Sunday, January 26, 2014

ജാതിവിലക്ക്: നുണയുടെ "ട്രൂകോപ്പി"യുമായി മാതൃഭൂമി

കണ്‍മുന്നില്‍ നടക്കുന്ന സംഭവങ്ങളെ കണ്ടില്ലെന്ന് നടിച്ച് സിപിഐ എമ്മിനെതിരെ മാതൃഭൂമി വീണ്ടും വിഷം ചീറ്റുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതിയ ലക്കത്തിന്റെ (ജനുവരി 26) അവസാന പേജിലെ "ട്രൂകോപ്പി" എന്ന പതിവ് പംക്തിയിലാണ് പാര്‍ടിയെയും എകെജിയെയും അധിക്ഷേപിച്ച് അച്ചുനിരത്തിയത്. ജാതിയുടെ പേരില്‍ പഞ്ചവാദ്യകലാകാരനായ കല്ലൂര്‍ ബാബുവിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.

ബാബുവിന്റെ വിലക്കിനെതിരെ ശബ്ദിക്കാന്‍ എകെജിയുടെ പാര്‍ടി ഇന്നില്ല എന്നാണ് കണ്ടെത്തല്‍. പഞ്ചവാദ്യത്തില്‍ ഇലത്താളം കൊട്ടാനെത്തിയ ബാബുവിനെ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മടക്കി അയച്ചതിനെത്തുടര്‍ന്ന് നടന്ന എല്ലാ സമരത്തിന്റെയും മുന്‍നിരയില്‍ സിപിഐ എമ്മും ഇടതുപക്ഷപ്രസ്ഥാനവുമാണുള്ളത്. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ ബാബുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രതിഷേധ പഞ്ചവാദ്യം സംഘടിപ്പിച്ചത് ഡിവൈഎഫ്ഐയാണ്. സിപിഐ എമ്മിന്റെ പ്രമുഖ നേതാക്കളും പങ്കെടുത്തു.

ഇതൊക്കെ പകല്‍പോലെ വ്യക്തമാണെങ്കിലും എകെജിയെ പോലും അധിക്ഷേപിച്ച്, "ആ ഗോപാലന്റെ പാര്‍ടി ഇപ്പോള്‍ മിണ്ടുന്നില്ല" എന്നാണ് മാതൃഭൂമി സ്ഥാപിക്കാന്‍ ശ്രമിച്ചത്. പ്രശ്നത്തോട് പൊതുസമൂഹവും മുഖ്യധാര മാധ്യമങ്ങളും നിസ്സംഗത പുലര്‍ത്തിയെന്നും; മാധ്യമങ്ങളുടേത് കുറ്റകരമായ മൗനമാണെന്നും പംക്തിയില്‍ പറയുന്നുണ്ട്. എന്നാല്‍ ആ അനാസ്ഥ കാട്ടിയത് മാതൃഭൂമിയും മനോരമയുമാണ് എന്നതാണ് സത്യം. വിലക്കിന്റെ വാര്‍ത്ത ഈ പത്രങ്ങള്‍ പ്രാദേശിക പേജിലൊതുക്കി. ജനുവരി 15ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ എല്ലാ എഡിഷനിലും വിലക്ക്് ഒന്നാംപേജ് വാര്‍ത്തയായിരുന്നു.

21ന്റെ ദേശാഭിമാനിയിലെ ഒന്നാം പേജ് സ്കൂള്‍ കലോത്സവ വാര്‍ത്തയും കല്ലൂര്‍ ബാബുവിന്റെ വിലക്കിനെ മുന്‍നിര്‍ത്തി തയ്യാറാക്കിയതാണ്. കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി വി ചന്ദ്രമോഹനനാണ് കല്ലൂര്‍ ബാബുവിന് വിലക്ക് കല്‍പ്പിച്ചത്. ഭ്രഷ്ട് കല്‍പ്പിച്ചതിനെക്കുറിച്ച് വിരമിച്ച ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് പറയേണ്ടിവന്നത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ സംഘടനകളുടെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ്.

കെ ആര്‍ അനുകുല്‍

അനാചാരത്തിന് താക്കീതായി "രണ്ടാം സത്യഗ്രഹം" 

No comments:

Post a Comment