‍, ഗുരുവായൂര്‍ എസ്ഐ എം ശശിധരന്‍ എന്നിവരും ഷാഡോ പൊലീസംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment