Sunday, December 29, 2013

തോട്ടംമേഖലയിലെ അവകാശ സമരങ്ങളില്‍ശ്രദ്ധേയ സാന്നിധ്യമായ റോസമ്മ പുന്നൂസ്

വണ്ടിപ്പെരിയാര്‍: തേയില തോട്ടംമേഖലയില്‍ അടിമതുല്യം പണിയെടുത്ത തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടേയും ട്രേഡ് യൂണിയന്റെയും നേതാവായിരുന്ന റോസമ്മപുന്നൂസ് പ്രമുഖ പങ്ക് വഹിച്ചു. മൂന്നാറിലും പീരുമേട്ടിലും തൊഴില്‍ മേഖലയില്‍ ഇടപെട്ട് സജീവ സാന്നിധ്യമായിരുന്നു ഈ ധീര വനിത. വണ്ടിപ്പെരിയാര്‍ പശുമല തോട്ടത്തില്‍ നടന്ന പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് റോസമ്മ പുന്നൂസിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളാണ് ഇടത്തൊഴിലാളി സംഘടന ശക്തിപ്പെടാന്‍ ഇടയാക്കിയത്. 1952 ഏപ്രില്‍ 22നാണ് തിരു-കൊച്ചി കോണ്‍ഗ്രസ് പശുമല തോട്ടത്തിലെ രണ്ട് തൊഴിലാളികളെ വെടിവച്ച് കൊന്നത്. വെടിവെപ്പ്നടക്കുന്ന കാലത്ത് ഇടത് തൊഴിലാളി സംഘടനയ്ക്ക് പീരുമേട്ടില്‍ സ്വാധീനം കുറവായിരുന്നു. തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഒരുപിടി അരി നല്‍കുന്ന പിള്ളപ്പതിവ് സമ്പ്രദായം പശുമല ട്രാവന്‍കൂര്‍ ടീ കമ്പനി ഉടമ ഏകപക്ഷീയമായി നിര്‍ത്തി. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം എം സുന്ദരത്തിന്റെ നേതൃത്വത്തില്‍ മാനേജര്‍ ബംഗ്ലാവിലേക്ക് ഐഎന്‍ടിയുസി മാര്‍ച്ച് നടത്തി. അരിവിതരണ കേന്ദ്രത്തില്‍ നിന്നും തൊഴിലാളികള്‍ അരി പിടിച്ചെടുത്തു. തുടര്‍ന്ന് മാനേജ്മെന്റ് ഗുണ്ടകളും പൊലീസും ഭീകര മര്‍ദനം അഴിച്ചുവിട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ഐഎന്‍ടിയുസി നേതൃത്വത്തില്‍നെല്ലിമല, ഇഞ്ചിക്കാട്, പേക്കാനം, ചന്ദ്രവനം, തങ്കമല, മഞ്ചുമല തുടങ്ങി വിവിധ എസ്റ്റേറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് നിറയൊഴിച്ചു. മാധവന്‍, പൊന്നയ്യന്‍ എന്നീ തൊഴിലാളികള്‍ മരിച്ചു. തുടര്‍ന്ന് ഭീകര നരനായാട്ടാണ് പൊലീസും മാനേജ്മെന്റ് ഗുണ്ടകളും നടത്തിയത്. ഇതോടെ തൊഴിലാളികള്‍ കാട്ടിലേക്ക് ഓടിപ്പോയി. ഇതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. പാര്‍ടി പശുമലയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ റോസമ്മപുന്നൂസ്, അബ്ദുള്‍വഹാബ് എന്നിവര്‍ സംസാരിച്ചു. സമാനമായ പ്രശ്നങ്ങള്‍ മൂന്നാര്‍ മേഖലയിലും ഉണ്ടായിരുന്നു. തോട്ടം ഉടമയ്ക്കുവേണ്ടി തൊഴിലാളികളെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. പൊലീസ് വെടിവെപ്പിലും നരനായാട്ടിനുമെതിരെ മുന്‍നിരയില്‍നിന്ന് റോസമ്മ പുന്നൂസ് പോരാടിയിരുന്നതായി ആദ്യകാല നേതാക്കള്‍ അനുസ്മരിക്കുന്നു.

deshabhimani

No comments:

Post a Comment