Saturday, December 21, 2013

കളിമണ്‍പാത്രനിര്‍മാണ മേഖല പ്രതിസന്ധിയില്‍

തൃശൂര്‍: കളിമണ്‍പാത്ര നിര്‍മാണമേഖലയിലുള്ള കുടുംബങ്ങള്‍ തൊഴിലും കൂലിയുമില്ലാതെ ദുരിതത്തില്‍. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നില്‍ നില്‍ക്കുന്ന ഈ വിഭാഗത്തിന് കുലത്തൊഴില്‍പോലും തുടരാനാവാത്ത അവസ്ഥയാണ്. സര്‍ക്കാരിന്റെ വിലക്കുകളും നിബന്ധനകളും ഇവരുടെ ജീവിതമാര്‍ഗമടയ്ക്കുമ്പോഴും പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യമോ സംവരണമോ ഇവര്‍ക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാതെ പരിതാപകരമായ അവസ്ഥയിലാണ് ഇവരുടെ കോളനികള്‍.

ജില്ലയില്‍ 31 കുംഭാരകോളനികളാണുള്ളത്. മണ്‍പാത്രങ്ങള്‍ അടുക്കളകളില്‍നിന്ന് അപ്രത്യക്ഷമായതും വിപണിയില്‍ വില ലഭിക്കാത്തതുമല്ല ഇവരുടെ പ്രധാന വെല്ലുവിളി. വിലക്കുകളും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടുംമൂലം മണ്‍പാത്രം നിര്‍മിക്കാനുള്ള മണ്ണ് ലഭിക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് കുംഭാരത്തൊഴിലാളികള്‍ പറയുന്നു. മണ്ണ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരെ സഹായിക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ തരിശിടുന്ന ഭൂമിയില്‍നിന്നുപോലും പണംകൊടുത്ത് കളിമണ്ണ് ശേഖരിക്കാന്‍ ഇവരെ അനുവദിക്കുന്നില്ല. മണ്ണെടുക്കാന്‍ ജിയോളജി വകുപ്പില്‍നിന്ന് അനുവാദം ലഭിച്ചാലും വാഹനങ്ങളില്‍ കൊണ്ടുവരാന്‍ പൊലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില്ലേജിലും പഞ്ചായത്തിലും അപേക്ഷ നല്‍കിയാല്‍ കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍ക്ക് തരിശുനിലങ്ങളില്‍ നിന്ന് മണ്ണെടുക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് പല ആശ്വാസ പദ്ധതികളും കൊണ്ടുവന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളുള്‍പ്പെടെ മണ്ണ് മാഫിയകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നടപടികള്‍ സ്വീകരിച്ചപ്പോഴും കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് മണ്ണ് ശേഖരിക്കാന്‍ സൗകര്യം നല്‍കി. ചരിത്രത്തിലാദ്യമായി മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി വഴി പെന്‍ഷന്‍ അനുവദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെ മണ്‍പാത്രനിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിപ്ലോമ കോഴ്സ് തുടങ്ങാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഇതും എങ്ങുമെത്തിയില്ല. സാമ്പത്തിക സര്‍വേ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നാലുവര്‍ഷമായിട്ടും സര്‍വേ തുടങ്ങിയില്ല. ഇത്തരം വിഭാഗങ്ങള്‍ക്ക് സംവരണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാരിന്റെ കൈയില്‍ റിപ്പോര്‍ട്ടുകളൊന്നുമില്ലാത്തത് തടസ്സമായപ്പോള്‍ ഇത് പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോക്കവിഭാഗ സമിതിക്ക് രൂപം നല്‍കി. തുടര്‍നടപടികള്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുണ്ടത്തിക്കോട് മേഖലയില്‍ ക്ലസ്റ്റര്‍ രൂപീകരിക്കുകയും കളിമണ്‍പാത്ര നിര്‍മാണമേഖലയിലുള്ള 63 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും ഉപകരണങ്ങളും നല്‍കുകയും ചെയ്തു. ഗുരുവായൂരിലും ശബരിമലയിലും കളിമണ്‍ ഉപയോഗിച്ചുള്ള പാത്രങ്ങളും കരകൗശല വസ്തുക്കളും വില്‍ക്കാന്‍ സ്റ്റാളുകള്‍ തുടങ്ങാന്‍ നടപടിയെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

കെ എം നൗഷാദ് deshabhimani

No comments:

Post a Comment