Thursday, November 28, 2013

മോഡിക്കുവേണ്ടി കോര്‍പറേറ്റ് മാധ്യമങ്ങള്‍

രാജ്യത്തെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഒന്നടങ്കം ബിജെപി പക്ഷത്തേക്ക്. ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നരേന്ദ്രമോഡിയെ അമാനുഷിക കഴിവുള്ള നേതാവായി ചിത്രീകരിക്കാന്‍ ഈ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇന്ത്യയെ കരകയറ്റാന്‍ മോഡിക്കു കഴിയുമെന്നാണ് ഒടുവിലത്തെ പ്രചാരണം.

ഓഹരിവിപണിയില്‍ മുന്നേറ്റം ഉണ്ടാകണമെങ്കില്‍ ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തെങ്കിലും ബിജെപി വിജയിക്കണമെന്നും കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രവചിക്കുന്നു. നേരത്തെ കോണ്‍ഗ്രസിനെ പിന്താങ്ങിയിരുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍പോലും ഇപ്പോള്‍ അവരെ കൈവിട്ടു. കോര്‍പറേറ്റുകളുടെയും വന്‍കിട ബിസിനസുകാരുടെയും പാര്‍ടിയാണ് ബിജെപിയെന്ന വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു. ഉദാരവല്‍ക്കരണം കൂടുതല്‍ വേഗത്തിലാക്കാന്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി വരണമെന്നും ഈ മാധ്യമങ്ങള്‍ വാദിക്കുന്നു.

ദേശീയതൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പരിപാടി, തൊഴിലാളിക്ഷേമ പദ്ധതികള്‍ എന്നിവ സമ്പദ്ഘടനയെ തളര്‍ത്തുമെന്നും അതില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കോര്‍പറേറ്റ് മാധ്യമങ്ങളിലെ പംക്തി എഴുത്തുകാര്‍ വാദിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരിമിതമായ മേഖലകളിലാക്കുക എന്ന മോഡിയുടെ നയമാണ് വേണ്ടത്. വ്യവസായികള്‍ക്ക് സൗകര്യമൊരുക്കാന്‍മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. മറ്റ് കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല.

അമേരിക്കയിലും യൂറോപ്പിലും ഈ നയത്തില്‍ പുതുമയില്ല. എന്നാല്‍, ഇന്ത്യയില്‍ ഇത് ധീരമായ നിലപാടാണ്- കോര്‍പറേറ്റുകള്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍മാത്രം ബദ്ധശ്രദ്ധനായ മോഡിയുടെ പ്രവര്‍ത്തനശൈലിയെ മാധ്യമങ്ങള്‍ ഇങ്ങനെ വാഴ്ത്തുന്നു. 2ജി അഴിമതിയും കല്‍ക്കരിപ്പാടം കുംഭകോണവും വെളിപ്പെട്ടതോടെ പരിഭ്രമിച്ചെങ്കിലും ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നടപടികള്‍ വീണ്ടും ശക്തമാക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ സമ്മര്‍ദം ശക്തമാണ്. കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ്, വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള അനുമതി എന്നിവയ്ക്കുള്ള നീക്കം സജീവം.

ഇതിനോട് കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന എതിര്‍പ്പ് ഇല്ലാതാക്കലും ലക്ഷ്യമിട്ടാണ് മാധ്യമങ്ങളുടെ പ്രചാരണം. 2ജി വിതരണം സുപ്രീംകോടതി റദ്ദാക്കുകയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരടക്കം കേസില്‍ കുടുങ്ങുകയുംചെയ്തു. കല്‍ക്കരിപ്പാടം കേസില്‍ കുമാര്‍മംഗലം ബിര്‍ലയും പ്രതിയായി. ഇതെല്ലാം കോര്‍പറേറ്റുകളെ പ്രകോപിപ്പിച്ചു. പക്ഷേ, അഴിമതിക്കെതിരായ നടപടികള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വയം സ്വീകരിച്ചതല്ല. ജനകീയപ്രക്ഷോഭത്തിന്റെ ഫലമായി നില്‍ക്കക്കള്ളിയില്ലാതെ വേണ്ടിവന്നതാണ്.
(സാജന്‍ എവുജിന്‍)

deshabhimani

No comments:

Post a Comment