Wednesday, November 27, 2013

തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതം: എളമരം കരീം

പാലക്കാട്: ചക്കിട്ടപ്പാറ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിനും തനിക്കുമെതിരായി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ വ്യവസായ മന്ത്രിയും സിപിഐ എം നേതാവുമായ എളമരം കരീം. പാലക്കാട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ആരോപണം ഉന്നയിച്ച സുബൈര്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇയാള്‍ക്കെതിരെ പെണ്‍വാണിഭക്കേസും നിരവധി വണ്ടിച്ചെക്ക് കേസുകളുമുണ്ട്. മഞ്ചേരിയിലെ ഒരു വ്യവസായി നല്‍കിയ കേസില്‍ സുബൈര്‍ ആറ് മാസത്തേക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചക്കിട്ടപ്പാറ ഖനന പദ്ധതിയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഖനനക്കമ്പനിയ്ക്കായി വഴിവിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 2009ല്‍ കേന്ദ്ര ഖനിമന്ത്രാലയമാണ് പദ്ധതിയ്ക്ക് അനുമതി നല്‍കിയത്. ഇരുമ്പയിര് ഖനനപദ്ധതിയില്‍ സത്യം മൂടിവെയ്ക്കപ്പെടുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടിയില്‍ മാത്രം അഴിമതിയാരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതമാണ്. തന്റെ ബന്ധുവായ നൗഷാദ് മന്ത്രിയായിരുന്നപ്പോള്‍ തന്നെ സ്വാധീനിച്ച് പലനേട്ടങ്ങളുമുണ്ടാക്കിയെന്ന ആരോപണം ശരിയല്ല. നൗഷാദുമായി അകന്ന ബന്ധമാണുള്ളത്. നൗഷാദിന്റെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ല. ഇയാള്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് തന്നെ ബാധിക്കുന്ന വിഷയമല്ല. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിയേയും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സ്വാധീനിക്കാനാകില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഏത് രീതിയിലുള്ള അന്വേഷണവും സര്‍ക്കാരിന് നടത്താമെന്നും അന്വേഷണത്തെ ഭയമില്ലെന്നും കരീം വ്യക്തമാക്കി.

deshabhimani

No comments:

Post a Comment