Friday, November 29, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അപര്യാപ്തതകള്‍ ഏറെ-ഉപസമിതി

കുറ്റ്യാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അപാകതകള്‍ ഏറെയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍. റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന തിനൂര്, കാവിലുംപാറ വില്ലേജിലെ ജനങ്ങളുടെ പരാതികള്‍ കാവിലുംപാറ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് മനുഷ്യരെ കാണാതെയാണ് നിര്‍മിച്ചത്. കര്‍ഷകരുടെ ജീവിതസാഹചര്യം സംരക്ഷിക്കുന്ന രൂപത്തിലേ ഉപസമിതി നിര്‍ദേശം നല്‍കൂ. പ്രശ്നങ്ങള്‍ പഠിച്ച് രണ്ടാഴ്ചക്കകം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കസ്തൂരിരംഗന്‍ സമിതി ജനങ്ങള്‍ക്കിടയില്‍ പഠനം നടത്തിയിട്ടില്ല. ജനവികാരത്തെ മനസ്സിലാക്കാന്‍ ഇപ്പോഴാണ് ഉപസമിതിക്കും സര്‍ക്കാരിനും കഴിഞ്ഞത്. കാവിലുംപാറയിലെയും തിനൂരിലെയും കര്‍ഷകസംഘടനാ നേതാക്കളും സാധാരണക്കാരും ജനപ്രതിനിധികളും വിവിധ സംഘടനകളും വൈദികരും ഉള്‍പ്പെടെ എഴുനൂറ്റിഅമ്പതോളം പരാതികള്‍ സമിതിക്ക് നല്‍കി.

രാവിലെ എട്ടു മുതല്‍ നൂറ് കണക്കിന് കര്‍ഷകരും സാധാരണക്കാരുമാണ് കാവിലുംപാറ പഞ്ചായത്ത് ഹാളില്‍ എത്തിച്ചേര്‍ന്നത്. കനത്ത പൊലീസ് കാവലുണ്ടായിരുന്നു. ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. കെ കെ ലതിക എംഎല്‍എ, ആര്‍ വിജയന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ്, ഫാദര്‍ ബിനു പുളിക്കന്‍, ജോണ്‍ പൂതക്കുഴി, കെ പി രാജന്‍, ജോണ്‍ കട്ടക്കയം, പി കെ സുരേഷ്, രാജു തോട്ടുംചിറ, കമല ആര്‍ പണിക്കര്‍, സി എം മാത്യു, പി ജെ ജോസ്, ആന്റണി ഇരൂരി, കെ പി അമ്മത്, തങ്കച്ചന്‍ ചീരമറ്റം എന്നിവര്‍ സംസാരിച്ചു. പി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തിനായി പി സുരേന്ദ്രന്‍, ടി പി പവിത്രന്‍, ബ്ലോക്ക് പഞ്ചായത്തിനായി അന്നമ്മ ജോര്‍ജും ജില്ലാ പഞ്ചായത്തിനായി പി ജി ജോര്‍ജും ഇ കെ വിജയന്‍ എംഎല്‍എയും സമിതിക്ക് കസ്തൂരിരംഗന്‍ കമ്മിറ്റി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന് അദ്ദേഹം കൂരാച്ചുണ്ടില്‍ പറഞ്ഞു. ആശങ്കകള്‍ ശാസ്ത്രീയമായി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളോടെയായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ പൊതുജനങ്ങളില്‍നിന്നും കര്‍ഷകരില്‍നിന്നും തെളിവെടുത്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ഭൂമിയുടെ രേഖകളടക്കം പരിശോധിക്കും. പ്രായോഗിക ബുദ്ധിമുട്ടുകളാണ് നാട്ടുകാര്‍ അറിയിച്ചത്. അവര്‍ സമര്‍പ്പിച്ച പരിഹാര നിര്‍ദേശങ്ങളും സമിതി പരിഗണിക്കും-അദ്ദേഹം പറഞ്ഞു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി സി സിറിയക്കും പരാതികള്‍ക്ക് മറുപടി പറഞ്ഞു.

പരാതി പ്രളയം

ബാലുശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിക്കുമുന്നില്‍ പരാതി പ്രളയം. മലയോര ജനതയുടെ കടുത്ത ആശങ്കയും റിപ്പോര്‍ട്ടിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും സൂചിപ്പിക്കുന്നതായിരുന്നു വ്യാഴാഴ്ച കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ വിദഗ്ധ സമിതിക്ക്മുന്നില്‍ പരാതിയുമായി എത്തിയ ജനക്കൂട്ടം. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പകല്‍ 11.30ഓടെയാണ് തെളിവെടുപ്പിനായി കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലെത്തിയത്. നൂറ്കണക്കിന് നാട്ടുകാരും രാഷ്ട്രീയപാര്‍ടി പ്രതിനിധികളും കെ കുഞ്ഞമ്മദ് എംഎല്‍എ, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനില്‍, അഗസ്റ്റിന്‍ കാരാക്കട എന്നിവരടക്കമുള്ള ജനപ്രതിനിധികളും പരാതി നല്‍കാനെത്തി. ഫാ. ജോസഫ് കൊഴുവനാനിക്കല്‍, സിപിഐ എം കൂരാച്ചുണ്ട് ലോക്കല്‍ സെക്രട്ടറി വി ജെ സണ്ണി, ജോയി കുര്യന്‍(കോണ്‍ഗ്രസ് ഐ), ആവള ഹമീദ്(മുസ്്ലിംലീഗ്) തുടങ്ങിയവര്‍ വിദഗ്ധ സമിതിക്കുമുമ്പാകെ ജനങ്ങളുടെ ആശങ്കകള്‍ അവതരിപ്പിച്ചു.

തിനൂര്‍ വില്ലേജിനെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്നും ഒഴിവാക്കുക

കുറ്റ്യാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ബാധകമല്ലാത്ത തിനൂര്‍ വില്ലേജിനെ കസ്തൂരിരംഗന്‍ കമ്മീഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് ഭരണ സമിതി പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടി പി പവിത്രന്റെ അധ്യക്ഷതയില്‍ നടന്ന ഭരണ സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് എ പി ബീന പ്രമേയം അവതരിപ്പിച്ചു. ലില്ലി ജോര്‍ജ്, സി കെ നാണു എന്നിവര്‍ പിന്‍താങ്ങി.

13 ശതമാനം മാത്രം വനമേഖലയുള്ള 35.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തിനൂര്‍ വില്ലേജ് പൂര്‍ണമായി കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്. ഈ മേഖലയില്‍ ഒട്ടനവധി പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിലങ്ങാട് ഉള്‍പ്പെടെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നടന്നുവരികയാണ്. ഒമ്പത് അങ്കണവാടികളും ആറ് വായനശാലയും ഒമ്പത് ആരാധനാലയങ്ങളും രണ്ട് സ്കൂളും ഒരു ഹൈഡ്രജന്‍ പ്രൊജക്ടും റബ്ബര്‍, തെങ്ങ്കൃഷി, മറ്റ് ഇടവിള കൃഷികളുമുള്ള ഇവിടെ പൂര്‍ണമായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ജനതക്ക് ജീവിതത്തിന് തന്നെ ഭീഷണിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ജനങ്ങളുമായി സംവദിക്കാതെ ജനപ്രതിനിധികളുമായി ആലോചിക്കാതെ നടപ്പാക്കുന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ മാറ്റം വരുത്തി തിനൂര്‍ വില്ലേജിനെ പൂര്‍ണമായും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.കാവിലുംപാറ പഞ്ചായത്തിലെ പതിനാറ് ഗ്രാമസഭകളും ഏകകണ്ഠേന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന പരാതി സ്വീകരിക്കാനെത്തിയ ഉപസമിതിയോട് ആവശ്യപ്പെട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് സമഗ്രമായി ചര്‍ച്ച ചെയ്യാനായി നടന്ന ഗ്രാമസഭയില്‍ വന്‍ജനപങ്കളിത്തമായിരുന്നു.

deshabhimani

No comments:

Post a Comment