Friday, January 31, 2014

ആധാര്‍ തല്‍ക്കാലമില്ല

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ എണ്ണം പ്രതിവര്‍ഷം ഒമ്പതില്‍നിന്ന് പന്ത്രണ്ടായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എല്‍പിജി സബ്സിഡി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തല്‍ക്കാലം മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പാചകവാതകരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കെതിരെ കേരളത്തിലടക്കം വ്യാപകപ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ മരവിപ്പിച്ചതും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതും. തെരഞ്ഞെടുപ്പ് അടുത്തെത്തിയതും സര്‍ക്കാറിന്റെ താല്‍ക്കാലികപിന്മാറ്റത്തിന് കാരണമായി. നേരത്തെ നിയന്ത്രണമില്ലാതെ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം തുടക്കത്തില്‍ ആറായി നിയന്ത്രിക്കുകയായിരുന്നു. ജനരോഷത്തെത്തുടര്‍ന്ന് ഇത് ഒമ്പതാക്കി. എന്നാല്‍, ഇതും അപര്യാപ്തമെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പന്ത്രണ്ടാക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിയുടേതാണ് തീരുമാനം.

ഇന്ധന സബ്സിഡി പ്രതിവര്‍ഷം 5000 കോടി കണ്ട് വര്‍ധിക്കാന്‍ തീരുമാനം ഇടയാക്കുമെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ മാത്രമേ പ്രതിവര്‍ഷം 12 സിലിണ്ടര്‍ ലഭിക്കൂ. ഒരുമാസം ഒരു സിലിണ്ടര്‍ എന്ന രീതിയിലാകും നല്‍കുക. പ്രത്യേക സാഹചര്യത്തില്‍ ഒരുമാസത്തില്‍ ഒന്നിലേറെ സിലിണ്ടര്‍ വേണ്ടിവന്നാല്‍ ലഭിക്കില്ല. ആധാര്‍ കാര്‍ഡിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പല സ്ഥലങ്ങളിലും പൂര്‍ത്തിയായിട്ടില്ലെന്ന് മൊയ്ലി പറഞ്ഞു. സബ്സിഡി പണം നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുന്ന നടപടികള്‍ താഴെതട്ടില്‍ പൂര്‍ത്തിയായിട്ടില്ല. സബ്സിഡി അക്കൗണ്ടിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാക്കുന്നത് വിലയിരുത്തുന്ന സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കും. സമിതിയുടെ തീര്‍പ്പ് വരുംവരെ പഴയരൂപത്തില്‍ ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ ലഭിക്കും- മൊയ്ലി പറഞ്ഞു. എന്നാല്‍, ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ ഗൗരവമായി മുന്നോട്ടുപോകാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ പദ്ധതികള്‍ സുതാര്യമായി നടപ്പാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ആധാര്‍ പദ്ധതിക്കായി 3494 കോടി രൂപ സര്‍ക്കാര്‍ ഇതിനോടകം ചെലവഴിച്ചതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 53 കോടി ആളുകള്‍ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു. പദ്ധതികളുടെ ഗുണഫലം കിട്ടാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവ് തിരുത്തണമെന്ന് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റിക്കായി ഹാജരായ മോഹന്‍ പരാശരന്‍ വാദിച്ചു.

എം പ്രശാന്ത് deshabhimani

No comments:

Post a Comment