Sunday, December 29, 2013

വധേരയുടെ ഇടപാടില്‍ കോണ്‍ഗ്രസിന് മൗനം

ന്യൂഡല്‍ഹി: ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ പെട്ടെന്ന് വെളിപാടുണ്ടായ രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും റോബര്‍ട്ട് വധേരയുടെ അനധികൃത ഭൂമി ഇടപാടുകളുടെ കാര്യത്തില്‍ നിശബ്ദത. ആദര്‍ശ് കുംഭകോണത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കുറ്റക്കാരാക്കിയുള്ള അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തു വന്നിരുന്നു. വധേരയുടെ തട്ടിപ്പ് സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്തു. ഗുഡ്ഗാവില്‍ 3.5 ഏക്കര്‍ ഭൂമി ചെറിയ വിലയ്ക്ക് വാങ്ങിയശേഷം വന്‍ലാഭത്തിന് ഡിഎല്‍എഫ് എന്ന നിര്‍മാണ കമ്പനിക്ക് വധേര മറിച്ചുവില്‍ക്കുകയായിരുന്നു. ഇടപാടില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ അശോക് ഖെംക എന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ കേസുമായി നീങ്ങുകയാണ് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും രംഗത്തുവന്നു. എന്നാല്‍, വധേരയുടെ ഭൂമി ഇടപാടുകളോട് പ്രതികരിക്കാന്‍ സോണിയയും ഇതുവരെ തയ്യാറായിട്ടില്ല.

ഗുഡ്ഗാവിലെ ഭൂമി ഇടപാടിനു പുറമെ രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ വധേര നടത്തിയ ഭൂമി ഇടപാടുകളും സംശയത്തിന്റെ നിഴലിലാണ്. ഈ ഇടപാടുകളെ കുറിച്ച് അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍. ഹരിയാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകനെന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ സംവിധാനവും ദുരുപയോഗപ്പെടുത്തിയായിരുന്നു ഇടപാടുകള്‍. മഹാരാഷ്ട്രയിലെ മറാത്തവാദ മേഖലയില്‍ സ്വാധീനമുള്ള മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ പുറത്താക്കുന്ന നിലയിലേക്ക് രാഹുല്‍ നീങ്ങുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വ്യാപകമായ അതൃപ്തിയുണ്ട്. ചവാന്‍ അല്ലാതെ മേഖലയില്‍ നിന്ന് കോണ്‍ഗ്രസിന് മറ്റ് നേതാക്കളില്ലെന്ന് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ചവാനെ അകറ്റുന്നത് ബിജെപി-ശിവസേനാ സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ നടപടി തെറ്റെന്ന് രാഹുല്‍ വിമര്‍ശിച്ചശേഷവും തിരക്കിട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. മന്ത്രിസഭാ അംഗങ്ങളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നാണ് പ്രഥ്വിരാജ് ചവാന്‍ പ്രതികരിച്ചിട്ടുള്ളത്.

വധേരയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ഐഎഎസുകാരനായ ഖെംകയ്ക്കെതിരെ ഹരിയാന സര്‍ക്കാര്‍ നടപടിയെടുത്തു. പല വകുപ്പുകളിലേക്ക് മാറ്റിയശേഷം നിലവില്‍ ഖെംകയ്ക്കെതിരെ കേസുമായി മുന്നോട്ടുനീങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആംആദ്മി പാര്‍ടി രൂപീകരിച്ചശേഷം അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ ആദ്യം പ്രചാരണായുധമാക്കിയ വിഷയത്തിലൊന്നാണ് വധേരയുടെ ഭൂമി ഇടപാടുകള്‍. ഗുഡ്ഗാവിലെ ഇടപാടുകള്‍ക്കു പിന്നാലെ രാജസ്ഥാനിലെ വധേരയുടെ ഭൂമി ഇടപാടുകളും പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. ഗുഡ്ഗാവിലെ അനധികൃത ഭൂമി ഇടപാടിലൂടെ വധേര നേടിയത് 50 കോടിയിലേറെ രൂപയാണ്. ഓംകാരേശ്വര്‍ ഗ്രൂപ്പില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് 2008 ഫെബ്രുവരിയിലാണ് വധേരയുടെ സ്കൈലൈറ്റ് ഗ്രൂപ്പ് മൂന്നര ഏക്കര്‍ വാങ്ങിയത്. രണ്ടുമാസത്തിനകം ഈ ഭൂമി ഡിഎല്‍എഫിന് 53 കോടി രൂപയ്ക്ക് മറിച്ചുവിറ്റു. ഡിഎല്‍എഫ് നല്‍കിയ അഡ്വാന്‍സ് തുക ഉപയോഗിച്ചാണ് ഓംകാരേശ്വര്‍ ഗ്രൂപ്പിന് നല്‍കിയ ഏഴരക്കോടി വധേര നല്‍കിയത്. അഞ്ചുപൈസ പോലും മുതല്‍മുടക്കില്ലാതെ രണ്ടുമാസം കൊണ്ട് വധേര സ്വന്തമാക്കിയത് 50.5 കോടി രൂപയാണ്. ഡിഎല്‍എഫിന് ഗുഡ്ഗാവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഹരിയാന സര്‍ക്കാരിന്റെ അനുമതി വധേര വഴി വേഗത്തില്‍ നേടാനായി.

deshabhimani

No comments:

Post a Comment