Monday, December 23, 2013

ആക്രമിക്കപ്പെടുന്ന യുവജനങ്ങള്‍

തൊഴിലെടുക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍പോലും നിര്‍ലജ്ജം ലംഘിക്കപ്പെടുമ്പോള്‍ പോരാട്ടമല്ലാതെ പോംവഴിയില്ല. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന നയങ്ങള്‍ രാജ്യത്തെ യുവാക്കളെയാകെ തൊഴിലില്ലായ്മയുടെ ആഴക്കടലിലേക്ക് തള്ളിയിടുന്നു. രാജ്യത്തെ തൊഴില്‍ സംസ്കാരത്തില്‍ത്തന്നെ ഇപ്പോള്‍ കാതലായ മാറ്റമുണ്ടായി. പൊതുമേഖലയും സര്‍ക്കാര്‍ സേവനസംവിധാനങ്ങളും നാള്‍ക്കുനാള്‍ ചുരുങ്ങിച്ചുരുങ്ങിവരുന്നു. നിയമന നിരോധനം രാജ്യത്താകെ നയമായി മാറി. സ്വകാര്യമേഖലകള്‍ രാജ്യത്തെ വിഴുങ്ങുന്നു. കരാര്‍ജോലിയും ദിവസക്കൂലി ജോലിയും വര്‍ധിച്ചു. സ്ഥിരംജോലിയും സ്ഥിരംജീവനക്കാരും പഴങ്കഥയായി മാറി.

പെന്‍ഷനും തൊഴില്‍സുരക്ഷയും മറ്റാനുകൂല്യങ്ങളും ഇല്ലാത്ത സഹചര്യം സൃഷ്ടിക്കപ്പെടുന്നു. സാമൂഹ്യസുരക്ഷിതത്വത്തിന്റെയും സാമൂഹിക വളര്‍ച്ചയുടെയും അവശ്യഘടകമായ സംവരണം നവതൊഴില്‍മേഖലയില്‍ തീരെയില്ല. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായമായ ഇന്ത്യന്‍ റെയില്‍വേയില്‍ 1990-91 കാലഘട്ടത്തില്‍ 16.51 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2013ല്‍ ഇത് 11.82 ലക്ഷമായി കുറഞ്ഞു. 20 വര്‍ഷംകൊണ്ട് പുതിയ റെയില്‍വേസ്റ്റേഷനുകള്‍, നിരവധി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാളങ്ങള്‍, നിരവധി പുതിയ വണ്ടികള്‍ തുടങ്ങി ഇന്ത്യന്‍ റെയില്‍വേ അനുദിനം വികസിച്ചിട്ടും തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ ഭീമമായ കുറവ് നവലിബറല്‍നയങ്ങളുടെ തൊഴില്‍മേഖലയിലെ സ്വാധീനം തുറന്നുകാണിക്കുന്നു.

സമാനസ്ഥിതിയാണ് ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലും മറ്റു പൊതുമേഖലാ വ്യവസായങ്ങളിലും. പൊതുമേഖലാ ബാങ്കുകളില്‍ ഒന്നരലക്ഷത്തിലധികം ഒഴിവുകളാണ് നികത്തപ്പെടാതിരിക്കുന്നത്. കേരളത്തിലെ ആകെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 71,134 ആണ്. ആകെ വേണ്ടത് 1,07,000 പേരും. 36,000ല്‍പരം ഒഴിവാണ് കേരളത്തില്‍മാത്രമുള്ളത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ എണ്ണം അനുദിനം പെരുകുന്നു. അവിടെയാകട്ടെ തൊഴില്‍സുരക്ഷയോ, മിനിമം കൂലിയോ, മറ്റാനുകൂല്യങ്ങളോ ഇല്ല. കേരളത്തില്‍ 37.09 ലക്ഷം അഭ്യസ്തവിദ്യരാണ് എംപ്ലോയ്മെന്റ്എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. ലോകത്തിലേറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുടെ സാന്ദ്രതയുള്ളത് കേരളത്തിലാണ്. ഒഴിവുകള്‍ ഇപ്പോള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

പിഎസ്സിയുടെ കണക്കുപ്രകാരം 19,541 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ ഒഴിവുകളില്‍ നിയമനം നടത്താനുള്ള ഒരുവിധ നടപടിയുമില്ല. വിവിധ റാങ്ക് ലിസ്റ്റുകളില്‍ നിയമനം കാത്തിരിക്കുന്നവര്‍ 32,877 പേരുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധിയും റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടുന്ന സര്‍ക്കാര്‍ യുവാക്കളെ വ്യോമോഹങ്ങളില്‍ തളച്ചിടുകയാണ്. നിയമനങ്ങള്‍ നടത്താതെ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് വഞ്ചനയാണ്. പിഎസ്സി വഴി നിയമനങ്ങളൊന്നും നടത്താത്ത സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറി. പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏകദേശം 50,000 പേര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം കൊടുത്തു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് യോഗ്യതയില്ലാത്തവരെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റുന്നത് പതിവായി. വിവിധ വകുപ്പുകളില്‍ ദീര്‍ഘകാലമായി ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതും നിത്യസംഭവമായിരിക്കുന്നു.

ഏറ്റവുമൊടുവില്‍ ഓപ്പണ്‍ സ്കൂളില്‍ നിയമാനുസൃതം പൊതുനിയമന മാനദണ്ഡങ്ങളനുസരിച്ച് നിയമനം ലഭിച്ചവരും അഞ്ചു മുതല്‍ 13 വര്‍ഷംവരെ സര്‍വീസുള്ളവരുമായ 65 ജീവനക്കാരെ 2013 നവംബര്‍ 19 മുതല്‍ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയുടെ താല്‍പ്പര്യപ്രകാരമാണ് തൊഴിലാളിവിരുദ്ധവും അന്യായവുമായ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദീര്‍ഘകാലമായി താല്‍ക്കാലികമായി ജോലിചെയ്യുന്നവരെയും കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാം യുപിഎയുടെഭഭരണത്തിന്‍ കീഴില്‍ ഇന്ത്യ അഴിമതിയുടെ രാജ്യമായി മാറി. 2ജി സ്പെക്ട്രം, കല്‍ക്കരി ഖനനം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഐപിഎല്‍ കോഴ, ആദര്‍ശ് ഫ്ളാറ്റ്, ടട്ര ട്രക്ക് ഇടപാട് തുടങ്ങി അഴിമതിയുടെ പട്ടികയില്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ കോണ്‍ഗ്രസിനായി.

മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരും അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ടതും പ്രധാനമന്ത്രിയുടെ ഓഫീസുപോലും അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ തങ്ങളും ഒട്ടും പിറകിലല്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും തെളിയിച്ചു. സോളാര്‍തട്ടിപ്പ്, ഭൂമികുംഭകോണം, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ടു. അധികാരം ഉപയോഗിച്ച് അഴിമതിക്കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സിവില്‍സപ്ലൈസ് വഴി സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുവിതരണമേഖലതന്നെ അഴിമതിയുടെ കൂത്തരങ്ങായി. എഫ്സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു. അഴിമതി ആരോപണത്തില്‍ മുങ്ങിയ സിവില്‍സപ്ലൈസ് എംഡിക്ക് രാജിവയ്ക്കേണ്ടിവന്നു. ഉത്സവകാലങ്ങളില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്ഥാപിച്ച പ്രത്യേക വിപണനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. മുഖ്യമന്ത്രിമുതല്‍ മന്ത്രിസഭയിലെ എല്ലാവരും അഴിമതി ആരോപണത്തിന് വിധേയരായിരിക്കുന്നു. കയര്‍വികസനത്തിന്റെ പേരില്‍ മന്ത്രി അടൂര്‍ പ്രകാശും കയര്‍വകുപ്പ് സെക്രട്ടറി റാണി ജോര്‍ജും പരിവാരങ്ങളും കോടികള്‍ പൊടിച്ചുനടത്തിയ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്. കോര്‍പറേറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം ലക്ഷക്കണക്കിനു കോടി രൂപ നികുതിയിളവ് നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള എല്ലാവിധ സബ്സിഡികളും എടുത്തുകളയുന്നു. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായവും രാസവള സബ്സിഡിയും അട്ടിമറിക്കപ്പെട്ടു.

രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നു. രാജ്യത്തിന്റെ വിപണിയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാരിന് വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിനും ബിജെപിക്കും കോര്‍പറേറ്റുകള്‍ വന്‍തോതില്‍ ഫണ്ട് നല്‍കുന്നുണ്ട്. 2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസിന് 1492.36 കോടി രൂപയും ബിജെപിക്ക് 769.82 കോടി രൂപയും കോര്‍പറേറ്റുകളില്‍നിന്ന് ഫണ്ട് ലഭിച്ചു. അതുകൊണ്ടുതന്നെ ഈ രണ്ടു കക്ഷികളുടെയും ഭരണത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ധനകമ്മി ചുരുക്കാനെന്ന പേരില്‍ വിദ്യാഭ്യാസമേഖലയുടെ പദ്ധതിവിഹിതത്തില്‍നിന്ന് 4000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് പഠിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്.

വിലക്കയറ്റത്തിന്റെ മുഖ്യകാരണം അടിക്കടിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനയാണ്. പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിനുശേഷം വിറക് കത്തിച്ച് പാചകംചെയ്യാനാണ് പ്രധാനമന്ത്രി ആഹ്വാനംചെയ്യുന്നത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള പെട്രോളിയം ഖനനമേഖലയിലെ സ്വകാര്യകുത്തകകളുടെ ലാഭം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്നത്. ജനവിരുദ്ധതയുടെ പ്രതീകമായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധഃപതിക്കുമ്പോള്‍ ക്ഷുഭിതയൗവ്വനത്തിന് തെരുവിലിറങ്ങേണ്ടി വരുന്നു. സമരമല്ലാതെ, ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ മറ്റുവഴികളില്ലെന്ന തിരിച്ചറിവില്‍ പ്രക്ഷോഭത്തിന്റെ പതാകയേന്തുകയാണ്.

എം സ്വരാജ്

No comments:

Post a Comment